കണ്ണൂർ: വിവാഹഘോഷയാത്രയോടനുബന്ധിച്ചുണ്ടായ ബോംബേറിൽ യുവാവ് കൊല്ലപ്പെട്ടതിന്റെ പശ്ചാത്തലത്തിൽ ജില്ലാ കോൺഗ്രസ് കമ്മിറ്റി പ്രസിഡന്റ് അഡ്വ. മാർട്ടിൻ ജോർജിന്റെ നേതൃത്വത്തിൽ സമാധാന സന്ദേശയാത്ര നടത്തി. തോട്ടട ബസാറിൽ ഡി.സി.സി പ്രസിഡന്റിന് പതാക സണ്ണിജോസഫ് എം.എൽ.എ കൈമാറിയതോടെയാണ് ജാഥ പ്രയാണം തുടങ്ങിയത്. ജെ ടി എസ്, കുറുവ, തയ്യിൽ വഴി പദയാത്ര സിറ്റി സെന്ററിൽ എത്തിചേർന്നു. തുടർന്ന് നടന്ന സമാപന സമ്മേളനം രാജ്‌മോഹൻ ഉണ്ണിത്താൻ എംപി ഉദ്ഘാടനം ചെയ്തു.
ഉദ്ഘാടനചടങ്ങിൽ മുൻ ഡി.സി സി പ്രസിഡന്റ് സതീശൻ പാച്ചേനി അദ്ധ്യക്ഷത വഹിച്ചു.മേയർ അഡ്വ ടി. ഒ. മോഹനൻ, അഡ്വ. സജീവ് ജോസഫ് എം. എൽ.എ , വി .എ. നാരായണൻ, സജീവ് മാറോളി, എ.ഡി. മുസ്തഫ ,പി .ടി. മാത്യു, ചന്ദ്രൻ തില്ലങ്കേരി ,കെ.സി മുഹമ്മദ് ഫൈസൽ,രജിത്ത് നാറാത്ത്, കെ.പ്രമോദ് , എൻ.പി ശ്രീധരൻ, റിജിൽ മാക്കുറ്റി തുടങ്ങിയവർ പ്രസംഗിച്ചു.
സംസ്ഥാനത്ത് മാഫിയകൾക്ക് ചൂട്ടുപിടിക്കുന്ന ഭരണം :രാജ്മോഹൻ ഉണ്ണിത്താൻ
കണ്ണൂർ: മാഫിയകൾക്കു ചൂട്ടു പിടിക്കുന്ന ഭരണമാണ് കേരളത്തിലെന്ന് രാജ്‌മോഹൻ ഉണ്ണിത്താൻ എം.പി. പറഞ്ഞു.
വിവാഹ ആഭാസം മാത്രമായിരുന്നില്ല തോട്ടടയിലേത്. അതിനു പിന്നിൽ രാഷ്ട്രീയമുണ്ട്. ചെറിയ തർക്കത്തിന്റെ പേരിൽ കൊലപാതകം ലക്ഷ്യമിട്ട് ബോംബുകളും ആയുധങ്ങളുമായി വന്ന ഏച്ചൂരിലെ ക്രിമിനൽ സംഘത്തിന് രാഷ്ട്രീയ പിന്തുണ ലഭിച്ചിട്ടുണ്ട്. ഇവിടെ നടക്കുന്ന ബോംബ് നിർമ്മാണത്തെ കുറിച്ച് അറിഞ്ഞിട്ടും പോലീസ് അന്വേഷണം മന്ദഗതിയിലാണ്. സംഭവം ആസൂത്രണം ചെയ്തവരെ പിടികൂടിയിട്ടില്ല. ക്രിമിനൽ സംഘങ്ങളും ലഹരിമാഫിയയുമൊക്കെ വിളയാടുന്ന പിണറായി കാലത്ത് ജനങ്ങളിലെ ആശങ്കയകറ്റാൻ ഇവർക്കെതിരായി ജനകീയ പ്രതിരോധം സൃഷ്ടിക്കാനാണ് കോൺഗ്രസ് ഇത്തരമൊരു യാത്ര സംഘടിപ്പിച്ചതെന്ന് രാജ്‌മോഹൻ ഉണ്ണിത്താൻ പറഞ്ഞു.