
ഞാൻ ആദ്യം സംസാരിച്ച ഭാഷ. ഞാൻ സ്വപ്നം കാണുന്ന ഭാഷ. ഞാൻ എഴുതുന്ന ഭാഷ. മലയാള ഭാഷയോടുള്ള എന്റെ കൂറ് അചഞ്ചലമാണ്. ലോകത്തിന്റെ വിവിധ ഭാഗങ്ങൾ സഞ്ചരിക്കുവാൻ അവസരം ലഭിച്ച വ്യക്തിയാണ് ഞാൻ. യൂറോപ്പ്, അമേരിക്ക, കാനഡ, ഇംഗ്ളണ്ട്, സിങ്കപ്പൂർ, നേപ്പാൾ, സൗദി അറേബ്യ എന്നിവിടങ്ങളിലും മുഴുവൻ ഗൾഫ് രാജ്യങ്ങളിലും പോയിട്ടുണ്ട്. അമേരിക്കയിലും ഇംഗ്ളണ്ടിലും രണ്ടു തവണ മാസങ്ങൾ നീണ്ട യാത്രയായിരുന്നു. ഈ യാത്രകളിലെല്ലാം നിർബന്ധം പോലെ ഖദറിന്റെ മുണ്ടും ഷർട്ടും മാത്രമെ ഞാൻ ധരിച്ചിരുന്നുള്ളൂ. വിമാനത്തിൽ മുണ്ട് ധരിച്ച വ്യക്തി പലപ്പോഴും ഞാൻ മാത്രമായിരുന്നു. മലയാളി എന്നതിൽ അഭിമാനം കൊള്ളുന്നതു കൊണ്ടാണ് അത്.
ദീർഘകാലത്തെ വൈദേശികാധിപത്യത്തിൽ നിന്ന് നമ്മൾ മോചനം നേടിയത് 1947- ലാണ്. എത്രയോ വർഷങ്ങൾ കഴിഞ്ഞിരിക്കുന്നു. പക്ഷേ, ഏറ്റവും ദു:ഖകരമായ കാര്യം നാമിന്നും മാനസികമായി അടിമകളായിത്തന്നെ കഴിയുന്നു എന്നതാണ്.സായ്‌പിന്റെ വേഷവും ഭാഷയും ആചാരങ്ങളും പകർത്തുന്നതിലാണ് നമ്മളിൽ അധികം പേർക്കും അഭിമാനം!
കോടതികൾ, സർവകലാശാലകൾ, ഉന്നത ഭരണകേന്ദ്രങ്ങൾ... ഇവിടങ്ങളിലെല്ലാം സായ്‌പിന്റെ ഭാഷയ്ക്കു തന്നെയാണ് ആധിപത്യം. നമുക്ക് ഈ സ്ഥലങ്ങളിലൊക്കെ പൂർണമായും മാതൃഭാഷ ഉപയോഗിച്ചു കൂടേ എന്നു ചോദിച്ചാൽ ചില തൊടുന്യായങ്ങൾ കേൾക്കേണ്ടി വരും. പൊതുവെ കേൾക്കാറുള്ള ഒരു ന്യായം, ശാസ്ത്രീയകാര്യങ്ങൾ പ്രതിപാദിക്കാൻ തക്കവണ്ണം നമ്മുടെ ഭാഷ വളർന്നിട്ടില്ല എന്നതാണ്. ഇതു തെറ്റാണെന്ന് വളരെ എളുപ്പം തെളിയിക്കാൻ കഴിയും. ശാസ്ത്രീയ വിഷയങ്ങളിൽ ഏറെ മുന്നോട്ടുപോയ പല വിദേശരാജ്യങ്ങളിലും അവിടുത്തെ കോളേജുകളിൽ ശാസ്ത്രം പഠിപ്പിക്കുന്നത് മാതൃഭാഷയിലാണ്. ഈ ഭാഷകളിൽ പഠിച്ച് ഉന്നത ബിരുദം നേടിയവരിൽ നൊബേൽ സമ്മാന ജേതാക്കൾ വരെയുണ്ട്.
