കാസർകോട്: എസ്.എൻ.ഡി.പി യോഗത്തിന്റെ പ്രവർത്തനങ്ങൾക്ക് ഊർജിജം പകരുന്ന യൂത്ത് മൂവ്മെന്റും വനിതാസംഘവും ശക്തിപ്പെടേണ്ടത് കാലഘട്ടത്തിന്റെ ആവശ്യമാണെന്ന് എസ്.എൻ.ഡി.പി യോഗം ദേവസ്വം സെക്രട്ടറി അരയാക്കണ്ടി സന്തോഷ് പറഞ്ഞു. ജില്ലയിലെ കാസർകോട്, ഉദുമ, ഹൊസ്ദുർഗ്, വെള്ളരിക്കുണ്ട്, തൃക്കരിപ്പൂർ യൂണിയനുകളിൽ നടന്ന യോഗം യൂത്ത് മൂവ്മെന്റ്, വനിതാ സംഘം കൺവെൻഷനുകൾ ഉദ്‌ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
ഏതു പ്രസ്ഥാനത്തിനും കരുത്തു പകരുന്നത് യുവതീ യുവാക്കളാണ്. നമ്മുടെ സമുദായത്തിലെ യുവതലമുറയ്ക്ക് ശരിയായ ദിശാബോധം നൽകാൻ കഴിഞ്ഞാൽ ശ്രീനാരായണ പ്രസ്ഥാനം കേരളത്തിൽ കൂടുതൽ കരുത്താർജിക്കുമെന്ന തിരിച്ചറിവ് യോഗം പ്രവർത്തകർക്കുണ്ടാകണം. ഈ രണ്ടു വിഭാഗങ്ങൾക്കും മതിയായ പിന്തുണയും പ്രോത്സാഹനവും നൽകുന്നതിന്റെ ഭാഗമായാണ് മുഴുവൻ ജില്ലകളിലും യുവജനങ്ങളുടെയും വനിതകളുടെയും ജില്ലാ സംഗമങ്ങൾ നടത്താൻ എസ്.എൻ.ഡി.പി യോഗം തീരുമാനിച്ചതെന്നും അരയാക്കണ്ടി സന്തോഷ് പറഞ്ഞു.
യോഗം കൗൺസിലർ ഷീബ, യോഗം കൗൺസിലറും യൂത്ത് മൂവ്മെന്റ് കേന്ദ്രസമിതി ചെയർമാനുമായ പച്ചയിൽ സന്ദീപ്, വൈസ് പ്രസിഡന്റ് മാരിക്കൽ രജീഷ്, മലബാർ മേഖല കൺവീനർ അർജുൻ അരയാക്കണ്ടി, വനിതാ സംഘം കേന്ദ്രസമിതി പ്രസിഡന്റ് കൃഷ്ണകുമാരി, സെക്രട്ടറി അഡ്വ. സംഗീത വിശ്വനാഥൻ, കേന്ദ്രസമിതി മെമ്പർ ശാന്ത കൃഷ്ണൻ തുടങ്ങിയവർ സംബന്ധിച്ചു.