
തലശേരി: പുന്നോലിൽ സി.പി.എം പ്രവർത്തകൻ ഹരിദാസനെ കൊലപ്പെടുത്തിയ കേസിൽ കുലോത്ത് ക്ഷേത്രോത്സവത്തിനിടെയുണ്ടായ സംഘർഷത്തിലുൾപ്പട്ടവരെയും സംഘർഷത്തിന് ശേഷം വിവാദ പ്രസംഗം നടത്തിയ ബി ജെ.പി വാർഡ് കൗൺസിലർ കെ. ലിജേഷിനെയുമാണ് കസ്റ്റഡിയിലെടുത്തത്. ഈ ഏഴുപേരെയും കൂടുതൽ ചോദ്യം ചെയ്താൽ മാത്രമേ കൊലപാതകത്തിൽ ഇവർക്ക് നേരിട്ട് പങ്കുണ്ടോയെന്ന് പറയാൻ സാധിക്കുകയുള്ളൂവെന്നാണ് പൊലീസ് നൽകുന്ന സൂചന.
ലിജേഷിന്റെ പ്രസംഗത്തിലെ ചില പരാമർശങ്ങളാണ് വിവാദമായത്.
'കോടിയേരി മേഖലയുടെ സ്വഭാവമനുസരിച്ച് നമ്മുടെ പ്രവർത്തകരുടെ മേൽ കൈവച്ചിട്ട് അതെങ്ങനെയാണ് കൈകാര്യം ചെയ്യേണ്ടതെന്ന കൃത്യമായ ബോദ്ധ്യം നമുക്കുണ്ട്. ഏത് രീതിയിലാണ് അത് കൈകാര്യം ചെയ്യേണ്ടതെന്ന് കഴിഞ്ഞ കാലഘട്ടങ്ങളിലുള്ള ചരിത്രം പരിശോധിച്ചാൽ ഇവിടെയുള്ള സി.പി.എം നേതാക്കൾക്കറിയാം'-എന്നിങ്ങനെയായിരുന്നു പ്രസംഗം .
അക്രമി സംഘത്തിൽ
5 പേർ: സഹോദരൻ
തലശേരി:ഹരിദാസിനെ ആക്രമിച്ചത് അഞ്ചംഗ സംഘമാണെന്ന് ഇളയ സഹോദരൻ സുരേന്ദ്രൻ പൊലീസിന് മൊഴി നൽകി.
എല്ലാവരും കണ്ടാലറിയാവുന്ന ആർ. എസ്. എസ്. -ബി.ജെ.പി പ്രവർത്തകരാണ്.
ക്ഷേത്രവുമായി ബന്ധപ്പെട്ട് ആർ. എസ്. എസിന്റെയും ബി.ജെ.പിയുടെയും ഭീഷണിയുണ്ടായിരുന്നു. സഹോദരൻ വരാൻ രാത്രി വളരെ വൈകുന്നതുകൊണ്ടാണ് വീട്ടിൽ വന്നു നിന്നത്.
ഇടയ്ക്ക് മയങ്ങിപ്പോയി. പുലർച്ചെ ഒന്നരയോടെ ബഹളം കേട്ടാണ് ഉണർന്നത്. ഓടിയെത്തിയപ്പോൾ ആയുധം വീശി അക്രമികൾ രക്ഷപ്പെടുകയായിരുന്നു.
അന്വേഷണത്തിന്
ആറ് സംഘങ്ങൾ
കണ്ണൂർ: സി.പി.എം പ്രവർത്തകൻ ഹരിദാസനെ കൊലപ്പെടുത്തിയ കേസിന്റെ അന്വേഷണം ആറ് സംഘങ്ങളായി തിരിഞ്ഞായിരിക്കുമെന്ന് കണ്ണൂർ സിറ്റി പൊലീസ് കമ്മിഷണർ ആർ.ഇളങ്കോ അറിയിച്ചു.
കൊല രാഷ്ട്രീയ പ്രേരിതമാണോയെന്ന് സ്ഥിരീകരിച്ചിട്ടില്ല. ഇക്കാര്യങ്ങൾ അന്വേഷണത്തിന്റെ പരിധിയിലാണ്. വിവാദ പ്രസംഗം നടത്തിയ ബി.ജെ.പി കൗൺസിലർ ലിജീഷ് അടക്കം ഏഴുപേർ കസ്റ്റഡിയിലാണെന്നും കമ്മിഷണർ അറിയിച്ചു.
കൊല നടന്ന ഹരിദാസന്റെ വീട്ടിന് മുന്നിൽ ഫോറൻസിക് വിഭാഗത്തിന്റെ നേതൃത്വത്തിൽ പരിശോധന നടത്തി.
ഇരുമ്പ് ദണ്ഡ്, വാൾ എന്നിവ കണ്ടെടുത്തു.ഇത് ഉപയോഗിച്ചാണോ കൊല ചെയ്തതെന്ന് ഫോറൻസിക് അന്വേഷണം പൂർത്തിയാൽ മാത്രമെ ബോദ്ധ്യമാകുകയുള്ളു.
കണ്ണൂർ റെയ്ഞ്ച് ഡി. ഐ. ജി. രാഹുൽ ആർ. നായർ, സിറ്റി പൊലീസ് കമ്മിഷണർ ആർ. ഇളങ്കോ തുടങ്ങിയവരുടെ നേതൃത്വത്തിൽ വൻ പൊലീസ് സംഘം സ്ഥലത്തെത്തിയിരുന്നു.