കണ്ണൂർ: വിവാഹ ആഭാസത്തിനിടെ യുവാവ് ബോംബേറിൽ കൊല്ലപ്പെട്ട തോട്ടട പന്ത്രണ്ട് കണ്ടിയിൽ പ്രദേശവാസികളെ പങ്കെടുപ്പിച്ച് സർവകക്ഷി പൊതുയോഗം.പ്രദേശവാസികൾ ഉൾപ്പെടെ അൻപതോളം പേർ പങ്കെടുത്ത പരിപാടി .മുൻ കടമ്പൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ.വി രവീന്ദ്രൻ ഉദ്ഘാടനം ചെയ്തു.
ജനകീയ കൂട്ടായ്മയിൽ സി.പി.എം പന്ത്രണ്ടുകണ്ടി ബ്രാഞ്ച് സെക്രട്ടി കെ.സുധി അദ്ധ്യക്ഷത വഹിച്ചു.. കോൺഗ്രസ് ബൂത്ത് പ്രസിഡന്റ് പുളുക്കായി സുരേശൻ, ബി.ജെ.പി പ്രതിനിധി മഹേഷ് കണ്ടോത്ത്, യൂത്ത് കോൺഗ്രസ് പ്രതിനിധി ശരത്ത് പോത്തുങ്കണ്ടി കുടുംബശ്രീ അംഗം വി.വി ദീപ, കുന്നുമ്പ്രത്ത് രമേശൻ, റൂബി രാജു, പി.എം രാജൻ, വി.വി രവീന്ദ്രൻ, എന്നിവർ സംസാരിച്ചു.
'സമൂഹമനസാക്ഷിക്ക് അംഗീകരിക്കാൻ കഴിയാത്തത്"
വിവാഹ ആഭാസത്തിനിടെയുണ്ടായ കൊലപാതകം ഒരിക്കലും സമൂഹമനസാക്ഷിക്ക് അംഗീകരിക്കാൻ കഴിയില്ലെന്ന് സർവകക്ഷി പൊതുയോഗം ഉദ്ഘാടനംചെയ്ത കെ.വി രവീന്ദ്രൻ പറഞ്ഞു. നാടിനെ ഞെട്ടിച്ച സംഭവമാണ് കഴിഞ്ഞ ആഴ്ച്ച നടന്നത് അതിദാരുണമായ കൊലപാതകത്തിന് ശേഷം തോട്ടടക്കാർക്ക് കിടന്നുറങ്ങാൻ പോലും കഴിയാത്ത സാഹചര്യമാണുള്ളത്.വിവാഹ വീടുകളിൽ മദ്യം വിളമ്പുന്ന ഏർപ്പാട് ഇനിയെങ്കിലും അവസാനിപ്പിക്കണം.ഈക്കാര്യത്തിൽ കോർപറേഷനും ജില്ലാ പഞ്ചായത്തും നടപ്പിലാക്കുന്ന പ്രോട്ടോക്കോൾ എല്ലാവരും അനുസരിക്കണം' നാടിന്റെ സമാധാനഭംഗമുണ്ടാക്കുന്ന ഒന്നിനും ജനങ്ങൾ കൂട്ടുനിൽക്കരുതെന്നും അദ്ദേഹം ആവശ്യപ്പെട്ടു. കക്ഷിരാഷ്ട്രിയത്തിനതീതമായി എല്ലാവരും വിവാഹ ആഭാസത്തിനെതിരെ ഒറ്റക്കെട്ടായി നിൽക്കണം. നാടിന്റെ സ്വസ്ഥത തകർക്കുന്ന ഇത്തരം ആഭാസങ്ങളിൽ നിന്നും പിൻമാറാൻ യുവതലമുറ തയ്യാറാകണമെന്നും രവീന്ദ്രൻ ആവശ്യപ്പെട്ടു.
ഗ്രന്ഥാലയങ്ങളിൽ പ്രതിജ്ഞ
വിവാഹ ആഭാസത്തിനെതിരെ ജില്ലയിലെ ഗ്രന്ഥാലയങ്ങളിൽ ജനകീയ കൂട്ടായ്മ നടത്തി.പ്രതിജ്ഞ, ജാഗ്രതാ സദസ്, പ്രഭാഷണം, സാംസ്‌കാരിക ജ്യോതി എന്നിവ വിവിധ വായനശാലകളിൽ നടന്നു.എടക്കാട് നേതൃസമിതി തല ഉദ്ഘാടനം ആറ്റപ്പെ ഗ്രാമോദ്ധാരണ വായനശാലയിൽ പുരോഗമന കലാസാഹിത്യ സംഘം മേഖലാ സെക്രട്ടറി രവീന്ദ്രൻ കിഴുന്ന ഉദ്ഘാടനം ചെയ്തു.
കണ്ണൂർ മുനിസിപ്പൽ നേതൃസമിതിതലത്തിൽ മരക്കാർകണ്ടി യുവജന വായനശാലയിൽ സിനിമാ ആർട്ടിസ്റ്റ് ശ്രീധരൻ ഉരുവച്ചാൽ ഉദ്ഘാടനംചെയ്തു.തോട്ടട പ്രദീശൻ സ്മാരക വായനശാലയിൽ പ്രത്യുഷ് പുരുഷോത്തമനും .കൊശോർ മൂല ദേശപോഷിണി വായനശാലയിൽ കോർപ്പറേഷൻ കൗൺസിലർ കെ.വി.സവിതയും വട്ടക്കുളം ദേശസേവാസംഘം വായനശാലയിൽ സി.പ്രിയയും ചിറക്കുതാഴെ ജ്ഞാനോദയ വായനശാലയിൽ ഡോ.അശോകൻ മുണ്ടോനും ജനകീയ കൂട്ടായ്മകൾ ഉദ്ഘാടനം ചെയ്തു.