കണ്ണൂർ: മഹാത്മാ അയ്യങ്കാളി നഗര തൊഴിലുറപ്പ് പദ്ധതിയിൽ മട്ടന്നൂർ നഗരസഭക്ക് സംസ്ഥാന തലത്തിൽ മൂന്നാം സ്ഥാനം
മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി നടത്തിപ്പിൽ സംസ്ഥാന സർക്കാർ ഏർപ്പെടുത്തിയ അവാർഡ് മാതൃകയിൽ 2021 -22 വർഷം മുതൽ മഹാത്മാ അയ്യങ്കാളി തൊഴിലുറപ്പ് പദ്ധതി നിർവ്വഹണത്തിനും അവാർഡ് ഏർപ്പെടുത്തിയിട്ടുണ്ട്. അവാർഡിന് പരിഗണിക്കാൻ സർക്കാർ തയ്യാറാക്കിയ അവലോകന മോണിറ്ററിംഗ് റിപ്പോർട്ടിലാണ് മട്ടന്നൂർ നഗരസഭയുടെ നേട്ടം വെളിപ്പെടുത്തിയത്.
70 പോയിന്റോടെ താനൂർ മുനിസിപ്പാലിറ്റി ഒന്നാം സ്ഥാനത്തും 59 പോയിന്റോടെ വൈക്കം മുനിസിപ്പാലിറ്റി രണ്ടാം സ്ഥാനത്തും എത്തി. മട്ടന്നൂർ മുനിസിപ്പാലിറ്റിക്ക് 56 പോയിന്റ് ലഭിച്ചു.
2021-22 വർഷം 1,52,751,701 രൂപയാണ് ചെലവഴിച്ചത്. 60,278 തൊഴിൽ ദിനങ്ങൾ സൃഷ്ടിക്കാനും സാധിച്ചു.ആകെ 1625 തൊഴിലാളികളാണ് നഗരസഭയിൽ ഉള്ളത്. ഇതിൽ 1570 പേർക്ക് തൊഴിൽ നല്കാൻ നഗരസഭക്ക് സാധിച്ചു. കഴിഞ്ഞ മൂന്ന് വർഷത്തിനകം നഗരസഭയിൽ തൊഴിലുറപ്പ് പദ്ധതിയിൽ ചെലവഴിച്ചത് 4,57,87,899 രൂപയാണ്.
അയ്യങ്കാളി നഗര തൊഴിലുറപ്പ് പദ്ധതി
നഗരപ്രദേശങ്ങളിൽ വസിക്കുന്ന ദുർബല കുടുംബങ്ങൾക്ക് മറ്റുതരത്തിലെ തൊഴിലുകൾ ലഭ്യമല്ലാതിരിക്കുകയും തൊഴിൽ കുറവ് വരുന്നതുമായ അവസരങ്ങളിൽ തൊഴിൽ ലഭ്യമാക്കുന്നതിനുള്ള സംസ്ഥാന സർക്കാർ പദ്ധതിയാണ് മഹാത്മാ അയ്യങ്കാളി നഗര തൊഴിലുറപ്പ് പദ്ധതി. നഗരസഭയിൽ രജിസ്റ്റർ ചെയ്യുന്ന ഓരോ കുടുംബത്തിനും തൊഴിൽ കാർഡും തൊഴിലും ലഭ്യമാക്കുന്നതാണ് പദ്ധതി. ഒരു സാമ്പത്തിക വർഷത്തിൽ പദ്ധതി വഴി കുറഞ്ഞത് 100 ദിവസം തൊഴിൽ ഉറപ്പാക്കുന്നു.
നേട്ടത്തിനു പിന്നിൽ
കുടിവെള്ള പദ്ധതിയുടെ ഭാഗമായി 23 കിണർ നിർമ്മിക്കുകയും ആസ്തി വികസന പദ്ധതിയുടെ ഭാഗമായി 38 കോൺക്രീറ്റ് റോഡുകളുടെ പ്രവൃത്തി പൂർത്തീകരിക്കുകയും ചെയ്തു. സുഭിക്ഷ കേരളം പദ്ധതിയുടെ ഭാഗമായി 62 ഏക്കർ തരിശു ഭൂമി കൃഷിയോഗ്യമാക്കാൻ കഴിഞ്ഞു. ക്ഷീര കർഷകർക്കുള്ള പ്രത്യേകപദ്ധതി നടപ്പിലാക്കി. 17 തോടുകളിൽ ഹരിത കേരളം മിഷനുമായി സഹകരിച്ച് ഇനി ഞാൻ ഒഴുകട്ടെ പദ്ധതി നടപ്പിലാക്കി പ്രളയ ഭീഷണി ലഘുകരിക്കാൻ കഴിഞ്ഞു.