
ആലക്കോട് : മൂന്നുപതിറ്റാണ്ട് മുമ്പ് ചപ്പാരപ്പടവ് പുഴയ്ക്ക് കുറുകെ നിർമ്മിച്ച മലയോരത്തെ ഏറ്റവും വലിയ പാലം തകർച്ചാഭീഷണിയിൽ. അൻപതു മീറ്റർ നീളമുള്ളതും അഞ്ച് തൂണുകളുള്ളതുമായ ഈ പാലത്തിന്റെ കോൺക്രീറ്റ് ഇളകി കമ്പികൾ ദ്രവിച്ച അവസ്ഥയിലാണ്. പാലം ഉദ്ഘാടനം ഒരു പതിറ്റാണ്ടോളം ടോൾ പിരിച്ചെടുത്തെങ്കിലും പാലത്തിന്റെ അറ്റകുറ്റപ്പണികൾ നടത്തുവാൻ പൊതുമരാമത്ത് വകുപ്പ് തയാറായില്ല.
ഇടക്കോം, പെരുമ്പടവ്, തേർത്തല്ലി മേഖലകളെ തമ്മിൽ ബന്ധിപ്പിക്കുന്ന ഈ പാലം തളിപ്പറമ്പ് നിയോജകമണ്ഡലത്തിലാണ്. മുൻപൊക്കെ വലിയ ഭാരം കയറ്റിയ വാഹനങ്ങൾ വല്ലപ്പോഴും കടന്നുപോയിരുന്നിടത്ത് ഇപ്പോൾ ടൺ കണക്കിന് ഭാരമുള്ള ടോറസ് ലോറികൾ ഇടതടവില്ലാതെയാണ് പാലത്തിലൂടെ കടന്നുപോകുന്നത്.
അടിയന്തിരമായി പാലത്തിന്റെ ബലക്ഷയം സംബന്ധിച്ച് പരിശോധന നടത്തി തുടർനടപടികൾ സ്വീകരിക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.