pukayila

തൃക്കരിപ്പൂർ: വിവിധ സ്ഥലങ്ങളിൽ വിതരണം ചെയ്യാനായി കൊണ്ടുപോകും വഴി നിരോധിത പുകയില ഉത്പന്നങ്ങളുട വൻ ശേഖരം ചന്തേര പൊലീസ് പിടികൂടി. 700 പാക്കറ്റുകളിലായി ഒരു ലക്ഷം രൂപ വിലമതിക്കുന്ന പുകയില ഉല്പന്നങ്ങളാണ് പടന്ന വണ്ണാത്തൻ മുക്കിൽവെച്ച് പിടികൂടിയത്.

പയ്യന്നൂർ വെള്ളോറ കോയിപ്രയിലെ കടവത്തെ പീടികയിൽ കെ.പി.സക്കറിയയെയാണ് ജില്ലാ പൊലീസ് മേധാവിയുടെയും കാഞ്ഞങ്ങാട് ഡിവൈ.എസ്.പി.യുടെയും ചന്തേര ഇൻസ്പെക്ടറുടെയും നിർദ്ദേശത്തിൽ ചന്തേര എസ്.ഐ .എം.വി.ശ്രീദാസും സംഘവും പിടികൂടിയത്. ഇയാൾ സഞ്ചരിച്ചിരുന്ന സ്കൂട്ടറിന്റെ മുന്നിൽ ചാക്കിൽ കെട്ടിവെച്ച നിലയിലായിരുന്നു പാൻമസാലകൾ. പടന്ന വണ്ണാത്താൻ മുക്ക് കേന്ദ്രീകരിച്ച് നിരോധിത പാൻ മസാല ഉല്പന്നങ്ങൾ വ്യാപകമായി കൈമാറ്റം ചെയ്യപ്പെടുന്നുണ്ടെന്നുള്ള വിവരം ലഭിച്ചതിന്റെ അടിസ്ഥാനത്തിലാണ് പൊലീസ് നടപടി. വാഹന പരിശോധനയ്ക്കിടയിൽ നിർത്താതെ പോയ വാഹനം പിന്തുടർന്നാണ് സാഹസികമായി പുകയില ഉത്പന്നങ്ങൾ പിടിച്ചത്.