ഇത് നമുക്കും ചെയ്യാവുന്നതേയുള്ളൂ. മാനസികമായി നമ്മൾ അതിനു തയ്യാറല്ല എന്നതു മാത്രമാണ് പ്രശ്നം.
മലയാളം നിർബന്ധ പാഠ്യവിഷയമാക്കണം. ഉറങ്ങിക്കിടക്കുന്ന മാതൃഭാഷാ ബിൽ നിയമമാക്കണം. പാഠപുസ്തകങ്ങളിൽ അക്ഷരമാല തിരിച്ചെത്തിക്കണം.
സങ്കല്പനത്തിന്റെ സുന്ദരഭാഷ
പ്രഭാവർമ്മ
മറ്റുള്ള ഭാഷകൾ കേവലം ധാത്രിമാർ, മർത്യന്നു പെറ്റമ്മ തൻഭാഷ താൻ... എന്നെഴുതിയത് മഹാകവി വള്ളത്തോളാണ്. അവിടെ നിർത്തുകയല്ല വള്ളത്തോൾ ചെയ്തത്, 'മാതാവിൻ വാത്സല്യ ദുഗ്ദ്ധം നുകർന്നാലേ പൈതങ്ങൾ പൂർണ വളർച്ചയെത്തൂ..." എന്നുകൂടി അദ്ദേഹം പറഞ്ഞുവച്ചു. മാതൃഭാഷയിലൂടെ മാത്രം ഉണ്ടാകുന്ന വ്യക്തിത്വ വികാസത്തെയാണ് ഇത് സൂചിപ്പിക്കുന്നത്. മാതൃഭാഷ സ്വായത്തമായാൽ ഏത് ഇതര ഭാഷയും എളുപ്പത്തിൽ പഠിക്കാം. മാതൃഭാഷ നമ്മുടെ ചിന്തയുടെയും സങ്കല്പനത്തിന്റെയും ഭാഷയാണ്. സങ്കല്പിക്കാനുള്ള നമ്മുടെ ശേഷിയെ വികസിപ്പിക്കുന്നത് മാതൃഭാഷയാണ് എന്നർത്ഥം.
'ആനത്തലയോളം വെണ്ണ തരാമെടാ, ആനന്ദ ശ്രീകൃഷ്ണാ വാ മുറുക്ക്" എന്ന വരികളിലെ ആനത്തലയോളം വെണ്ണ കുഞ്ഞുമനസുകൾക്ക് സങ്കല്പിക്കാൻ കഴിയും. ആ സങ്കല്പന ശേഷിയാണ് കുഞ്ഞുങ്ങളുടെ പ്രതിഭാശക്തിയെ ഭാവിയിൽ ശക്തിപ്പെടുത്തിയെടുക്കേണ്ടത്. തീയുടെ ഒരു കടൽ തനിക്ക് സങ്കല്പിക്കാൻ കഴിയുമെന്ന് സി.വി രാമൻപിള്ള പറഞ്ഞില്ലേ? ഇത്തരം സങ്കല്പനങ്ങൾക്കുളള ശേഷിയാണ് ഭാവിയിൽ സാഹിതൃകൃതികളായും ശാസ്ത്ര സാങ്കേതിക രംഗങ്ങളിലെ സമുജ്ജ്വല നേട്ടങ്ങളായും തെളിയുന്നത്. ഇളം പ്രായത്തിൽത്തന്നെ കുഞ്ഞു മനസുകളിൽ ഈ സങ്കല്പന ശേഷി രൂപപ്പെടണം. ഇത് മാതൃഭാഷയിലൂടെ മാത്രമേ സാധിക്കൂ. കുഞ്ഞുങ്ങൾക്ക് മാതൃഭാഷ നിഷേധിക്കുമ്പോൾ അവരുടെ സങ്കല്പന ശേഷിക്കുള്ള സാദ്ധ്യതകളെക്കൂടിയാണ് നിഷേധിക്കുന്നത്.
