തലശ്ശേരി: മലബാർ കാൻസർ സെന്ററിൽ ചികിത്സയ്ക്കും തുടർചികിത്സയ്ക്കും എത്തുന്നവർക്ക് ആശ്രയകേന്ദ്രമാണ് ഇതിനോടു ചേർന്നുള്ള ആശ്രയ ചാരിറ്റബിൾ ട്രസ്റ്റ്. രോഗാതുരതരായ, നിർദ്ധനരായ നൂറുകണക്കിന് രോഗികൾക്കും കൂട്ടിരിപ്പുകാർക്കും കോടിയേരിയിലെ ആശ്രയ ചാരിറ്റബിൾ ട്രസ്റ്റ് സ്‌നേഹ വീടുതന്നെയാണ്. ജീവിതവഴിയിൽ തളർന്നു പോയവർക്ക് ഇവിടം സാന്ത്വനവും സ്‌നേഹവും പകർന്നുനൽകും.
മാസങ്ങൾ നീളുന്ന ചികിത്സയ്ക്കിടെ 'ആശ്രയ'യിലെത്തുന്ന രോഗികളും കൂട്ടിരിപ്പുകാരും പിന്നീടൊരിക്കലും ഈ സന്നദ്ധ സേവനസ്ഥാപനത്തെ ഓർക്കാതിരിക്കില്ല. അത്രമേൽ ആത്മബന്ധവും, ആത്മവിശ്വാസവും വളർത്തിയെടുക്കാൻ ഈ സ്ഥാപനത്തിനാവുന്നു. രോഗവിമുക്തിക്ക് ശേഷം ഇവിടം വിട്ടുപോകുന്നവർ വീണ്ടും സൗഹൃദം പുതുക്കാൻ വേണ്ടി മാത്രം വിദൂരങ്ങളിൽ നിന്നും ഇവിടെ വന്നെത്തുക പതിവാണ്.
കാസർകോട് ബന്തടുക്കയിൽ നിന്നുള്ള ദേവകി ശസ്ത്രക്രിയക്ക് ശേഷം, കൂട്ടിരിപ്പുകാരി അനിതയുമായി ആശ്രയയിൽ താമസിച്ച് 35 റേഡിയേഷൻ ചെയ്ത് രോഗം പൂർണമായും ഭേദമായി വീട്ടിലേക്കു മടങ്ങമ്പോൾ, വീട്ടിൽ നിന്നും വന്നവർ കൊണ്ടുവന്നത് സ്വന്തം കൃഷിയിടത്തിലെ കോവക്ക, വാഴക്കുലകൾ, കിഴങ്ങ്, വെള്ളരി, മധുരക്കിഴങ്ങ്, തേങ്ങ തുടങ്ങിയ വിളവുകളാണ്. തൊട്ടുമുമ്പുള്ള നാളിൽ ഇതേപോലെ ഒന്നരമാസത്തെ താമസത്തിനൊടുവിൽ യാത്ര പറയവെ, കൽപ്പറ്റയിലെ ജയരാജനെയും ഭാര്യ ഫിലോമിനയെയും സ്വീകരിക്കാനെത്തിയ ബന്ധുക്കൾ, വീട്ടിൽ കൃഷി ചെയ്ത വിളവുകൾ തന്നെയാണ് സ്‌നേഹോപഹാരമായി നൽകിയത്.
തുടങ്ങിയത് 2016ൽ
മലബാർ കാൻസർ സെന്ററിൽ വരുന്ന നിർദ്ധനരായ രോഗികൾക്കും കൂട്ടിരിപ്പുകാർക്കും താമസവും ഭക്ഷണവും മറ്റു സൗകര്യങ്ങളും ഒരുക്കുക എന്ന ലക്ഷ്യത്തോടെ ആരംഭിച്ച ആശ്രയ സാന്ത്വന പരിചരണ കേന്ദ്രം ഇതിനകം ഒട്ടേറെ പാവങ്ങൾക്കാണ് താങ്ങും തണലുമായി മാറിയത്.തലശ്ശേരിയുടെ മുൻ എം.എൽ.എയായിരുന്ന കോടിയേരി ബാലകൃഷ്ണന്റെ ഇച്ഛാശക്തിയിലും ആർജ്ജവത്തിലുമാണ് 2016 ൽ കേൻസർ സെന്ററിനടുത്ത് ആശ്രയ ചാരിറ്റബിൾ ട്രസ്റ്റ് പ്രവർത്തനമാരംഭിച്ചത്.
പ്രവാസി വ്യവസായിയും പ്രമുഖ ജീവകാരുണ്യ പ്രവർത്തകനുമായ ഒ.വി മുസ്തഫ ചെയർമാനായും സ്ഥലം എം.എൽ എ അഡ്വ: എ.എൻ .ഷംസീർ വർക്കിംഗ് ചെയർമാനായും കെ. അച്യുതൻ സെക്രട്ടറിയായും എം.വി ബലറാം ട്രഷററുമായുള്ള കമ്മിറ്റിയാണ് ഈ ജീവകാരുണ്യ പ്രസ്ഥാനത്തെ നയിക്കുന്നത്.
ചിത്രവിവരണം: ചികിത്സ കഴിഞ്ഞ് മടങ്ങുന്ന കാസർകോട്ടെ ദേവകിയെ കൂട്ടിക്കൊണ്ടുപോകാൻ വന്ന ബന്ധുക്കൾ ആശ്രയയിൽ സമ്മാനിച്ച വീട്ടിലെ വിളവുകൾ