cpm
കൊല്ലപ്പെട്ട സി.പി.എം.പ്രവർത്തകൻ ഹരിദാസിന്റെ മൃതദേഹവും വഹിച്ചുകൊണ്ടുള്ള വിലാപ യാത്ര കണ്ണൂർ തെക്കി ബസാറിൽ എത്തിയപ്പോൾ

പതിനഞ്ചു വർഷത്തിനിടെ കണ്ണൂരിൽ ഉണ്ടായത് 15 രാഷ്ട്രീയ കൊലപാതകങ്ങളാണ്.ഇതിൽ രണ്ടെണ്ണം ഇരട്ട കൊലപാതകങ്ങളും. 2021 ഏപ്രിൽ ആറിന് പാനൂരിൽ മുസ്ലിം ലീഗ് പ്രവർത്തകൻ മൻസൂരിന്റെ കൊലപാതകം കഴിഞ്ഞതിന് ശേഷം ചെറിയൊരു ഇടവേളയ്ക്ക് ശേഷമാണ് ഇന്നലെ തലശേരി പുന്നോലിൽ സി.പി. എം പ്രവർത്തകൻ ഹരിദാസ് കൊല്ലപ്പെട്ടത്.


2016 മേയ് 19 ഏറാങ്കണ്ടി രവീന്ദ്രൻ (സി.പി.എം)
എൽ.ഡി.എഫിന്റെ നിയമസഭാ തിരഞ്ഞെടുപ്പ് വിജയത്തിലെ ആഹ്ലാദ പ്രക

നത്തിനിടെയുണ്ടായ സംഘർഷത്തിലായിരുന്നു കൊലപാതകം.പ്രകടനത്തിന് നേരെ മമ്പറം പടിഞ്ഞിറ്റാമുറിയിൽ വച്ച് ബോംബെറിയുകയും രവീന്ദ്രന്റെ ശരീരത്തിലേക്ക് ടിപ്പർ ലോറി കയറ്റി കൊലപ്പെടുത്തുകയും ചെയ്തുവെന്നാണ് കേസ്. കേസിൽ 15 ബി.ജെ.പി പ്രവർത്തകർ പ്രതികൾ .എല്ലാവരും പിടിയിലായി .കുറ്റപത്രം സമർപ്പിച്ചു. വിചാരണ ആരംഭിച്ചിട്ടില്ല.


2016 ജൂലായ് 11
സി. വി .ധനരാജ് (സി.പി.എം)

പയ്യന്നൂർ കുന്നരുവിലെ രാവിലെ വീട്ടിൽ കയറി വെട്ടിക്കൊലപ്പെടുത്തുകയായിരുന്നു.ബി.ജെ.പി ആർ.എസ്.എസ് പ്രവർത്തകരായ 20 പേർ പ്രതികൾ.എല്ലാവരും അറസ്റ്റിൽ .ഇതിൽ ഒരാൾ (ചൂരക്കാട് ബിജു ) പിന്നീട് കൊല്ലപ്പെട്ടു. കേസിൽ കുറ്റപത്രം സമർപ്പിച്ചു.


സി .കെ . രാമചന്ദ്രൻ (ബി.ജെ.പി)
പയ്യന്നൂരിൽ സി.പി.എം പ്രവർത്തകനായ സി.വി.ധനരാജ് കൊല്ലപ്പെട്ടു മണിക്കൂറുകൾക്കുള്ളിൽ വീട് ആക്രമിച്ച് വെട്ടിക്കൊലപ്പെടുത്തി .എട്ട് സി.പി.എം പ്രവർത്തകർ പ്രതികൾ .എല്ലാവരെയും അറസ്റ്റ് ചെയ്തു .ഒരു പ്രതി മരിച്ചു. കുറ്റപത്രം സമർപ്പിച്ചു.


2016 സെപ്റ്റംബർ 3
മാവില വിനീഷ് (ബി.ജെ.പി)

തില്ലങ്കേരിയിൽ വച്ച് വെട്ടിക്കൊലപ്പെടുത്തി. 6 സി.പി.എം പ്രവർത്തകർ പ്രതികൾ .കുറ്റപത്രം സമർപ്പിച്ചു. വിചാരണ തുടങ്ങിയില്ല. പ്രതികളെല്ലാം ഇപ്പോൾ ജാമ്യത്തിൽ.


