
കാസർകോട്: രൂക്ഷമായ ഭൂജലശോഷണം നേരിടുന്ന കാസർകോട് ജില്ലയ്ക്ക് ആശ്വാസമായി ഭൂഗർഭജലത്തിന്റെ അളവിൽ വർദ്ധനവുള്ളതായി കണ്ടെത്തൽ.
ജില്ലയിൽ വിവിധ ബ്ലോക്കുകളിലെ 67 കിണറുകളിലാണ് ഭൂഗർഭജല വകുപ്പ് നിരീക്ഷണം നടത്തിവരുന്നത്. ഇതിൽ 83 ശതമാനം കിണറുകളിലും ജലനിരപ്പ് ഉയർന്നിട്ടുണ്ട്. ഇക്കഴിഞ്ഞ ജനുവരിയിൽ നടത്തിയ കണക്കെടുപ്പിൽ 56 നിരീക്ഷണ കിണറുകളിൽ ജലനിരപ്പ് ഉയർന്നതായി കാണാൻ സാധിച്ചു. ശരാശരി പത്തു സെന്റിമീറ്റർ മുതൽ മൂന്നര മീറ്റർ വരെ ഭൂഗർഭ ജലത്തിന്റെ അളവിൽ വർദ്ധനവുണ്ടായിട്ടുണ്ടെന്നാണ് കണ്ടെത്തൽ.
കാറഡുക്ക ബ്ലോക്ക് ബേഡഡുക്ക പഞ്ചായത്തിലെ കുണ്ടംകുഴിയിലാണ് ഭൂഗർഭജലത്തിന്റെ അളവിൽ ഏറ്റവും കൂടുതൽ വർദ്ധനവ്. 3.452 മീറ്റർ. അതുപോലെ കാസർകോട് ബ്ലോക്കിലെ ബദിയടുക്കയിൽ 2.841 മീറ്ററിന്റെ വർദ്ധനവും ഉണ്ടായിട്ടുണ്ട്.
എന്നാൽ മറ്റു പതിനൊന്നു സ്ഥലങ്ങളിൽ ഭൂഗർഭജലത്തിന്റെ അളവിൽ കുറവ് സംഭവിച്ചിട്ടുണ്ട്. മഞ്ചേശ്വരം ബ്ലോക്കിലെ വോർക്കാടി പഞ്ചായത്തിൽ ഭൂഗർഭ ജലത്തിൽ 2.934 മീറ്ററിന്റെ കുറവുണ്ട്. 56 കിണറുകളും 21 കുഴൽകിണറുകളിലുമാണ് ഭൂജലവകുപ്പ് നിലവിൽ നിരീക്ഷണം നടത്തിവരുന്നത്. ജലസംരക്ഷണമേഖലയിലെ തുടർപ്രവർത്തനത്തിന്റെ ഭാഗമായി 48 പുതിയ കിണറുകൾ കൂടി നിരീക്ഷണത്തിനു വിധേയമാക്കാനുള്ള നടപടികൾ സ്വീകരിച്ചുവരുന്നു. സ്‌കൂളുകൾ, ഗവൺമെന്റ് ഓഫീസുകൾ എന്നിവിടങ്ങളിലെ കിണറുകളാണ് നിരീക്ഷണത്തിനായി തിരഞ്ഞെടുക്കുന്നത്. ഈ കിണറുകളിലെ ജലനിരപ്പ് ഓരോമാസവും നിരീക്ഷിക്കും.
വർദ്ധനയ്ക്കു കാരണം
കഴിഞ്ഞ രണ്ടു വർഷങ്ങളായി ലഭിക്കുന്ന മഴയും ജില്ലയിലെ വിവിധ വകുപ്പുകളും തദ്ദേശസ്ഥാപനങ്ങളും നടത്തിവരുന്ന ജലസംരക്ഷണപ്രവർത്തനങ്ങളുമാണ് ഇതിനുപിന്നിലെന്നാണ് അനുമാനം. വിവിധ ഭാഗങ്ങളിൽ ഭൂഗർഭജല വകുപ്പിന്റെ നേതൃത്വത്തിൽ ജലസംപോഷണവും പരിപോഷണവും എന്ന പേരിൽ നടത്തിവന്ന പ്രവർത്തനങ്ങളും ഇതിൽ നിർണായക പങ്കുവഹിച്ചിട്ടുണ്ട്. കിണർ റീച്ചാർജിംഗ് പ്രവർത്തനങ്ങൾ, ചെക്ക്ഡാം നിർമാണം, റീചാർജിംഗ് പിറ്റ് നിർമാണം തുടങ്ങിയ പ്രവർത്തനങ്ങളും കാരണമായിട്ടുണ്ട്. അതുപോലെ ജലശക്തി അഭിയാന്റെ ഭാഗമായി നടത്തിയ ജലസംരക്ഷണപ്രവർത്തനങ്ങൾ, കുളം നിർമാണം എന്നിവയും സഹായിച്ചു.
കഴിഞ്ഞ പത്തു വർഷത്തെ ശരാശരി ജലനിരപ്പ് താരതമ്യം ചെയ്യുമ്പോൾ ഭൂഗർഭജലത്തിന്റെ അളവിൽ വർദ്ധനവുണ്ടായിട്ടുണ്ട്. ഒ. രതീഷ്, ഭൂജല വകുപ്പ് ജില്ലാ ഓഫീസർ ഇൻചാർജ്