തലശ്ശേരി: കടത്തനാടൻ കളരിയുടെ എക്കാലത്തെയും പടനായകരായ തച്ചോളി ഒതേനന്റെയും കതിരൂർ ഗുരിക്കളുടെയും ഓർമ്മകളിരമ്പുന്ന പൊന്ന്യം ഏഴരക്കണ്ടത്തിൽ ഇന്ന് പൊന്ന്യത്തങ്കത്തിന് കളരിവിളക്ക് തെളിയും.

കേരള ഫോക്‌ലോർ അക്കാഡമിയും സാംസ്കാരിക വകുപ്പും ചേർന്ന്, പാട്യം ഗോപാലൻ സ്മാരക ക്ലബ്ബിന്റെയും കതിരൂർ പഞ്ചായത്തിന്റെയും സഹകരണത്തോടെ നടത്തുന്ന പൊന്ന്യത്തങ്കം 27ന് സമാപിക്കും. ഇന്നു വൈകുന്നേരം 7ന് കഥാകൃത്ത് ടി പദ്മനാഭൻ പരിപാടി ഉദ്ഘാടനം ചെയ്യും. കാരായി രാജൻ മുഖ്യാതിഥിയാകും. പദ്മനാഭൻ കാവുമ്പായി മുഖ്യപ്രഭാഷണം നടത്തും. തുടർന്ന് ബാംബു സിംഫണി സ്വതന്ത്ര കളരി സംഘവും ഗുരുകൃപ കളരി സംഘവും ഒരുക്കുന്ന കളരിപ്പയറ്റ്.
നാളെ വൈകുന്നേരം 7 ന് കതിരൂർ ഗുരിക്കൾ, തച്ചോളി ഒതേനൻ സ്മരണയിൽ ഒഞ്ചിയം പ്രഭാകരൻ മുഖ്യഭാഷണം നടത്തും. പി. ഹരീന്ദ്രൻ ഉദ്ഘാടനം ചെയ്യും. പൂരക്കളി, വനിത തോൽപ്പാവക്കൂത്ത്, കടത്തനാട് കെ.പി.ചന്ദ്രൻ ഗുരിക്കൾ കളരി സംഘം, കൊയിലാണ്ടി കുറുവച്ചാലിൽ കളരി സംഘം എന്നിവർ ഒരുക്കുന്ന കളരിയങ്കം എന്നിവയും ഉണ്ടാകും.