പയ്യന്നൂർ : ഏവരെയും സഹോദരതുല്യം സ്നേഹിക്കുവാനും , സംഘടന കൊണ്ട് ശക്തരാകുവാനുമുള്ള ശ്രീ നാരായണ ഗുരുദേവ സന്ദേശങ്ങൾക്ക് പ്രസക്തി വർദ്ധിച്ച് വരുന്ന കാലഘട്ടത്തിലൂടെയാണ് മാനവരാശി കടന്ന് പോകുന്നതെന്ന് എസ്.എൻ.ഡി.പി.യോഗം ദേവസ്വം സെക്രട്ടറി അരയാക്കണ്ടി സന്തോഷ് പറഞ്ഞു. ക്ഷീര ടവർ ഓഡിറ്റോറിയത്തിൽ എസ്.എൻ.ഡി.പി പയ്യന്നൂർ യൂണിയൻ ശാഖാ യോഗങ്ങളിലെ വനിത , യൂത്ത് മൂവ്മെന്റ് പ്രവർത്തക കൺവെൻഷൻ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
സ്വർഗ്ഗവും നരകവും മനസ്സിന്റെ സൃഷ്ടിയാണ്. ആറ്റിൽ കൂടി നീങ്ങുന്ന വഞ്ചിയെ നിയന്ത്രിക്കുന്ന ചെറിയ പങ്കായം മാത്രമാണ് നേതാക്കൾ . ക്ഷമിക്കാനും പൊറുക്കാനുമുള്ള മനസ്സാണ് ഒരു നേതാവിന് വേണ്ട ഏറ്റവും വലിയ ഗുണം. ഗുരുദേവന്റെ പരിപാവന കരങ്ങളാൽ സൃഷ്ടിക്കപ്പെട്ടതാണ് എസ്.എൻ.ഡി.പി.യോഗം . അതിന്റെ ഇന്നത്തെ നേതാവായ വെള്ളാപ്പള്ളി നടേശന്റെ നേതൃപാടവത്തിൽ സംഘടന ശക്തമായി മുന്നോട്ട് നീങ്ങുകയാണ്. പയ്യന്നൂരും പരിസരത്തുമുള്ള ഗുരുദേവ ഭക്തരുടെ ആഗ്രഹവും അഭ്യർത്ഥനയുടെയും ഫലമായാണ് പയ്യന്നൂർ യൂണിയൻ നിലവിൽ വന്നത്. എസ്. എൻ.ഡി.പി. യോഗത്തിന്റെ ചട്ടക്കൂട്ടിൽ നിന്ന് ചിലർ വ്യതിചലിക്കാൻ ശ്രമിച്ചതും പയ്യന്നൂർ യൂനിയൻ നിലവരുന്നതിന് കാരണമായിട്ടുണ്ടെന്ന് അദ്ദേഹം പറഞ്ഞു.
പയ്യന്നൂർ യൂണിയൻ ചെയർമാൻ കെ.കെ.ധനേന്ദ്രൻ അദ്ധ്യക്ഷത വഹിച്ചു. സ്വാമി പ്രേമാനന്ദ അനുഗ്രഹഭാഷണം നടത്തി. യോഗം കേന്ദ്ര വനിതാ കമ്മിറ്റി സെക്രട്ടറി അഡ്വ:സംഗീത വിശ്വനാഥ് സംഘടന സന്ദേശം നൽകി. കേന്ദ്ര വനിതാ കമ്മിറ്റി പ്രസിഡന്റ് കെ.പി.കൃഷ്ണ കുമാരി, വൈസ് പ്രസിഡന്റ് ഇ.എസ്.ഷീബ, കേന്ദ്ര കമ്മിറ്റി അംഗം നിർമ്മലാ അനിരുദ്ധൻ, കണ്ണൂർ ജില്ല സെക്രട്ടറി ചന്ദ്രമതി , യൂത്ത് മൂവ്മെൻറ് സംസ്ഥാന പ്രസിഡന്റ് പച്ചയിൽ സന്ദീപ്, രജീഷ് മാരിക്കൽ, അർജുൻ അരയാക്കണ്ടി തുടങ്ങിയവർ സംസാരിച്ചു. പയ്യന്നൂർ യൂണിയൻ കൺവീനർ എം.ജി.സാജു സ്വാഗതവും വൈസ് ചെയർമാൻ ബാബുരാജ് നന്ദിയും പറഞ്ഞു.