2016 ഒക്ടോബർ 10

വാളാങ്കിച്ചാലിൽ കെ. മോഹനൻ(സി.പി.എം)
ജോലിചെയ്യുന്ന കള്ളുഷാപ്പിൽ കയറി വെട്ടിക്കൊലപ്പെടുത്തുകയായിരുന്നു. കൂത്തുപറമ്പ് പൊലീസ് സ്‌റ്റേഷൻ പരിധിയിൽ നടന്ന ഈ കൊലപാതകത്തിൽ പ്രതികൾ ബി.ജെ.പി ആർ.എസ്.എസ് പ്രവർത്തകർ. 16 പ്രതികളും പിടിയിലായി .കേസ് ക്രൈംബ്രാഞ്ചിന് വിട്ടു.


2016 ഒക്ടോബർ 12
വി.രമിത്ത് (ബി.ജെ.പി)

സി.പി.എം പ്രവർത്തകനായ കെ .മോഹനൻ കൊല്ലപ്പെട്ട 48 മണിക്കൂറുകൾക്കുള്ളിൽ ഒരു സംഘം പിണറായിയിൽ രമിത്തിനെ വെട്ടിക്കൊലപ്പെടുത്തി.15 സി.പി.എം പ്രവർത്തകർ പ്രതികൾ . 15 പേരും അറസ്റ്റിലായി. കുറ്റപത്രം നൽകി. വിചാരണ ആരംഭിച്ചിട്ടില്ല.


2017 ജനുവരി 18
ധർമ്മടം അണ്ടല്ലൂർ എഴുത്താൻ സന്തോഷ് (ബി.ജെ.പി)

വീട്ടിൽ കയറി വെട്ടിക്കൊലപ്പെടുത്തി . എട്ട് സി.പി.എം പ്രവർത്തകർ പ്രതികൾ . എട്ടപേരും അറസ്റ്റിലായി. കുറ്റപത്രം നൽകി.


2017 മേയ് 12
ചൂരക്കാട് ബിജു (ബി.ജെ.പി)

സി.പി.എം പ്രവർത്തകനായ ധനരാജ് വധക്കേസിലെ രണ്ടാം പ്രതിയായിരുന്ന ബിജു .ബൈക്കിൽ വരുമ്പോൾ കാറിൽ പിന്തുടർന്നെത്തിയ സംഘം വെട്ടി വീഴ്ത്തുകയായിരുന്നു.12 സി.പി.എം പ്രവർത്തകർ പ്രതികൾ .11 പ്രതികൾ അറസ്റ്റിൽ . ഒരാൾ ഗൾഫിലേക്ക് കടന്നു. കുറ്റപത്രം സമർപ്പിച്ചു.


2018 ജനുവരി 19

ശ്യാമപ്രസാദ് ( ബി.ജെ.പി )
ആർ.എസ്.എസ് ഭാരവാഹിയായിരുന്ന ശ്യാമപ്രസാദിനെ ബൈക്ക് തടഞ്ഞു വെട്ടിക്കൊലപ്പെടുത്തി .പ്രതികൾ എസ്.ഡി.പി.ഐ പ്രവർത്തകർ .14 പ്രതികളും പിടിയിലായി. കൊലപാതകത്തിൽ നേരിട്ട് പങ്കെടുത്ത ആദ്യത്തെ അഞ്ച് പ്രതികൾക്കെതിരെയുള്ള കുറ്റപത്രം സമർപ്പിച്ചു . ഗൂഢാലോചനയിൽ ഉൾപ്പെട്ട ആറു മുതൽ 14 വരെ പ്രതികൾക്കെതിരെയുള്ള കുറ്റപത്രം തയ്യാറാകുന്നു.


2018 ഫെബ്രുവരി 12
എസ് .പി .ഷുഹൈബ് (യൂത്ത് കോൺഗ്രസ്)

