blood

കണ്ണൂർ : നിശ്ചിത കാലയളവിൽ രക്തസ്രാവം നിയന്ത്രിക്കുന്നതിന് തുടർച്ചയായി ഫാക്ടർ 8 നൽകുന്ന പ്രൊഫിലാക്സിസ് ചികിത്സയില്ലാത്തതു കാരണം പതിനെട്ട് വയസ്സിനു മുകളിലുള്ള ഹീമോഫീലിയ രോഗികൾ കടുത്ത യാതനയിൽ. മരണകാരണമായ ഗുരുതര രക്തസ്രാവം തടയുന്നതിന് എല്ലാ പ്രായത്തിലുള്ള ഹീമോഫീലിയ രോഗികൾക്കും പ്രൊഫിലാക്സിസ് ചികിത്സ നൽകുമെന്ന് സർക്കാർ പ്രഖ്യാപിച്ചെങ്കിലും നടപ്പിലായില്ല. ഇപ്പോൾ 18 വയസ്സ് വരെയുള്ള കുട്ടികൾക്ക് മാത്രമേ ഈ ചികിത്സ നൽകി വരുന്നുള്ളൂ.

പ്രൊഫിലാക്സിസ് ചികിത്സ ലഭിക്കാത്തതിനാൽ ഹീമോഫീലിയ ബാധിതരായ യുവാക്കൾ മരണത്തിന് കീഴടങ്ങുകയാണ്.മലപ്പുറം ജില്ലയിലെ കിഴിശ്ശേരി സ്വദേശി അബ്ദുസ്സമദ് ,കൊണ്ടോട്ടി എടവണ്ണ പാറയിലെ ഉനൈസ് എന്നീ യുവാക്കളുടെ മരണം ഈ ചികിത്സാ സംവിധാനത്തിന്റെ അഭാവം മൂലമായിരുന്നു. അബ്ദുസ്സമദിന്റെ സഹോദരൻ മുഹമ്മദ് ജരീഷും ഏതാനും വർഷം മുമ്പ് ഗുരുതരമായ രക്തസ്രാവത്തെ തുടർന്ന് മരണപ്പെട്ടിരുന്നത്. രോഗികൾ ഓരോ ദിവസവും കടുത്ത ആശങ്കയിലാണ് കഴിയുന്നത്. ഏതു സമയത്താണ് മരുന്നുകൾ കൊണ്ട് പോലും നിയന്ത്രിക്കാനാവാത്ത രക്തസ്രാവം വരികയെന്ന് പറയാനാവില്ല. പ്രൊഫിലാക്സിസ് ചികിത്സ കൊണ്ടല്ലാതെ ഇത് തടയാനാവില്ലെന്നാണ് ഈ രംഗത്തെ വിദഗ്ദർ ചൂണ്ടിക്കാട്ടുന്നത്.

രോഗികളുടെ വീടുകളിൽ വെച്ച് തന്നെ ഇത് നൽകാനുള്ള സംവിധാനമുണ്ടാവേണ്ടതുണ്ട്. എന്നാൽ മരുന്നുപയോഗത്തിലെ ചില ക്രമക്കേടുകൾ ചൂണ്ടിക്കാട്ടി വീടുകളിലെ ചികിത്സ സർക്കാർ നിർത്തി വെച്ചിരുന്നു. എന്നാൽ ശക്തമായ പ്രതിഷേധത്തെ തുടർന്ന് ഈ തീരുമാനം ഒഴിവാക്കിയെങ്കിലും ഒരു വയൽ മാത്രം കൈവശം വെക്കാൻ മാത്രമാണ് അനുമതി നൽകിയത്. ഒരിക്കൽ രക്തസ്രാവമുണ്ടാവുമ്പോൾ അഞ്ചിലധികം വയലുകളെങ്കിലും ആവശ്യമായി വന്നേക്കാം. ഇത് നൽകാനുള്ള നടപടിയുണ്ടാവേണ്ടതുണ്ടെന്ന് ബ്ലഡ് പേഷ്യന്റ് സ് പ്രൊട്ടക്ഷൻ കൗൺസിൽ ആവശ്യപ്പെട്ടു.

പ്രൊഫിലക്സ് ചികിത്സ

രക്തത്തിൽ ഫാക്ടർ-8, ഫാക്ടർ-9 എന്നിവയുടെ അഭാവംകൊണ്ട് മുറിവുണ്ടായാൽ രക്തം കട്ടപിടിക്കാതിരിക്കുന്ന ജനിതകവൈകല്യമാണ് ഹീമോഫീലിയ. നിശ്ചിത കാലയളവിൽ തുടർച്ചയായി ഫാക്ടർ-8 നൽകുന്ന ചികിത്സാരീതിയാണ് പ്രൊഫിലാക്‌സിസ്. ഇത് ആന്തരിക രക്തസ്രാവം നിയന്ത്രിച്ചുനിർത്തുകയും ഭാവിയിൽ ഉണ്ടാകാനിടയുള്ള വൈകല്യങ്ങളെ തടയാനും കഴിയും.

18 വയസ്സിന് മുകളിലുള്ള ഹീമോഫീലിയ രോഗികൾക്ക് ചികിത്സ നൽകാനുള്ള സംവിധാനം ഉറപ്പാക്കണമെന്ന് ആവശ്യപ്പെട്ട് മുഖ്യമന്ത്രി, ആരോഗ്യമന്ത്രി എന്നിവർക്ക് നിവേദനം നൽകിയിട്ടുണ്ട്-
കരീം കാരശ്ശേരി,സംസ്ഥാന ജനറൽ കൺവീനർ
ബ്ലഡ് പേഷ്യന്റ് സ് പ്രൊട്ടക്ഷൻ കൗൺസിൽ , കേരള