
അഴീക്കോട് :നിയോജക മണ്ഡലത്തിലെ തോടുകൾ ശുചീകരിച്ച് സംരക്ഷിക്കുന്നതിന്റെ ഭാഗമായി കെ.വി. സുമേഷ് എം.എൽ.എയുടെ നേതൃത്വത്തിലുള്ള സംഘം ചിറക്കൽ, അഴീക്കോട്, വളപട്ടണം പഞ്ചായത്തുകളിലൂടെ കടന്നുപോകുന്ന മുണ്ടോൻവയൽ തോട് സന്ദർശിച്ചു. കാലവർഷത്തിൽ വീടുകളിൽ വെള്ളംകയറാൻ പ്രധാന കാരണം തോടുകളിൽ ആഴമില്ലാത്തതാണെന്ന് എം.എൽ.എ വിലയിരുത്തി.
തോട് നവീകരണവുമായി ബന്ധപ്പെട്ട പദ്ധതി തയാറാക്കാൻ തൊഴിലുറപ്പ് എൻജിനീയർമാർക്കും പഞ്ചായത്ത് എൻജിനീയർമാർക്കും നിർദേശം നൽകി. തുടർന്ന് ലഭിക്കുന്ന റിപ്പോർട്ട് അനുസരിച്ച് ശുചീകരണം ആരംഭിക്കും. ചെളിനീക്കൽ പ്രവൃത്തിയാണ് ആദ്യം ഇവിടെ നടക്കുക. മാർച്ചോടു കൂടെ എല്ലാ തോടുകളും ശുചീകരിക്കും. രണ്ടാംഘട്ടത്തിൽ ഭിത്തികെട്ടൽ പ്രവൃത്തി നടക്കും. ഭിത്തികെട്ടി സംരക്ഷിക്കുന്നതിനുള്ള പദ്ധതി എം.എൽ.എയുടെ നേതൃത്വത്തിൽ തയാറാക്കും. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ.സി ജിഷ, പഞ്ചായത്ത് പ്രസിഡന്റുമാരായ പി.ശ്രുതി (ചിറക്കൽ), പി.പി. ഷമീമ(വളപട്ടണം), കെ അജീഷ് (അഴീക്കോട്), എന്നിവർ പങ്കെടുത്തു.