നിർഭാഗ്യവശാൽ, മലയാളം അറിയുക എന്നത് ഒരു അയോഗ്യതയായി കണക്കാക്കുന്ന അതിപരിഷ്കൃത സമൂഹം കേരളത്തിൽ രൂപപ്പെട്ടിട്ടുണ്ട്. ഇംഗ്ളീഷ് അറിയാമെന്നത് യോഗ്യത, ഹിന്ദിയോ ഫ്രഞ്ചോ സ്പാനിഷോ അറിയാമെങ്കിൽ അധികയോഗ്യത, മലയാളം തെറ്റുകൂടാതെ പറയാനും എഴുതാനും കഴിയുമെന്നുവന്നാൽ അത് അയോഗ്യത! ഇങ്ങനെ ചിന്തിക്കുന്നവരുടെ ഒരു സമൂഹം. ഒരു തമിഴൻ ക്യാബിനറ്റ് സെക്രട്ടറിയായാലും വീട്ടിൽ തമിഴേ പറയൂ. ബംഗാളി യു.എൻ സെക്രട്ടറി ജനറൽ ആയാലും വീട്ടിൽ ബംഗാളി ഭാഷയേ സംസാരിക്കൂ. മലയാളിയോ? പത്താം ക്ളാസ് പാസായി ചെറിയ ഏതെങ്കിലും ജോലിക്ക് ഫരിദാബാദിലോ മറ്റോ ചെന്നുപെട്ടാൽ മലയാളിയോടു പോലും ഹിന്ദിയേ പറയൂ. അന്നന്നത്തെ ആഹാരത്തിനു വേണ്ടി ആത്മാഭിമാനത്തെ ഇങ്ങനെ കുടഞ്ഞെറിയുന്ന മറ്റൊരു സമൂഹം ലോകത്തെവിടെയെങ്കിലും ഉണ്ടെന്നു തോന്നുന്നില്ല.
ലോകത്ത് ഏതെങ്കിലുമൊരു ജനത മാതൃഭാഷാ സംരക്ഷണത്തിനായി വാരം ആചരിക്കുന്നുണ്ടോ? ഇംഗ്ളീഷുകാർ ഇംഗ്ളീഷിനു വേണ്ടിയോ ഫ്രാൻസുകാർ ഫ്രഞ്ചിനു വേണ്ടിയോ ചൈനക്കാർ ചൈനീസിനു വേണ്ടിയോ വാരം ആചരിക്കുന്നുണ്ടോ? അങ്ങനെ വാരം ആചരിച്ച് സംരക്ഷിക്കേണ്ട ഒന്നല്ല, ജീവിതത്തിൽ ആചരിച്ച് ജീവിതത്തിന്റെ ഭാഗമാക്കേണ്ടതാണ് മാതൃഭാഷയെന്ന് അവർക്കറിയാം. ഒരു ആഴ്ച മാതൃഭാഷയുടെ സംരക്ഷണത്തിനായി നീക്കി വയ്ക്കുകയും മറ്റ് ആഴ്ചകളിലെല്ലാം മാതൃഭാഷയെ കൊല്ലുകയുമാണ് മലയാളികൾ ചെയ്യുന്നത്.
മലയാള ഭാഷയെക്കുറിച്ച് മലയാളി അഭിമാനിക്കേണ്ടതാണ്. ഇംഗ്ളീഷിനും മേലെയാണ് മലയാളം. ഭാഷയുടെ ശ്രേഷ്ഠത നിശ്ചയിക്കുന്ന മുഖ്യഘടകമായി ലോകഭാഷാ വിദഗ്ദ്ധർ ആധുനിക കാലത്ത് കണ്ടെത്തിയിട്ടുള്ളത് ഭാഷ ഫൊണറ്റിക് സ്വഭാവം ഉള്ളതാണോ, അൺഫൊണറ്റിക് സ്വഭാവം ഉള്ളതാണോ എന്നു നോക്കുക എന്നതാണ്. ഫൊണറ്റിക് ആണെങ്കിൽ ശ്രേഷ്ഠം. അൺഫൊണറ്റിക് ആണെങ്കിൽ ശ്രേഷ്ഠമല്ല.
