photo
നിർമ്മാണം നടക്കുന്ന ചെങ്ങൽ -മുട്ടുകണ്ടി -പള്ളിക്കണ്ടം ബണ്ട് റോഡ്

പഴയങ്ങാടി: ജില്ലയിലെ നെല്ലറയായ ഏഴോത്ത് കൈപ്പാട്, കരനെൽ കൃഷിയുടെ അഭിവൃദ്ധിക്കും വയലുകളിലും പറമ്പുകളിലും ഉപ്പുവെള്ളം കയറുന്നത് തടയാനും ബണ്ട് റോഡ് നിർമ്മാണം പുരോഗമിക്കുന്നു. ചെങ്ങൽ -മുട്ടുകണ്ടി -പള്ളിക്കണ്ടം റോഡ് എന്ന പേരിലാണ് ബണ്ട് റോഡ് നിർമ്മാണം നടക്കുന്നത്. ഒരു വർഷം മുമ്പ് ആരംഭിച്ച നിർമ്മാണം അവസാന ഘട്ടത്തിലെത്തി.

ഹാർബർ എൻജിനീയറിംഗ് വകുപ്പ് ഒരുകോടി 20 ലക്ഷം രൂപ ചെലവഴിച്ചാണ് ചെങ്ങൽ പള്ളിക്കണ്ടം കൈപ്പാടിന് കുറുകെയായി 1015 മീറ്റർ നീളത്തിൽ കലുങ്കുകൾ ഉൾപ്പെടെ ബണ്ട് റോഡ് നിർമ്മിക്കുന്നത്. ഇതിന്റെ നിർമ്മാണം പൂർത്തിയാകുന്നതോടെ ചെങ്ങൽ വെസ്റ്റ് ഭാഗത്ത് ഉൾപ്പെടെയുള്ള പ്രദേശത്ത് ഉപ്പുവെള്ളം കയറുന്നത് തടയാൻ സാധിക്കും. 100 ഏക്കറോളം ഉളള കൈപ്പാട് പ്രദേശത്ത് യന്ത വൽകൃത കൃഷിരീതിക്ക് ഏറെ ഗുണം ചെയ്യും. കഴിഞ്ഞ വർഷം തന്നെ പ്രദേശത്തെ കൈപ്പാട് കൃഷിയിൽ മികച്ച വിളവ് ലഭിച്ചിട്ടുണ്ട്.

മത്സ്യക്കൃഷിയും തളിർക്കും

മത്സ്യ കൃഷിക്കും ബണ്ട് റോഡ് ഏറേ ഉപകരിക്കും. ജില്ലാ പഞ്ചായത്തിന്റെ ഫണ്ട് ഉപയോഗിച്ച് പ്രദേശത്തെ തരിശായി കിടക്കുന്ന 50 ഏക്കറോളം കൈപ്പാട് ഇടം കൃഷി യോഗ്യമാക്കിയിട്ടുണ്ട്.

ചെങ്ങൽ -മുട്ടുകണ്ടി -പള്ളിക്കണ്ടം റോഡ് പദ്ധതി ഒരുങ്ങുന്നതോടെ കർഷകർക്ക് ഏറേ ആശ്വാസമാകും. തരിശായി കിടക്കുന്ന കൈപ്പാടിൽ കൃഷിയിറക്കാനും വർഷങ്ങളായി പ്രദേശത്തെ കിണറുകളിലും പറമ്പുകളിലും ഉപ്പുവെളളം കയറുന്നത് തടയാനും സാധിക്കും.

പി. ഗോവിന്ദൻ, ഏഴോം പഞ്ചായത്ത് പ്രസിഡന്റ്