പയ്യന്നൂർ: തന്റെ ആത്മകഥയിൽ പരാമർശിക്കുന്ന ബാർബർ, യഥാർത്ഥ ജീവിതത്തിൽ ജോലി മതിയാക്കി വിശ്രമ ജീവിതത്തിനായി വീട്ടിലേക്ക് മടങ്ങുമ്പോൾ നൽകിയ യാത്രയയപ്പ് സമ്മേളനത്തിൽ സ്നേഹാദരം അർപ്പിക്കുവാൻ കഥാകാരനും എത്തി. പ്രസിദ്ധ സാഹിത്യകാരൻ സി.വി.ബാലകൃഷ്ണന്റെ 'പരൽമീൻ നീന്തുന്ന പാടം' എന്ന ആത്മകഥയിലെ പ്രതിപാദ്യവ്യക്തിയായിരുന്ന അന്നൂരിലെ ബാർബർ എൻ.വി. കൃഷ്ണന് സഞ്ജയൻ സ്മാരക ഗ്രന്ഥാലയത്തിന്റെ ആഭിമുഖ്യത്തിൽ നൽകിയ സ്നേഹാദരം ചടങ്ങ് ഉദ്ഘാടനം ചെയ്തത് കഥാകൃത്ത് കൂടിയായ സി.വി. ബാലകൃഷ്ണനായിരുന്നു.

അറുപത് വർഷക്കാലം നാടിന്റെ ആത്മാവിന്റെ ഭാഗമായി മാറിയ എൻ.വി. കൃഷ്ണനും അദ്ദേഹത്തിന്റെ ബാർബർഷാപ്പും അന്നൂരിന്റെ സാംസ്കാരിക സപര്യയുടെ ഒഴിവാക്കാനാവാത്ത ഭാഗമായിരുന്നുവെന്ന് സി.വി.ബാലകൃഷ്ണൻ അഭിപ്രായപ്പെട്ടു. നന്മയുടെയും നിഷ്കളങ്കതയുടെയും പ്രതീകമായിരുന്നു കൃഷ്ണനെന്നും അദ്ദേഹം പറഞ്ഞു. ഒരു കാലത്ത് അന്നൂരിന്റെ കലാപാരമ്പര്യത്തിന്റെ സംഗമസ്ഥാനം കൂടിയായിരുന്നു കൃഷ്ണന്റെ ബാർബർഷാപ്പ്.

സ്നേഹാദരം ചടങ്ങിൽ ഗ്രന്ഥാലയം പ്രസിഡന്റ് കെ. രാമചന്ദ്രൻ അദ്ധ്യക്ഷത വഹിച്ചു. എ.കെ.പി. നാരായണൻ, പി. സുകുമാരൻ, കെ.പി. മനോജ്, രാജീവൻ രാമാസ്, എം. ശ്രീകാന്ത് സംസാരിച്ചു. ചടങ്ങിൽ തിങ്കളാഴ്ച നിശ്ചയം സിനിമയിലെ അഭിനേതാവ് സി.കെ.സുനിലിനെ അനുമോദിച്ചു. സി.വി. വിനോദ് കുമാർ സ്വാഗതവും പി. രവിചന്ദ്രൻ നന്ദിയും പറഞ്ഞു.