ചെറുവത്തൂർ: അച്ഛനും അമ്മയും മരിച്ചതോടെ ജീവിതവും പഠനവും പ്രതിസന്ധിയിലായ നഴ്സിംഗ് കോളേജ് വിദ്യാർത്ഥിനിയെ ഏറ്റെടുത്ത് നാടിന്റെ നല്ല മനസ്. ചെറുവത്തൂർ തിമിരിയിലെ പരേതരായ ജനാർദ്ദനൻ -ദേവി ദമ്പതികളുടെ മകൾ കെ.പി.നന്ദനയുടെ തുടർപഠനത്തിനാണ് നാട്ടുകാർ പണം സ്വരൂപിച്ചു നൽകിയത്.
നന്ദനയുടെ പഠനത്തിനും തുടർ ചിലവുകൾക്കുമായി ഒന്നര മാസം കൊണ്ട് ജനകീയ കമ്മറ്റി സ്വരൂപിച്ചത് 7,90,000 രൂപയാണ്. തിമിരി സർവീസ് സഹകരണ ബാങ്കിലും കാനറ ബാങ്ക് ശാഖയിലും പണം നിക്ഷേപിച്ചതിന്റെ എഫ്.ഡി രസീതിയും പാസ് ബുക്കുമാണ് നന്ദനയ്ക്ക് കൈമാറിയത് . തിമിരി മഹാകവി കുട്ടമത്ത് സ്മാരക ഹൈസ്ക്കൂൾ പരിസരത്ത് ഇന്നലെ വൈകീട്ട് നടന്ന ചടങ്ങിൽ നീലേശ്വരം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് മാധവൻ മണിയറ നന്ദന പഠനസഹായ ഫണ്ട് വിതരണം ചെയ്തു.
ചടങ്ങിൽ കമ്മറ്റി രക്ഷാധികാരി എം. അമ്പൂഞ്ഞി അദ്ധ്യക്ഷത വഹിച്ചു. ജനകീയ കമ്മറ്റി കൺവീനർ വി. വി.തമ്പാൻ ഫണ്ട് സ്വരൂപണത്തിന്റെ റിപ്പോർട്ട് അവതരിപ്പിച്ചു. എം.പി.വി.ജാനകി, വൈ.എം.സി ചന്ദ്രശേഖരൻ എന്നിവർ പ്രസംഗിച്ചു. വാർഡ് മെമ്പറും കമ്മറ്റി ചെയർമാനുമായ സി. യശോദ സ്വാഗതവും ട്രഷറർ എം.സുജിത് കുമാർ നന്ദിയും പറഞ്ഞു.
അച്ഛനും അമ്മയും ഇല്ലാത്തതിന്റെ നൊമ്പരം അലട്ടിയാലും ഒറ്റപ്പെടലിന്റെ സാഹചര്യം ഇനി നന്ദനയ്ക്ക് ഉണ്ടാകില്ല. മുന്നോട്ടുള്ള ജീവിതത്തിൽ എന്നും തുണയായി നാട്ടുകാർ ഉണ്ടാകും- മാധവൻ മണിയറ (നീലേശ്വരം ബ്ളോക്ക് പഞ്ചായത്ത് പ്രസിഡന്റ്)