ഇതിനെ മാനദണ്ഡമാക്കി നോക്കിയാൽ മലയാള ഭാഷ ശ്രേഷ്ഠഭാഷ തന്നെയാണ്. വ്യവസ്ഥിതി എന്നെഴുതാം, വ്യവസ്ഥിതി എന്നു തന്നെ ഉച്ചരിക്കുകയും ചെയ്യാം. ഇംഗ്ളീഷ് ഭാഷയിലാണെങ്കിലോ- കൊളോണൽ എന്നെഴുതണം, കേണൽ എന്ന് ഉച്ചരിക്കണം! ഈസ്ലാൻഡ് എന്നെഴുതണം, ഐലൻഡ് എന്ന് ഉച്ചരിക്കണം. ഇതാണ് അൺഫൊണറ്റിക് സ്വഭാവം. ഇത് അളവുകോലാകുമ്പോഴാണ് മലയാളത്തിന്റെ ഉത്കൃഷ്ടത നമുക്കു തന്നെ ബോദ്ധ്യമാകുന്നത്.
ലോകത്തിന്റെ മാതൃഭാഷ
സി. രാധാകൃഷ്ണൻ
ലോകത്തെ എല്ലാ ഭാഷകളും കൂടിച്ചേർന്ന് നാളെ അതൊരു മാതൃഭാഷയായി മാറേണ്ടതുണ്ട്. ലോകത്തെ എല്ലാ കാര്യങ്ങളെക്കുറിച്ചും പറയാനുള്ള തന്റേടമാണ് അതിന് ആർജ്ജിച്ചെടുക്കേണ്ടത്. കലാലയങ്ങളിൽ മലയാള ഭാഷ പ്രോത്സാഹിപ്പിക്കാനുള്ള ഒന്നും തന്നെ ഇപ്പോൾ നടക്കുന്നില്ല. സ്കൂൾ വിദ്യാഭാസത്തിന്റെയും കോടതി വ്യവഹാരങ്ങളുടെയും ഭാഷകളെല്ലാം മലയാളമാക്കണം. ഇത്രയും കാലം മാതൃഭാഷയെ പുകഴ്ത്തിപ്പറഞ്ഞതെല്ലാം വെറുതെയാണ്. എല്ലാ സർക്കാർ സംവിധാനങ്ങളുടേയും ഭാഷ മലയാളമാക്കി മാറ്റേണ്ടതുണ്ട്. അതിന് ഒരു സമയപരിധി നിശ്ചയിക്കണം. വാക്കുകളും പ്രയോഗങ്ങളുമെല്ലാം വഴിയേ വരും. മാതൃഭാഷ പഠിക്കാതെ മറ്റൊരു ഭാഷയും നമുക്ക് പഠിക്കാനാവില്ല. മാതൃഭാഷ അറിയാത്തതു കാരണം മറ്റു ഭാഷകളൊന്നും ശരിയായ വിധത്തിൽ ഇപ്പോൾ പഠിക്കാനും കഴിയുന്നില്ല. നമ്മുടെ നാട്ടിലെ മതങ്ങൾക്കും ഇപ്പോൾ മലയാള ഭാഷയെ ആവശ്യമില്ല. എന്നാൽ ഇൗ മനുഷ്യരുടെയെല്ലാം ഭാഷ മലയാളമാണു താനും! സ്വന്തം നാട്ടിൽ അന്യരായിപ്പോകുന്ന സ്ഥിതിയാണ് ഇന്നുള്ളത്.
