2024ൽ പൂർത്തിയാകും
കണ്ണൂർ: ദേശീയപാത 66 ആറു വരിപ്പാതയാക്കുന്നതിനുള്ള പ്രവർത്തനങ്ങൾ കണ്ണൂർ ജില്ലയിൽ അതിവേഗം പുരോഗമിക്കുന്നു. പുതിയ ബൈപാസുകൾ, നിരവധി പാലങ്ങൾ, ഫ്‌ളൈ ഓവറുകൾ, വയഡക്ടുകൾ എന്നിവ നിലവിൽ വരുന്നതോടെ നിലവിലെ ദേശീയപാതയുടെ മുഖഛായ തന്നെ മാറും.
ദേശീയപാത ആറു വരിയാക്കലിൽ കാസർകോട് ജില്ലയിലെ നീലേശ്വരം മുതൽ കണ്ണൂർ ജില്ലയിലെ തളിപ്പറമ്പ് വരെ ഒറ്റ റീച്ചാണ്. 40.110 കിലോമീറ്റർ ദൈർഘ്യമുള്ള ഇവിടെ നിർമ്മാണം വേഗത്തിലായിട്ടുണ്ട്. .ഈ റീച്ചിന്റെ പദ്ധതി ചെലവ് 3799.36 കോടി രൂപയാണ് . ഇതിൽ രണ്ട് ഫ്‌ളൈ ഓവർ, അഞ്ച് വയഡക്ട്, ആറ് വെഹിക്കുലാർ അണ്ടർ പാസ് , ഏഴ് ലൈറ്റ് വെഹിക്കുലാർ അണ്ടർ പാസ്, മൂന്ന് വലിയ പാലങ്ങൾ മൂന്ന്, എട്ട് ചെറിയ പാലങ്ങൾ, എന്നിവയാണ് ഈ റീച്ചിൽ ഉള്ളത്.പയ്യന്നൂർ ബൈപാസ് (3.82 കി.മീ), തളിപ്പറമ്പ് ബൈപാസ് (5.660 കി.മീ) എന്നിവയും ഇതിൽപെടും.
ഏഴ് വലിയ പാലങ്ങൾ
ഏഴ് ഫ്‌ളൈ ഓവറുകൾ
നാല് ബൈപാസുകൾ
പയ്യന്നൂർ (3.82 കി.മീ)
തളിപ്പറമ്പ് (5.66 കി.മീ)
കണ്ണൂർ (13.84 കി.മീ)
തലശ്ശേരിമാഹി (18.6 കി.മീ).
തളിപ്പറമ്പ്-മുഴപ്പിലങ്ങാട് റീച്ച് 29.948 കി.മീ
തളിപ്പറമ്പ്- മുഴപ്പിലങ്ങാട് റീച്ച് 29.948 കിലോ മീറ്റർ ദൈർഘ്യത്തിലാണ്. മൊറാഴ, കല്ല്യാശ്ശേരി, പാപ്പിനിശ്ശേരി, ചിറക്കൽ, പുഴാതി, വലിയന്നൂർ, എളയാവൂർ, ചേലോറ, ചെമ്പിലോട്, എടക്കാട്, കടമ്പൂർ, മുഴപ്പിലങ്ങാട് എന്നീ 12 വില്ലേജുകളിലൂടെയാണ് ഈ റീച്ച് കടന്നുപോവുന്നത്. 3311.37 കോടി രൂപയാണ് പദ്ധതി ചെലവ്. അഞ്ച് ഫ്‌ളൈ ഓവർ, അഞ്ച് വയഡക്ട്, വെഹിക്കുലാർ അണ്ടർ പാസ്3, വെഹിക്കുലാർ ഓവർ പാസ്1, ലൈറ്റ് വെഹിക്കുലാർ അണ്ടർ പാസ്3, വലിയ പാലം1, ചെറിയ പാലങ്ങൾ 3, കണ്ണൂർ ബൈപാസ് (13.84 കി.മീ) എന്നിവയാണ് ഈ റീച്ചിലുള്ളത്.
തലശ്ശേരി മാഹി ബൈപാസ് അവസാനഘട്ടത്തിൽ
മുഴപ്പിലങ്ങാട് നിന്നാരംഭിച്ച് കോഴിക്കോട് ജില്ലയിലെ അഴിയൂരിൽ അവസാനിക്കുന്ന 18.6 കിലോ മീറ്റർ വരുന്ന നാല് വരിയിലുള്ള തലശ്ശേരി- മാഹി ബൈപാസ് പ്രവൃത്തി ഏതാണ്ട് പൂർത്തിയാവാറായി. 1300 കോടി രൂപയാണ് ഇതിന്റെ പദ്ധതി ചെലവ്. ധർമ്മടം, തലശ്ശേരി, തിരുവങ്ങാട്, എരഞ്ഞോളി, കോടിയേരി, മാഹി, ചൊക്ലി എന്നിവിടങ്ങളിലൂടെയാണ് ബൈപാസ് കടന്നു പോകുന്നത്.
പയ്യന്നൂർ ബൈപാസ് സ്ട്രക്ചർ പൂർത്തിയാക്കി
വെള്ളൂർ പുതിയങ്കാവിൽനിന്ന് തുടങ്ങി എടാട്ട് കണ്ണങ്ങാട്ട് അവസാനിക്കുന്ന പയ്യന്നൂർ ബൈപാസിന്റെ സ്ട്രക്ച്ചർ പൂർത്തിയായി. പെരുമ്പ പുഴയിൽ പഴയ പാലത്തിന് സമാന്തരമായി നിർമ്മിക്കുന്ന പാലത്തിന്റെ ടെസ്റ്റ് പൈലിംഗും പൂർത്തിയായിട്ടുണ്ട്.
കുപ്പത്ത് ഇറങ്ങി കുറ്റിക്കോലിൽ കയറാം
കുപ്പത്ത് തുടങ്ങി കണിക്കുന്ന് കയറിയിറങ്ങി കീഴാറ്റൂർ വഴി കുറ്റിക്കോലിൽ എത്തിച്ചേരുന്നതാണ് 5.66 കി. മീ നീളമുള്ള തളിപ്പറമ്പ് ബൈപാസ് .കുപ്പത്ത് നിലവിലെ പാലത്തിന് സമാന്തരമായി കടവിന് സമീപം പുതിയ പാലത്തിനായി പൈലിംഗ് തുടങ്ങി.
തുരുത്തിയിൽ പൈലിംഗ് തുടങ്ങി
കണ്ണൂർ ബൈപാസ് 13.84 കി.മീ നീളത്തിലുള്ളതാണ് . പാപ്പിനിശ്ശേരി തുരുത്തിയിൽനിന്ന് ചിറക്കൽ പഞ്ചായത്തിലെ കോട്ടക്കുന്നിലെത്തുന്നതാവും വളപട്ടണം പുഴയിലെ പുതിയ പാലം. ഇതിനായി തുരുത്തിയിൽ പൈലിംഗ് പ്രവൃത്തി ആരംഭിച്ചിട്ടുണ്ട്. വളപട്ടണം പുഴക്ക് കുറുകെ പാലം നിർമ്മിക്കുന്ന സ്ഥലത്തേക്ക് പാപ്പിനിശ്ശേരി തുരുത്തിയിൽനിന്ന് അപ്രോച്ച് റോഡ് നിർമ്മിക്കും.