bjp

കാസർകോട്: കുമ്പള ഗ്രാമ പഞ്ചായത്തിൽ സി.പി.എം അംഗം ബി.ജെ.പി പിന്തുണയോടെ സ്റ്റാൻഡിംഗ് കമ്മറ്റി ചെയർമാനായതിൽ എതിർപ്പുള്ള ഒരു വിഭാഗം ബി.ജെ.പി പ്രവർത്തകർ കാസർകോട് ജില്ലാ കമ്മറ്റി ഓഫീസ് താഴിട്ടുപൂട്ടി.

തദ്ദേശ തിരഞ്ഞെടുപ്പിനെ തുടർന്ന് സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാനായി തിരഞ്ഞെടുക്കപ്പെട്ട സി.പി.എം അംഗം കൊഗ്ഗുവിനെ, ബി.ജെ.പി പ്രവർത്തകൻ കുമ്പള കോയിപ്പാടിയിലെ വിനുവിനെ കൊലപ്പെടുത്തിയ കേസിൽ കഴിഞ്ഞ ദിവസം ജില്ലാ സെഷൻസ് കോടതി ഏഴു വർഷം കഠിന തടവിന് ശിക്ഷിച്ചതോടെയാണ് അമർഷം പൊട്ടിത്തെറിയായി മാറിയത്. മറ്റു പ്രതികളെയും കോടതി ശിക്ഷിച്ചിരുന്നു.

ജെ.പി കോളനിയിലെ ബി.ജെ.പി പ്രവർത്തകൻ ജ്യോതിഷ് ആത്മഹത്യ ചെയ്ത സംഭവത്തിലും അണികൾ പ്രകോപനത്തിലാണ്.

മഞ്ചേശ്വരം, കുമ്പള, കാസർകോട് മേഖലയിലെ നൂറുകണക്കിന് പ്രവർത്തകരാണ് ഓഫീസിന് മുന്നിൽ പ്രതിഷേധിച്ചത്.

സംസ്ഥാന പ്രസിഡന്റ് കെ. സുരേന്ദ്രൻ വിവിധ പരിപാടികളിൽ പങ്കെടുക്കാൻ എത്തുന്നുണ്ടെന്ന് അറിഞ്ഞാണ് തങ്ങളുടെ വികാരം അറിയിക്കാൻ പ്രവർത്തകർ എത്തിയത്. എന്നാൽ സുരേന്ദ്രൻ എത്തിയിരുന്നില്ല.

ബി .ജെ. പി ജില്ലാ വൈസ് പ്രസിഡന്റ് പി. രമേശൻ ജില്ലാ പ്രസിഡന്റ് രവീശ തന്ത്രി കുണ്ടാറിന് കഴിഞ്ഞ ദിവസം രാജിക്കത്ത് നൽകിയിരുന്നു. അതിന് പിന്നാലെയാണ് ഇന്നലത്തെ നാടകീയ സംഭവവികാസങ്ങൾ.

സി.പി.എമ്മിന് പിന്തുണ നൽകിയ പഞ്ചായത്ത് അംഗങ്ങളായ പ്രേമലതയും പ്രേമാവതിയും രാജിവെക്കണം, സി. പി. എമ്മുമായി ബന്ധം ഉറപ്പിച്ച സംസ്ഥാന സെക്രട്ടറി കെ.ശ്രീകാന്ത്, പി.സുരേഷ് കുമാർ ഷെട്ടി, മണികണ്ഠ റൈ എന്നിവർക്കെതിരെ നടപടി എടുക്കണം എന്നീ ആവശ്യങ്ങളും പ്രവർത്തകർ ഉന്നയിച്ചു. സംസ്ഥാന പ്രസിഡന്റ് ഇവർക്കെല്ലാം സ്ഥാനക്കയറ്റം നൽകിയെന്നും പ്രവർത്തകർ ആരോപിച്ചു.

ജില്ലയിലെ എല്ലാ പരിപാടികളും തടയുമെന്നും പ്രവർത്തകർ പറഞ്ഞു.