യൂത്ത് കോൺഗ്രസ് മട്ടന്നൂർ ബ്ലോക്ക് സെക്രട്ടറിയായിരുന്ന എടയന്നൂരിലെ ഷുഹൈബിനെ വെട്ടിക്കൊലപ്പെടുത്തുകയായിരുന്നു .കേസിൽ സി.പി.എം ലോക്കൽ സെക്രട്ടറി ഉൾപ്പെടെ 18 പ്രതികൾ .എല്ലാവരും സജീവ സി.പി.എം പ്രവർത്തകർ .12 പേരെ പൊലീസ് അറസ്റ്റ് ചെയ്യുകയും ആറ് പേർ കീഴടങ്ങുകയും ചെയ്തു .എല്ലാവരും ജാമ്യത്തിലിറങ്ങി.18 പ്രതികളെ ചേർത്തു കുറ്റപത്രം സമർപ്പിച്ചിരുന്നു.കേസ് സി.ബി.ഐ അന്വേഷിക്കണമെന്നാവശ്യപ്പെട്ട് ഷുഹൈബിന്റെ മാതാപിതാക്കൾ നൽകിയ ഹർജി സുപ്രിം കോടതി പരിഗണനയിലാണുള്ളത്.
സി.ബി.ഐ അന്വേഷിക്കണമെന്ന് ഹൈക്കോടതി ഉത്തരവിട്ടിട്ടുണ്ടെങ്കിലും സർക്കാർ എതിർത്തു സ്‌റ്റേ ചെയ്തിരുന്നു.
അതിനെതിരെയുള്ള ഹർജിയാണ് സുപ്രീം കോടതിയിലുള്ളത്.സി.ബി.ഐ അന്വേഷണം സ്റ്റേ ചെയ്യാൻ സർക്കാർ 1.48 കോടി രൂപ ചെലവഴിച്ചു.


2018 മേയ് 7
മാഹി പള്ളൂരിലെ കണ്ണിപ്പൊയിൽ ബാബു (സി.പി.എം)

ബൈക്കിൽ വീട്ടിലേക്ക് പോകുന്നതിനിടെ റോഡിൽ വച്ച് വെട്ടേറ്റ് മരിച്ചു.കേസിൽ ആർ.എസ്.എസ് ബി.ജെ.പി പ്രവർത്തകരായ 11 പേർ പ്രതികൾ .10 പേർ അറസ്റ്റിലായി. കുറ്റപത്രം നൽകി.


കെ. പി . ഷമേജ് (ബി.ജെ.പി)
കണ്ണിപ്പൊയിൽ ബാബു കൊല്ലപ്പെട്ട ഒരു മണിക്കൂറിനുള്ളിൽ അഞ്ചു കിലോമീറ്റർ അകലെ ഷമേജ് കൊല്ലപ്പെട്ടു.കേസിൽ എട്ട് സി.പി.എം പ്രവർത്തകർ പ്രതികൾ .എട്ടു പേരും അറസ്റ്റിൽ . കുറ്റപത്രം സമർപ്പിച്ചു .


2020 സെപ്തംബർ 8
മുഹമ്മദ് സലാഹുദ്ദീൻ (എസ്.ഡി.പി.ഐ)

കാറിൽ ബന്ധുക്കൾക്കൊപ്പം പോകുന്നതിനിടെ ബൈക്ക് കാർ ഇടിപ്പിച്ച ശേഷം പുറത്തേക്ക് വിളിച്ചിറക്കി വെട്ടിക്കൊലപ്പെടുത്തി.പ്രതികൾ ബി.ജെ.പി ആർ.എസ്.എസ് പ്രവർത്തകർ.10 പ്രതികളിൽ ഒൻപത് പേർ പിടിയിലായി.ഒരാൾ ഇപ്പോഴും ഒളിവിൽ .


2021 ഏപ്രിൽ 6

മൻസൂർ (മുസ്ലീം ലീഗ്)

സംസ്ഥാനത്ത് നിയമസഭാ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് നടന്ന ആക്രമണത്തിൽ സി.പി.എം പ്രവർത്തകരുടെ വെട്ടേറ്റ് ഗുരുതരാവസ്ഥയിലായ പാനൂരിലെ മൻസൂറിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും പിന്നീട് മരിച്ചു. സംഭവത്തിൽ 25 പേരാണ് പ്രതിപ്പട്ടികയിലുള്ളത്. ഇതിനിടെ കൊലപാതകത്തിൽ പങ്കുണ്ടെന്ന് സംശയിക്കുന്ന കൊച്ചിയങ്ങാടി സ്വദേശി രതീഷ് കൂലോത്തിനെ മരിച്ച നിലയിൽ കണ്ടെത്തിയിരുന്നു. കൊലപാതകത്തിനു ശേഷം ഒളിവിലായിരുന്ന ഇയാളെ തൂങ്ങിമരിച്ച നിലയിലാണ് കണ്ടെത്തിയത്.


2022 ഫെബ്രുവരി 21

തലശേരി പുന്നോലിൽ സി.പി. എം പ്രവർത്തകൻ ഹരിദാസ് കൊല്ലപ്പെട്ടു.