കാസർകോട്: ബേക്കൽ അന്താരാഷ്ട്ര ടൂറിസം പദ്ധതിക്ക് കുതിപ്പേകി ബേക്കലിൽ രണ്ടാമതൊരു റിസോർട്ട് പദ്ധതിയുമായി താജ് ഗ്രൂപ്പ് വരുന്നു. ബേക്കലിൽ ഒരു സെലക്ഷൻസ് ഹോട്ടൽ തുടങ്ങി ഐ.എച്ച്.സി.എൽ കേരളത്തിലെ സാന്നിധ്യം വിപുലീകരിക്കുന്നത് ബേക്കൽ ടൂറിസം പദ്ധതിക്ക് മുതൽ കൂട്ടാവും.
വൃത്തിയുള്ള ബീച്ച്, കായൽ, കുന്നിൻ പ്രദേശങ്ങൾ, ചരിത്രപരമായ ബേക്കൽ കോട്ട എന്നിവ സ്ഥിതി ചെയ്യുന്ന പ്രകൃതി രമണീയമായ ബേക്കലിൽ നിലവിൽ ടാറ്റാ ഗ്രൂപ്പിന്റെ ഹോട്ടൽ വിഭാഗമായ ഐഎച്ച്.സിഎൽ ന്റെ പ്രീമിയം ബ്രാൻഡായ താജ് റിസോട്ട് ആന്റ് സ്പാ 77 മുറികളോടെ പ്രവർത്തിച്ചു വരുന്നുണ്ട്. ബേക്കൽ മലാംകുന്നിൽ ഗോപാൽ എന്റർപ്രൈസസിന്റെ കീഴിൽ പണി നടന്നുവരുന്ന റിസോർട്ടാണ് 159 മുറികളുമായി താജ് ഗ്രൂപ്പ് ഏറ്റടുക്കുന്നത്. ഇന്ത്യൻ ഹോട്ടൽസ് കമ്പനി, ബേക്കലിൽ സെലക്ഷൻസ് റിസോർട്ട് തുടങ്ങാനായി ഗോപാലൻ എന്റർപ്രൈസസുമായി ധാരണാപത്രത്തിൽ ഒപ്പുവെച്ചു.
റിസോർട്ട് 30 ഏക്കറിൽ
30 ഏക്കറിൽ പരന്നുകിടക്കുന്ന റിസോർട്ടിന്റെ രൂപകല്പന കേരളത്തിന്റെ പ്രാദേശിക ധാർമ്മികതയിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ടതാണ്. ഹോട്ടൽ , ഡൈനിംഗ് റെസ്റ്റോറന്റ്, ബാർ, കൂടാതെ സാമൂഹികവും ബിസിനസ്സ് ഒത്തുചേരലുകൾക്കും, കല്യാണങ്ങൾക്കും വിരുന്നുകൾക്കും അനുയോജ്യമായ മനോഹരമായ തുറന്ന ഇടങ്ങളും കൺവെൻഷൻ സെന്ററും ഉൾപ്പെടെയുള്ള സൗകര്യങ്ങൾ ഇവിടെ ഉണ്ടാകും. ഹോട്ടലിൽ വലിയ വെൽനസ് സൗകര്യവും ഒരുക്കും. ബേക്കൽ കടൽ തീരത്ത് മൂന്ന് ഏക്കറിൽ ബീച്ച് അനുഭവവും സമ്മാനിക്കും. ഈ ഹോട്ടൽ കൂടി വരുന്നതോടെ കേരളത്തിൽ വികസിപ്പിച്ചുകൊണ്ടിരിക്കുന്ന നാലെണ്ണം ഉൾപ്പെടെ വിവിധ ബ്രാൻഡുകളിലായി ഐ.എച്ച്.സി.എല്ലിന് 14 ഹോട്ടലുകൾ ഉണ്ടാകും. നിലവിലെ താജ് റിസോർട്ട് ആന്റ് സ്പായിലെ പ്രസിഡൻഷ്യൽ സ്യൂട്ടിന്റെ താരിഫ് ഒന്നര ലക്ഷത്തിൽ അധികമായിട്ടും ഗസ്റ്റുകൾ എത്തുന്നുണ്ട്.
ആറ് റിസോർട്ടുകളുടെ പദ്ധതി
1995 ൽ ടൂറിസം പദ്ധതി നടപ്പിലാക്കാൻ സർക്കാർ ബി.ആർ.ഡി.സി രൂപീകരിച്ചതോടെയാണ് ബേക്കലിന്റെ സാദ്ധ്യത തെളിഞ്ഞത്. 235 ഏക്കർ ഏറ്റെടുത്ത് ആറു റിസോർട്ടുകൾ നിർമ്മിക്കാനായി ഗ്ലോബൽ ടെന്ററിലൂടെ സ്വകാര്യ സംരഭകരെ ഏൽപ്പിക്കുകയുമായിരുന്നു. ഇതിൽ താജ് , ലളിത് റിസോർട്ടുകൾ ബേക്കലിൽ പ്രവർത്തനം തുടങ്ങി.
ബേക്കലിലെ ഞങ്ങളുടെ രണ്ടാമത്തെ ഹോട്ടലാണിത്. ഈ പദ്ധതിക്കായി ഗോപാലൻ എന്റർപ്രൈസസുമായി സഹകരിക്കുന്നതിൽ ഞങ്ങൾക്ക് സന്തോഷമുണ്ട്..'
- സുമ വെങ്കിടേഷ് (ഐ.എച്ച്.സി.എൽ എക്‌സിക്യൂട്ടീവ് വൈസ് പ്രസിഡന്റ്)