athlet

കണ്ണൂർ: ഉഷ സ്‌കൂൾ ഓഫ് അത്‌ല​റ്റിക്‌സ് ഈ വർഷത്തെ സെലക്ഷൻ ട്രയൽസ് ഇരിക്കൂർ നിയോജക മണ്ഡലത്തിലെ പൈസക്കരി ദേവമാത ഹയർ സെക്കൻഡറി സ്‌കൂൾ മൈതാനത്ത് നടക്കുമെന്ന് അഡ്വ. സജീവ് ജോസഫ് എം.എൽ.എ വാർത്താസമ്മേളനത്തിൽ പറഞ്ഞു. കായികക്ഷമത ഏറെയുള്ള മലയോരമേഖലയിലെ കുട്ടികളുടെ ഉന്നമനത്തിനും വിദ്യാഭ്യാസ പിന്നാക്ക അവസ്ഥയ്ക്ക് പരിഹാരം കാണുന്നതിനും സജീവ് ജോസഫ് ആവിഷ്കരിച്ച ദിശാദർശൻ പദ്ധതിയിലൂടെ നൂതന രീതിയിലുള്ള കരിയർ ഡെവലപ്‌മെന്റ്, മോട്ടിവേഷൻ ക്ലാസുകൾ തുടങ്ങിയവ നടപ്പിലാക്കിയിരുന്നു. ഇതിന്റെ തുടർച്ചയായി കഴിഞ്ഞമാസം മണ്ഡലത്തിലെ തിരഞ്ഞെടുത്ത വിദ്യാർത്ഥികൾക്ക് എം.എൽ.എയുടെ സാന്നിദ്ധ്യത്തിൽ ഒളിമ്പ്യൻ പി.ടി. ഉഷയുമായി അഭിമുഖം നടത്താനുള്ള അവസരം ലഭിച്ചു.

ഈ അഭിമുഖത്തിൽ നിയോജകമണ്ഡലത്തിലെ വിവിധ പ്രദേശങ്ങളിൽ നിന്നും പങ്കെടുത്ത വിദ്യാർത്ഥിനികളുടെ സ്‌പോർട്‌സിനോടുള്ള താൽപര്യവും കഴിവും പരിഗണിച്ച് ഒളിമ്പ്യൻ പി.ടി. ഉഷ നേരിട്ടുതന്നെ സെലക്ഷൻ ട്രയൽ പ്രഖ്യാപിക്കുകയായിരുന്നു. മാർച്ച് ആറിന് നടക്കുന്ന സെലക്ഷൻ ട്രയൽസിൽ 12, 13 ,14 വയസ്സുള്ള 2008, 2009, 2010 വർഷങ്ങളിൽ ജനിച്ച പെൺകുട്ടികൾക്കാണ് പങ്കെടുക്കാൻ അവസരം.

താല്പര്യമുള്ളവർ ബയോഡാ​റ്റ, പഞ്ചായത്ത്/ മുൻസിപ്പാലി​റ്റി / കോർപറേഷൻ നിന്ന് ലഭിക്കുന്ന വയസുതെളിയിക്കുന്ന സർട്ടിഫിക്ക​റ്റ്, പാസ്‌പോർട്ട് സൈസ് ഫോട്ടോ, സ്‌പോർട്‌സ് കി​റ്റ് എന്നിവ സഹിതം രാവിലെ എട്ടിന് മൈതാനത്ത് റിപ്പോർട്ട് ചെയ്യേണ്ടതാണ്. അഡ്വ. സജീവ് ജോസഫ് എം.എൽ.എ, ഒളിമ്പ്യൻ പി.ടി. ഉഷ തുടങ്ങിയവർ നേതൃത്വം നൽകും. കൂടുതൽ വിവരങ്ങൾക്ക് ബന്ധപ്പെടാം: 8330855364, 9495146993, 8075457905.