silver
കെ റെയിൽ വിരുദ്ധ ജനകീയ സമിതി പ്രവർത്തകരുടെ പ്രതിഷേധത്തിനിടയിൽ ചൊവ്വ തറച്ചാമ്പറത്ത് റോഡരികിൽ കെ.റെയിൽ സർവ്വേക്കായി പൊലീസ് സംരക്ഷണത്തിൽ കല്ലിടുന്നു

കണ്ണൂർ: സിൽവർ ലൈൻ സർവെ നടത്തി കല്ലിടാനെത്തിയ ഉദ്യോഗസ്ഥരെ ഇന്നലെയും തടയാൻ ശ്രമം. രാവിലെ പത്തരയോടെ മേലേ ചൊവ്വ ധർമ്മസമാജം സ്‌കൂളിന് പിൻവശത്തെ തച്ചാറമ്പത്ത് റോഡ് കണ്ണൂർ ഹോം ടെക്സ്​റ്റയിൽസ് വളപ്പിലുംവാട്ടർ ടാങ്ക് റോഡ് കൈരളി ഹാൻഡ് ലൂം കോമ്പൗണ്ടിലും കല്ലിടാൻ തഹസിൽദാർ വി.കെ.പ്രഭാകരന്റെ നേതൃത്വത്തിൽ ഉദ്യോഗസ്ഥർ എത്തിയതോടെയാണ് കെ റെയിൽ വിരുദ്ധ സമിതിയുടെ നേതൃത്വത്തിൽ നാട്ടുകാർ പ്രതിഷേധം തുടങ്ങിയത്. മുസ്ലിം ലീഗ് നേതാവും കോർപറേഷൻ ഡെപ്യൂട്ടി മേയറുമായ കെ.ഷബീന, മുൻ കൗൺസിലർ എം.ഷഫീഖ്, സമരസമിതി ചെയർമാൻ കെ.ജി.ബാബു, സി.മുഹമ്മദ് ഇംതിയാസ്, ഷാജർ താണ, ഹുസൈൻ കുഞ്ഞി, കരുണാകരൻ, കെ.ധൻരാജ്, സുഷമ, ഗിരീഷൻ നാമത്ത്, അജിത്ത്, നിവേദ് എന്നിവരുടെ നേതൃത്വത്തിലായിരുന്നു പ്രതിഷേധം .

മുന്നറിയിപ്പുമില്ലാതെ സർവെ നടത്തി കല്ലിടാനെത്തിയ സംഘത്തെ തടഞ്ഞതോടെ പൊലീസും സമര സമിതി നേതാക്കളുമായി വാക്കേ​റ്റമായി. എന്നാൽ ടൗൺ സി.ഐ ശ്രീജിത്ത് കേടേരിയിടെ നേതൃത്വത്തിൽ ശക്തമായ പൊലീസ് കാവലിൽ ഉദ്യോഗസ്ഥരും ജോലിക്കാരും തച്ചാറമ്പറത്ത് റോഡ് കണ്ണൂർ ഹോം ടെക്സ്​റ്റയിൽസ് വളപ്പിൽ കല്ലിടൽ പൂർത്തിയാക്കി.

കഴിഞ്ഞ ദിവസം താണ കണ്ണൂക്കരയിൽ ശക്തമായ പ്രതിഷേധം ഉയർന്നിരുന്നു. ഇവിടെ കല്ലിടൽ തടഞ്ഞ സമരസമിതി നേതാക്കളെ അറസ്​റ്റ് ചെയ്താണ് സർവേ തുടർന്നത്. ഈ സാഹചര്യത്തിൽ ഇന്നലെ സർവേ സംഘത്തിന് സുരക്ഷയൊരുക്കാൻ വൻ പൊലീസ് സന്നാഹമാണുണ്ടായിരുന്നത്. പദ്ധതിയെ കുറിച്ച് വ്യക്തതയില്ലാതെ നോട്ടീസ് പോലും നൽകാതെ സർവെയും കല്ലിലും അനുവദിക്കില്ലെന്ന നിലപാടിലായിരുന്നു പ്രതിഷേധക്കാർ.