തൃക്കരിപ്പൂർ: വൃക്ക രോഗികൾക്ക് ആശ്വാസമായി തങ്കയം താലൂക്ക് ആശുപത്രിയിൽ ഇനി മുതൽ രാത്രിയിലും ഡയാലിസിസ്. ഒ.പിയിൽ ഡോക്ടറുടെ സേവനവും ലഭിക്കും. ജില്ലയിൽ ആദ്യമായാണ് ഒരു സർക്കാർ ആശുപത്രിയിൽ രാത്രികാല ഡയാലിസിസ് ആരംഭിക്കുന്നത്. ഇതോടെ ഈ ആശുപത്രിയിൽ മൂന്ന് ഷിഫ്റ്റുകളിലായി 39 പേർക്ക് ഡയാലിസിസ് സൗകര്യം ലഭിക്കും.
നീലേശ്വരം ബ്ലോക്ക് പഞ്ചായത്തിന്റെ വികസന പദ്ധതിയിൽ ഉൾപ്പെടുത്തിയാണ് സൗകര്യമൊരുക്കിയത്. നിരവധി പേർ ഡയാലിസിനു വേണ്ടി കാത്തിരിക്കുന്ന സാഹചര്യത്തിലാണ് ഭരണസമിതി അധിക ജീവനക്കാരെ നിയമിച്ച് കൂടുതൽ രോഗികൾക്ക് സേവനം ലഭ്യമാക്കുന്നത്.
രാത്രികാല ഡയാലിസിസ് എം. രാജഗോപാലൻ എം.എൽ.എ ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് മാധവൻ മണിയറ അദ്ധ്യക്ഷനായി. പഞ്ചായത്ത് പ്രസിഡന്റ് സത്താർ വടക്കുമ്പാട്, ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് പി.കെ ലക്ഷ്മി, എം. രാമചന്ദ്രൻ, എം. ഗംഗാധരൻ, ഒ.ടി അഹമ്മദ് ഹാജി, സി. രവി, രജീഷ് ബാബു, ടി. ചന്ദ്രമതി സംസാരിച്ചു. സ്ഥിരം സമിതി ചെയർമാൻ കെ. അനിൽകുമാർ സ്വാഗതവും മെഡിക്കൽ ഓഫീസർ വി. സുരേശൻ നന്ദിയും പറഞ്ഞു.