കല്യാശേരി: ദേശീയപാതാ വികസനത്തിന്റെ ഭാഗമായി വയൽ പ്രദേശത്തുകൂടിയുള്ള റോഡ് വരുമ്പോൾ നീരൊഴുക്ക് തടസപ്പെടുമെന്ന ആശങ്കകൾക്ക് പരിഹാരം. ജില്ലാ പഞ്ചായത്ത് അദ്ധ്യക്ഷ പി.പി. ദിവ്യ, എ.ഡി.എം. കെ.കെ ദിവാകരൻ എന്നിവരുടെ നേതൃത്വത്തിലുള്ള ജനപ്രതിനിധി -ഉദ്യോഗസ്ഥ സംഘം മംഗലശ്ശേരി താവ സന്ദർശിച്ചാണ് പ്രശ്നപരിഹാരത്തിന് ശ്രമം തുടങ്ങിയത്. ദേശീയപാത അതോറിറ്റി എൻജിനിയർമാരും സ്ഥലത്തെത്തി.
രണ്ടുമീറ്റർ വീതിയിലുള്ള മൂന്ന് കൾവർട്ടുകൾ പ്രദേശത്ത് സ്ഥാപിക്കുമെന്നാണ് ദേശീയപാത അധികൃതർ അറിയിച്ചത്. എന്നാൽ, ഇത് തീർത്തും അപര്യാപ്തമാണെന്നും വേനൽക്കാലത്തെ വെള്ളം മാത്രം പരിഗണിച്ചാൽ കാലവർഷത്തിൽ പ്രദേശം വെള്ളത്തിലാകുമെന്നുമായിരുന്നു നാട്ടുകാരുടെ ആശങ്ക.
നിലവിൽ 3 മീറ്റർ മുതൽ 5 മീറ്റർ വരെ വീതിയുള്ള തോടുകൾക്ക് രണ്ട് മീറ്റർ മാത്രം വീതിയുള്ള കൾവർട്ടുകൾ ഉണ്ടാക്കിയാൽ വെള്ളം ഒഴിഞ്ഞുപോകില്ലെന്ന കാര്യം ഇന്നലെ സ്ഥലം സന്ദർശിച്ചവർക്ക് ബോധ്യമായി. നാല് മീറ്റർ വീതിയിൽ കൾവർട്ട് നിർമ്മിക്കേണ്ടതുണ്ടെന്ന ആവശ്യം പരിഗണിച്ച് വിശദമായ ഡി.പി.ആർ തയ്യാറാക്കേണ്ടതുണ്ടെന്നും ഇതിമായി ജില്ലാ കളക്ടർ, ദേശീയപാത അതോറിറ്റി എന്നിവർക്ക് നിവേദനം നല്കാനും തീരുമാനിച്ചു.
ശനിയാഴ്ച ഉച്ചയോടെയാണ് സംഘം സ്ഥലത്തെത്തിയത്. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് പി.പി. ഷാജിർ, പഞ്ചായത്ത് പ്രസിഡന്റ് ടി.ടി. ബാലകൃഷ്ണൻ, പഞ്ചായത്ത് മെമ്പർമാരായ കെ. ബാലകൃഷ്ണൻ, പി. ബാലകൃഷ്ണൻ, പഞ്ചായത്ത് സെക്രട്ടറി എം.എം രമ, ദേശീയപാത സ്ഥലം ഏറ്റെടുക്കൽ വിഭാഗം സൂപ്രണ്ട് കെ.കെ. ശ്രീഷ, കരാറുകാരായ വിശ്വസമുദ്ര യുടെ പ്രോജക്ട് അസി. മാനേജർ സി. രാജേഷ്, കർഷകർ, നാട്ടുകാർ എന്നിവരും സ്ഥലത്തെത്തി.
മഴവെള്ളം കണക്കിലെടുത്തില്ല
ദേശീയപാത വികസനം നടന്നുവരുന്ന കല്യാശേരിക്കും കീച്ചേരിക്കും ഇടയിൽ അഞ്ച് മീറ്ററോളം വീതിയിൽ ഒഴുകുന്ന തോടിനായി പൈപ്പ് കൾവർട്ട് സ്ഥാപിക്കുന്നത് സംബന്ധിച്ചാണ് തർക്കം നിലനിന്നത്. നിലവിലുള്ള പൈപ്പുകൾ മാറ്റി രണ്ട് മീറ്റർ വീതിയിൽ കലുങ്ക് നിർമ്മിക്കാനാണ് പദ്ധതിയെന്ന് കരാറുകാരുടെ പ്രതിനിധി ഉന്നത സംഘത്തെ അറിയിച്ചു. എന്നാൽ അത്തരം കലുങ്ക് കൊണ്ടും മഴക്കാലത്തെ വെള്ളം ഒഴുകാൻ പര്യാപ്തമല്ലെന്ന് സംഘത്തിന് ബോധ്യപ്പെടുകയായിരുന്നു. പകരം 4 മീറ്റർ ദൈർഘ്യമുള്ള ഒന്നിൽ കൂടുതൽ കലുങ്കുകൾ നിർമ്മിച്ച് പ്രശ്‌ന പരിഹാരം കാണണമെന്ന നിർദ്ദേശവും നല്കി. ഇതിനാവശ്യമായ നടപടി ക്രമങ്ങൾ ഉടൻ നടത്താനും കല്യാശേരി പഞ്ചായത്ത് അധികൃതരോട് ഉന്നതതല സംഘം നിർദ്ദേശം നൽകിയിട്ടുണ്ട്.