മട്ടന്നൂർ: ഉരുവച്ചാലിൽ വീട്ടുപറമ്പിൽ വൻ തീപിടിത്തം. നാട്ടുകാരുടെ സമയോചിതമായ ഇടപെടൽ കൂടുതൽ അപകടം ഒഴിവാക്കി. തീ പടർന്ന് വീട്ടുമുറ്റത്തേക്ക് എത്തിയപ്പോൾ ഓടി എത്തിയ നാട്ടുകാർ നിയന്ത്രിക്കുകയായിരുന്നു.
ഉരുവച്ചാൽ ടൗണിന് സമീപത്തെ നജീബ് മൻസിൽ പരേതനായ അബ്ദുള്ള ഹാജിയുടെ വീട്ടുപറമ്പിലെ അര ഏക്കറോളം വരുന്ന സ്ഥലമാണ് കത്തിനശിച്ചത്. ഇന്നലെ ഉച്ചയ്ക്ക് മൂന്നരടെയാണ് സംഭവം. വൈദ്യുതി ലൈനിൽ തട്ടിയ ഉണങ്ങിയ മരച്ചില്ലയിൽ നിന്ന് തീ പിടിച്ച് വീട്ടുപറമ്പിലെ കുറ്റിക്കാട്ടിലേക്ക് പടരുകയായിരുന്നു. വൈദ്യുതി ലൈനുകളും കേബിളുകളും കത്തിനശിച്ചു. വീട്ടിലെ വൈദ്യുതി ബന്ധം വിച്ഛേദിച്ചതിനാൽ വൻ ദുരന്തമൊഴിവായി. മട്ടന്നൂർ ഫയർഫോഴ്സും, നാട്ടുകാരും ചേർന്ന് തീ അണച്ചു. മട്ടന്നൂർ എസ്.ഐ ഗണേഷിന്റെ നേതൃത്വത്തിൽ പൊലീസും സ്ഥലത്തെത്തി.