മുലപ്പാലിൽ ചാലിച്ച വാക്ക്
സേതു
അമ്മ നിങ്ങളെ പ്രസവിക്കുമ്പോൾ ആദ്യം പറഞ്ഞ വാക്ക്. അല്ലെങ്കിൽ അമ്മ മരിക്കാൻ കിടക്കുമ്പോൾ ഒടുവിൽ പറഞ്ഞ വാക്ക്, അതേതാണോ അതാണ് നിങ്ങളുടെ മാതൃഭാഷയെന്ന് ഒരു വിദേശ കവി പാടിയിട്ടുണ്ട്. അമ്മയുടെ മുലപ്പാലിൽ നിന്ന് കിട്ടുന്നതാണ് മാതൃഭാഷ.
ലോകത്തെ വികസിതമോ അവികസിതമോ ആയ എല്ലാ രാജ്യങ്ങളിലെയും ജനങ്ങൾക്ക് അവരുടെ ഭാഷ പ്രിയപ്പെട്ടതാണ്. ഇവിടെ മലയാളിക്ക് മലയാളമെന്നു പറയുന്നത് നാണക്കേടാണ്. ഭരണഭാഷയാക്കാൻ പറ്റില്ല, പഠന ഭാഷയാക്കാൻ ഇഷ്ടമല്ല എന്നൊക്കെ പറയുന്നത് ലജ്ജാകരമാണ്. മലയാളം മീഡിയത്തിൽ പഠിച്ചതുകൊണ്ട് എനിക്ക് ഒരു പോരായ്മയും തോന്നിയിട്ടില്ല. മറ്റു ഭാഷകളെല്ലാം സ്വയം ആർജ്ജിച്ചെടുത്തതാണ്. ഏത് ലോകഭാഷയും ആർജ്ജിച്ചെടുക്കാം. അമ്മയെപ്പോലെ, അമ്മയുടെ മുലപ്പാലു പോലെ മാതൃഭാഷ പ്രിയപ്പെട്ടതാകണം.
സ്വത്വത്തിന്റെ അടയാളം
സി.വി. ബാലകൃഷ്ണൻ
ഏതൊരു മനുഷ്യന്റെയും സ്വത്വത്തിന്റെ ഏറ്റവും പ്രധാനപ്പെട്ട അടയാളം മാതൃഭാഷയാണ്. മാതൃഭാഷയോടുള്ള ബന്ധം വൈചാരികമെന്നതിനപ്പുറം വൈകാരികമാണ്. മർത്യനു പെറ്റമ്മ തൻ ഭാഷ താൻ എന്നു പാടിയല്ലോ, മഹാകവി വള്ളത്തോൾ.
മാതൃഭാഷയുടെ ശ്രേഷ്ഠത കേവലം ഔപചാരികമായ ഒരു പദവിയല്ല. നമ്മുടെ ഭാഷ ആകർഷകവും ഗംഭീരവും മഹത്വപൂർണവുമാണ്. നിർഭാഗ്യവശാൽ മലയാളികളെന്നു വിശേഷിപ്പിക്കപ്പെടുന്ന ഏവരും ഒരേ അളവിൽ ഈ വിശ്വാസം പങ്കിടുന്നുവെന്ന് പറയാനാവില്ല. ഭാഷയുടെ മഹത്വം തിരിച്ചറിയാത്തവർ ഏറെയുണ്ട്. മെക്കാളയുടെ മകൾ എന്ന കവിതയിൽ പി.കുഞ്ഞിരാമൻ നായർ ദു:ഖത്തോടെ കുറിച്ചത് മലയാളികളുടെ മാറിയ മനോഭാവത്തെയാണ്. തറവാട്ടമ്മയായിരുന്ന ഭാഷ മുറ്റമടിക്കുന്ന വേലക്കാരിയായ കാഴ്ച കവിക്ക് കാണേണ്ടി വന്നു. ആ ദു:സ്ഥിതി ഇന്നും തുടരുന്നു!
