bekal-kovalam

കാഞ്ഞങ്ങാട്: ബേക്കൽ-കോവളം ദേശീയജലപാതയുടെ മൂന്നാംഘട്ടമായി നീലേശ്വരം പുഴയിൽ നിന്നും ചിത്താരിപ്പുഴയിലേക്ക് നിർമ്മിക്കുന്ന കനാലിന്റെ സ്ഥലപരിശോധനയ്ക്കായി ഉന്നത ഉദ്യോഗസ്ഥരെത്തി. ഉൾനാടൻ ജലഗതാഗത വകുപ്പിന്റെ വിദഗ്ദ്ധസംഘമാണ് നിർദ്ദിഷ്ട പാതയുടെ സ്ഥലപരിശോധനയ്‌ക്കെത്തിയത്.

ഇൻലാന്റ് നാവിഗേഷൻ ചീഫ് എൻജിനീയർ ശ്യാം ഗോപാൽ, ഡയറക്ടർ അരുൺ ജേക്കബ്, എക്‌സി. എൻജിനീയർ ഷീല അശോകൻ, അസി. എക്‌സി.എൻജിനീയർ അനൂപ്, അസി. എൻജിനീയർ സുധാകരൻ, വാട്ടർ ബാലൻസ് പഠനം നടത്തിയ കൺസൽട്ടന്റ് സ്ഥാപനത്തിന്റെ പ്രതിനിധി രുചി കൽറ, രവീന്ദ്ര ഓക്, ക്വിൽ പ്രതിനിധിയായ തോമസ് മാത്യു എന്നിവർ സംഘത്തിൽ ഉണ്ടായിരുന്നു. പരത്തി പുഴയിൽ നിന്ന് മുട്ടുച്ചിറ വഴി കൃത്രിമ കനാൽ ഉണ്ടാക്കുന്നതിന്റെ ഭാഗമായി സംഘം മുട്ടുച്ചിറയും സന്ദർശിച്ചു. ഇന്നലെ രാവിലെയായിരുന്നു സംഘം ജില്ലയിലെ വിവിധ പുഴയോരങ്ങൾ സന്ദർശിച്ചത്.