കൂത്തുപറമ്പ്: ബംഗളൂരുവിൽ നിന്നും കടത്തികൊണ്ടു വന്ന 40 ഗ്രാം എം.ഡി.എം.എ യുമായി മൂന്ന് യുവാക്കൾ പിടിയിൽ. പിണറായി എക്സൈസ് റേഞ്ച് സംഘം മാങ്ങാട്ടിടം മൂന്നാംപീടികയിൽ നടത്തിയ പരിശോധനയിലാ ണ് കാറിലും, ബൈക്കിലുമായി കടത്തുകയായിരുന്ന എം.ഡി.എം.എ പിടികൂടിയത്. കതിരൂർ വേറ്റുമ്മലിലെ ഷാദുലി മൻസിലിൽ ടി.കെ അനീഷ് (35), പുല്യോട്ടെ സന മൻസിലിൽ കെ.പി റിസ്വാൻ (28), കരേറ്റയിലെ അടിയോട് വീട്ടിൽ പി. റയീസ് ( 26) എന്നിവരെയാണ് എക്സൈസ് അറസ്റ്റ് ചെയ്തത്.

കാറും ബൈക്കും കസ്റ്റഡിയിലെടുത്തു. റേഞ്ച് ഇൻസ്പെക്ടർ ബി. ജിഹാദിന്റെ നേതൃത്വത്തിലാണ് പരിശോധന നടത്തിയത്. എക്സൈസ് പ്രിവന്റീവ് ഓഫീസർമാരായ നിസാർ കുലോത്ത്, യു. ഷെനിത്ത് രാജ്, സിവിൽ എക്സൈസ് ഓഫീസർമാരായ സമീർ കെ.കെ, ഷിനു കെ.പി, സുമേഷ് എം.കെ, ജിനേഷ് നരിക്കോടൻ, ശരത് പി.ടി, വനിതാ സിവിൽ എക്സൈസ് ഓഫീസർ ശിൽപ്പ കേളോത്ത് എന്നിവരും സംഘത്തിലുണ്ടായിരുന്നു.