മാറി വരുന്ന സർക്കാരുകൾ ഭാഷയെ നിരന്തരം അവഗണിക്കുകയായിരുന്നു. ഭാഷാ സംരക്ഷണമെന്നതൊക്കെ വെറും പാഴ് വാക്ക്! ഭരണഭാഷയോ കോടതി വ്യവഹാരങ്ങളിലെ ഭാഷയോ ആയി മലയാളം ഇനിയും അംഗീകരിക്കപ്പെട്ടിട്ടില്ല. മറ്റൊരിടത്തും മാതൃഭാഷ ഇത്രമേൽ ക്രൂരമായ അപമാനം നേരിടുന്നില്ല തന്നെ. ഇത് ഭാഷയെ സ്നേഹിക്കുന്ന ഒരാളെന്ന നിലയിൽ എന്നെ സംബന്ധിച്ച് അങ്ങേയറ്റം ദു:ഖകരമാണ്. നമ്മളെല്ലെങ്കിൽ മറ്റാര് സ്നേഹിക്കും, നമ്മുടെ ഭാഷയെ?
സ്വന്തം ഭാഷയിലെ സ്വാതന്ത്ര്യബോധം
പ്രൊഫ. എം.കെ. സാനു
മാതൃഭാഷയിലേ മൗലികമായ ചിന്തകൾ വിളയുകയുള്ളൂ. മതമേതായാലും മനുഷ്യൻ നന്നായാൽ മതിയെന്ന ഗുരുവാക്യമാണ് ഉദാഹരണം. എല്ലാ മഹാത്മാക്കളും മാതൃഭാഷയിലൂടെയാണ് ചിന്തിച്ചു വളർന്നത്. സഹോദരൻ അയ്യപ്പനെയും രചനകളെയും ഇപ്പോഴും ജനങ്ങൾ പരാമർശിക്കുന്നതിന് കാരണവും അതാണ്. സർഗാത്മകതയിലേക്കും തുല്യതയിലേക്കും സ്വന്തം ഭാഷ നയിക്കും.
നമ്മുടെ സർക്കാർ ഓഫീസുകളിലും കോടതികളിലും മറ്റും അപകർഷതയോടെ മലയാളികൾ നിൽക്കേണ്ടിവരുന്നുണ്ട്. ഏതൊരാൾക്കും മാതൃഭാഷ മുലപ്പാലു പോലെ സഹജമായ മാനസിക ഭക്ഷണമാണ്. അത് സ്വാതന്ത്ര്യബോധം പകരും. ഏതൊരു രാജ്യത്തെയും കീഴടക്കുന്നവർ ആദ്യം ചെയ്യുക അവിടുത്തെ ഭാഷയെ ഇല്ലാതാക്കുകയാണ്. അടിമത്തം സ്ഥാപിക്കാനുള്ള ആദ്യ വഴിയാണത്.
ആകാശം, ഭൂമി, ജീവശ്വാസം
വൈശാഖൻ
ആശയവിനിമയത്തിനു മാത്രമുളള ഉപാധിയല്ല നമ്മുടെ മലയാള ഭാഷ. അതിനപ്പുറത്തും നമ്മുടെ ഭാഷയ്ക്ക് പ്രാധാന്യമുണ്ട്. മലയാള ഭാഷ വിശാലമായതും മഹത്തായതുമായ ഒരു സംസ്‌കാരമാണ്. നമുക്ക് ഏറ്റവും നന്നായി ആശയവിനിമയം നടത്താൻ കഴിയുന്നത് മലയാളത്തിലൂടെയാണ്. മലയാളം അറിയുന്നവർക്ക് ലോകത്തെ ഏതു ഭാഷയും എളുപ്പത്തിൽ ഉൾക്കൊള്ളാനും കൈകാര്യം ചെയ്യാനും കഴിയും. ഏത് ആശയവും ആവിഷ്‌കരിക്കാൻ മലയാളത്തിലൂടെ കഴിയും. കോടതിഭാഷയായാലും ഔദ്യോഗികഭാഷ എന്ന നിലയിലായാലും മലയാളം ഏറ്റവും അനുയോജ്യം.
