തലശ്ശേരി: വെള്ള ബനിയനും തോർത്തും ധരിച്ച ആൾക്കൂട്ടമായി ഉത്സവലഹരിയിലമർന്ന് അണ്ടല്ലൂർ ദേശം. ശ്രീരാമചന്ദ്രന്റെ കോലസ്വരൂപമായ ദൈവത്താറീശ്വരന്റെ സഹായികളായ വാനരപ്പടയാണ് ഉത്സവകാലത്ത് ഈ ദേശത്തെ ആൺപ്രജകൾ.
രാമായണത്തിലെ സുന്ദരകാണ്ഡത്തിലും യുദ്ധകാണ്ഡത്തിലും പ്രതിപാദിക്കുന്ന സംഭവങ്ങൾ പ്രതീകാത്മകമായി അണ്ടല്ലൂർ ആടുകയാണ്. . ഇതോടൊപ്പം രാമായണകഥയുമായി ബന്ധമില്ലാത്ത മലക്കാരി, പൊൻമകൻ, പുതുചേകോൻ, വേട്ടക്കൊരുമകൻ, തൂവക്കാലി, നാഗകണ്ഠൻ, നാഗഭഗവതി തുടങ്ങിയ തെയ്യങ്ങളും ഇറങ്ങും. 39 ദൈവങ്ങളെയാണ് ( ഒന്നു കുറവ് നാൽപത്) അണ്ടല്ലൂർകാവിൽ കെട്ടിയാടുന്നത്.
ദൈവത്താർ പൊന്മുടി അണിയുന്നതിന് സാക്ഷിയാകുന്നതാണ് അണ്ടല്ലൂരിന്റെ പ്രധാന ആഗ്രഹം. സാന്ധ്യശോഭയിൽ ഭക്ത ഹൃദയങ്ങൾക്ക് നിർവൃതി പകർന്ന് ദൈവത്താർ ആചാരവെടികളോടെ തറമേൽ കയറി തിരുമുടി അണിയും. ഒപ്പം സഹചാരികളായ അങ്കക്കാരനും( ലക്ഷ്മണൻ ) ബപ്പൂരനും തിരുമുടി അണിയുന്നത് കാണുമ്പോൾ അണ്ടല്ലൂർ ആത്മനിർവൃതിയണിയും.
സീതാ വിരഹത്തിൽ ഉഴലുന്ന ശ്രീരാമനായി ദൈവത്താർ മാറുമ്പോൾ സീതാന്വേഷണത്തിനായി ദേശവാസികളും ചേരുംനു. ക്ഷേത്രമുറ്റത്ത് തിങ്ങിനിറഞ്ഞ വാനരപ്പട ഓംകാര ശബ്ദത്തോടെ മെയ്യാലു കൂടും. ദൈവത്താറോടുള്ള ഐക്യദാർഢ്യത്തിന്റെ പ്രതീകമാണ് മെയ്യാലുകൂടൽ. തങ്ങളും ഒപ്പമുണ്ടെന്ന പ്രഖ്യാപനമാണത്. ദൈവത്താറിനും സഹചാരികൾക്കുമൊപ്പം ക്ഷേത്രമുറ്റം വലംവെക്കുന്ന വാനരപ്പട തങ്ങളുടെ കരുത്ത് പ്രദർശിപ്പിക്കും.
മുടിയണിഞ്ഞശേഷം ഭക്തർക്ക് ദർശനം നൽകുന്ന ദൈവത്താർ നിശ്ശബ്ദമായി സീതയെ അന്വേഷിക്കുന്നു. തുടർന്നുള്ള താക്കോൽ, ചുരിക, ദണ്ഡ്, തെങ്ങിൻകുല, വില്ല്, കുട എന്നിവ ഉപയോഗിച്ചുള്ള ആട്ടങ്ങൾ രാവണപക്ഷത്തെ വിരൂപാക്ഷൻ, ധൂമ്രാക്ഷൻ, പ്രഹസ്തൻ, കുംഭകർണൻ, അതികായൻ, മേഘനാഥൻ എന്നിവരുമായുള്ള യുദ്ധത്തെയും വധത്തെയും സൂചിപ്പിക്കുന്നു. വാളുകൊണ്ടുള്ള ആട്ടമാണ് രാവണവധത്തെ സൂചിപ്പിക്കുന്നത്. ഓരോ ആട്ടത്തിനും പശ്ചാത്തലമായി വ്യത്യസ്ത താളങ്ങളാണ് ചെണ്ടയിൽനിന്ന് ഉയരും. പഴമക്കാർക്ക് താളം കേട്ടാൽ സന്ദർഭമറിയാം..
രാവണവധവും കഴിഞ്ഞ് വിജയഭേരി മുഴക്കിയുള്ള തിരിച്ചെഴുന്നള്ളത്താണ് പിന്നീട് .വിജയത്തിന്റെ വിളംബരമാണ് തുടർന്ന് നടക്കുന്ന കരിമരുന്ന് പ്രയോഗം. ആനന്ദാതിരേകത്താലുള്ള വാനരപ്പടയുടെ ഓട്ടമാണ് പിന്നീടുള്ള തടവു പൊളിച്ചു പാച്ചൽ എന്ന ചടങ്ങ്. വാനരപ്പട സുഗ്രീവന്റെ മധുവനത്തിൽ കടന്ന് കായ്കനികളും തേനുമൊക്കെ ഭക്ഷിച്ചതിന്റെ ഓർമ്മയാണ് നിരത്തിപ്പാച്ചിൽ എന്ന ചടങ്ങുകൊണ്ട് ഉദ്ദേശിക്കുന്നതെന്ന് പഴമക്കാർ പറയുന്നു. ഉത്സവത്തിന്റെ അവസാന നാലു ദിനങ്ങളിലും ഈ ചടങ്ങുകൾ ആവർത്തിക്കും.