കാഞ്ഞങ്ങാട്: മേലാങ്കോട്ട് എ.സി. കണ്ണൻ നായർ സ്മാരക ഗവ. യു.പി. സ്‌കൂൾ ശതാബ്ദി നിറവിൽ. മാർച്ച് മുതൽ ഒരു വർഷം നീണ്ടുനിൽക്കുന്ന പരിപാടികളോടെ ശതാബ്ദി വർഷം ആഘോഷിക്കാൻ സംഘാടക സമിതി രൂപീകരിച്ചു. വികസന സമിതി ചെയർമാൻ അഡ്വ. പി.അപ്പുക്കുട്ടൻ അദ്ധ്യക്ഷത വഹിച്ചു. നഗരസഭ ചെയർ പേഴ്‌സൺ കെ.വി. സുജാത ഉദ്ഘാടനം ചെയ്തു. നഗരസഭ വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്‌സൺ കെ.വി. മായാകുമാരി കൗൺസിലർമാരായ സുജിത്ത് നെല്ലിക്കാട്ട്, ലത, ശോഭന, പ്രധാനാദ്ധ്യാപകൻ കൊടക്കാട് നാരായണൻ , എച്ച്.എൻ. പ്രകാശൻ , പപ്പൻ കുട്ടമത്ത് , പി. ശ്രീകല, പി. കുഞ്ഞിക്കണ്ണൻ ,എസ്. ഗോപാലകൃഷ്ണൻ , കോമൻ കല്ലിങ്കൽ, കെ.വി. വനജ സംസാരിച്ചു.
1923 ൽ ആണ് ഏച്ചിക്കാനം തറവാട്ടിലെ വലിയ കാരണവർ കേളു നായർ തന്റെ പേരക്കുട്ടി കോട്ടയിൽ ഗോവിന്ദൻ നമ്പ്യാർക്ക് സ്‌കൂൾ വിദ്യാഭ്യാസം നൽകാനായി കേളു നായരുടെ ഭാര്യാ സഹോദരനായ എ.സി. കണ്ണൻ നായരുടെ പത്തായപ്പുരയ്ക്ക് സമീപം സ്‌കൂൾ ആരംഭിച്ചത്. ദീർഘകാലം സ്‌കൂൾ പ്രധാനാദ്ധ്യാപകനായിരുന്ന മലബാർ ചാർലി ചാപ്ലിൻ രസിക ശിരോമണി കോമൻ നായർക്ക് സ്‌കൂൾ ദാനമായി നൽകാൻ ഏച്ചിക്കാനം കാരണവന്മാർ തയ്യാറായപ്പോൾ അദ്ദേഹം നിരസിക്കുകയും സർക്കാരിന് വിട്ടു കൊടുക്കാൻ നിർദ്ദേശിക്കുകയുമാണുണ്ടായത്. 1956 ൽ സർക്കാർ ഏറ്റെടുത്തു. ജി.എൽ.പി. സ്‌കൂൾ ബല്ല ആയി പ്രവർത്തനം തുടങ്ങി.1980 ൽ യു.പി. ആയി ഉയർത്തി.
2012 ൽ ആണ് എ.സി. കണ്ണൻ നായർ സ്മാരക ഗവ. യു.പി. സ്‌കൂളായി പുനർനാമകരണം ചെയ്തത്. ഭാരവാഹികളായി നഗരസഭ ചെയർ പേഴ്‌സൺ കെ.വി. സുജാത (ചെയർമാൻ), അഡ്വ. പി. അപ്പുക്കുട്ടൻ (വർക്കിംഗ് ചെയർമാൻ), കൊടക്കാട് നാരായണൻ (ജനറൽ കൺവീനർ), പി. കുഞ്ഞിക്കണ്ണൻ (കൺവീനർ) എന്നിവരെ തിരഞ്ഞെടുത്തു.