
ഇരിട്ടി: രണ്ടു വർഷത്തോളമായി തുടർന്ന നിയന്ത്രണങ്ങളുടെ ചുരംപാത പിന്നിട്ടതോടെ തലശ്ശേരി - കുടക് അന്തർസംസ്ഥാന പാതയിലെ മാക്കൂട്ടം ചുരം പാതയിൽ തിരക്കേറി. ഇന്നലെ ഈ റൂട്ടിൽ നല്ല തിരക്കായിരുന്നു. വാരാന്ത അവധി ആസ്വദിക്കാനായി കുടുംബസമേതമാണ് പലരും ചുരം കടന്നത്.
രണ്ട് ഡോസ് വാക്‌സിനെടുത്തവർക്ക് കടന്നുപോകാമെന്ന നിലയിലേക്ക് ചുരുക്കിയതോടെ ചുരംപാത വഴിയുള്ള യാത്രക്കാരുടെ എണ്ണം വർദ്ധിക്കുകയായിരുന്നു. ഇതോടെ കുടകിലെ വിനോദസഞ്ചാര കേന്ദ്രങ്ങളും സജീവമാകുകയാണ്. ബൈലക്കുപ്പ സുവർണക്ഷേത്രം, ദുബാരെ എലിഫന്റ് പാർക്ക്, കാവേരി നിസർഗധമ എന്നിവിടങ്ങളിലേക്കും സഞ്ചാരികളുടെ തിരക്കായി. കേരളത്തിൽ നിന്നുള്ള സഞ്ചാരികളാണ് ഇവിടങ്ങളിൽ ഏറെയും എത്തിയിരുന്നത്.
കണ്ണൂർ, തലശ്ശേരി തുടങ്ങിയ പ്രധാന പട്ടണങ്ങളിൽ നിന്നും കർണാടകത്തിലെ ബംഗളൂരു, മൈസൂരു തുടങ്ങിയ പട്ടണങ്ങളിലേക്ക് രാത്രികാലങ്ങളിൽ കേരളത്തിന്റെയും കർണാടകത്തിന്റെയും ആർ.ടി.സി ഉൾപ്പെടെ അൻപതോളം ടൂറിസ്റ്റുബസുകൾ സർവീസ് നടത്തിയിരുന്നു. പാതയിൽ നിയന്ത്രണങ്ങൾ വന്നതോടെ ഇത്തരം ബസുകളും യാത്രക്കാരും ഇല്ലാതാവുകയും നിരവധി രാത്രികാല ഹോട്ടലുകളുടെയും വ്യാപാരസ്ഥാപനങ്ങളുടെയും പ്രവർത്തനം നിലയ്ക്കുകയുമായിരുന്നു. ഇത്തരം സ്ഥാപനങ്ങളെല്ലാം വീണ്ടും തുറക്കാനുള്ള തയാറെടുപ്പിലാണ്.
കേരള, ഗോവ സംസ്ഥാനങ്ങളിൽ നിന്ന് അതിർത്തി കടന്നെത്തുന്നവർക്ക് ആർ.ടി.പി.സി.ആർ നിബന്ധന വേണമെന്ന ഉത്തരവ് വ്യാഴാഴ്ചയാണ് കർണാടക സർക്കാർ പിൻവലിച്ചത്. രണ്ട് ഡോസ് വാക്‌സിൻ എടുത്തതിന്റെ സർട്ടിഫിക്കറ്റ് അതിർത്തി കടക്കാൻ നിർബന്ധമാക്കിയിട്ടുണ്ട്. 90 ശതമാനത്തിലധികം പേരും രണ്ട് ഡോസ് വാക്‌സിൻ സ്വീകരിച്ചു കഴിഞ്ഞതിനാൽ ഇപ്പോഴത്തെ നിയന്ത്രണം യാത്രക്കാരെ ബാധിക്കില്ല.