എനിക്ക് മറ്റു സംസ്ഥാനങ്ങളിൽ ജോലി ചെയ്യേണ്ടിവന്നപ്പോൾ നാടുമായുളള പൊക്കിൾക്കൊടി ബന്ധമായിരുന്നു മലയാളം. അതുകൊണ്ടാണ് അന്യസംസ്ഥാനങ്ങളിൽ ആയിരുന്നപ്പോഴും ഞാൻ കഥകൾ എഴുതിക്കൊണ്ടിരുന്നത്. ഏതു മലയാളിയുടെയും ആകാശവും ഭൂമിയും ജീവശ്വാസവുമാണ് മലയാളഭാഷ.
എന്തും പഠിക്കാം, സ്വന്തം ഭാഷയിൽ
ഹരികുമാർ ചങ്ങമ്പുഴ
പ്രാഥമിക വിദ്യാഭ്യാസവും ഉന്നത വിദ്യാഭ്യാസവും മാതൃഭാഷയിൽത്തന്നെയാണ് ഉചിതം. മാതൃഭാഷയിലൂടെ ലളിതമായി ഗ്രഹിക്കാം, ചിന്തിക്കാം. ആർക്കിമിഡീസ് തത്വം ഏതു ഭാഷയിലും പഠിപ്പിക്കാമെങ്കിലും കുട്ടിക്ക് എളുപ്പം മനസ്സിലാവുക മാതൃഭാഷയിലാണ്. എല്ലാ വൈജ്ഞാനിക വിഷയങ്ങൾക്കും ഇത് ബാധകമാണ്.
മറ്റു ഭാഷയിലൂടെ പഠിക്കുമ്പോൾ വിദ്യാർത്ഥികൾ 75% ഉൗർജ്ജം അധികം വ്യയം ചെയ്യണം. നമ്മുടെ വിദ്യാർത്ഥികളുടെ പഠനശേഷിയുടെ ന്യൂനതകൾക്കുള്ള മുഖ്യകാരണം ഈ പ്രശ്നമാണ്. അന്യഭാഷയിലൂടെയുള്ള പഠനത്തിന് പണവും സമ്പത്തും അനിവാര്യമായി വരുന്നുമുണ്ട്. മഹാഭൂരിപക്ഷം വരുന്ന ദളിതരും ആദിവാസികളും ആധുനിക പഠനസമ്പ്രദായങ്ങളിൽ നിന്ന് വെളിയിൽ നിൽക്കേണ്ടിയും വരുന്നു. സ്വയംപര്യാപ്തമാകണമെങ്കിൽ വൈജ്ഞാനികമായ ഉന്നതിയും ആർജ്ജിക്കേണ്ടതുണ്ട്. ആഗോളവത്കൃത സമൂഹത്തിൽ പ്രാദേശികമായ സംസ്കൃതികൾ ഇല്ലാതാക്കുകയും ഇല്ലാതാവുകയും ചെയ്യുന്നുണ്ട്. പ്രാദേശിക ഭാഷകളും ഇതോടൊപ്പം ഇല്ലാതാകുന്നു. ഒരു ജനതയുടെ സ്വത്വവും ഇതിലൂടെ നഷ്ടമാവുകയാണ്.
(എം.ജി.സർവകലാശാലാ സ്കൂൾ ഒഫ് ലെറ്രേഴ്സ് അസോ. പ്രൊഫസർ ആയ ലേഖകൻ മഹാകവി ചങ്ങമ്പുഴ കൃഷ്ണപിള്ളയുടെ ചെറുമകനാണ്)