
തലശ്ശേരി: പൊലീസിന്റെ ജാഗ്രതക്കുറവാണ് ഒരു മനുഷ്യ ജീവൻ പുന്നോലിൽ കുരുതി കൊടുക്കേണ്ടി വന്നതെന്ന് പരിസരവാസികൾ.സ്‌കൂൾ കുട്ടികൾ തമ്മിലുണ്ടായ ചെറിയ വാക്കേറ്റമാണ് ഒടുവിൽ കൂലോത്ത് ക്ഷേത്ര തിറയോടനുബന്ധിച്ചുള്ള സംഘട്ടനത്തിലേക്ക് വളരുകയും പിന്നിട് സി.പി.എം.പ്രവർത്തകൻ ഹരിദാസന്റെ കൊലപാതകത്തിലേക്കും കലാശിച്ചതും
തലശ്ശേരി ബ്രണ്ണൻ ഹൈസ്‌കൂളിൽ വിദ്യാർത്ഥികൾ തമ്മിലുണ്ടായ കശപിശയുണ്ടായിരുന്നു. ഇത് പിന്നീട് ക്ഷേത്രതിറ നടക്കുമ്പോൾ വാക്കേറ്റവും സംഘട്ടനവുമായി മാറി. പൊലീസിന്റെ സാന്നിദ്ധ്യത്തിലായിരുന്നു ഈ സംഘർഷം. പൊലീസ് കുഴപ്പക്കാരെ പിരിച്ചയച്ചെങ്കിലും ഇരു വിഭാഗവും സംഘം ചേർന്ന് വീണ്ടും അക്രമത്തിന് കോപ്പ് കൂട്ടുകയായിരുന്നു. തുടർന്നുള്ള സംഘട്ടനത്തിൽ കൊല്ലപ്പെട്ട ഹരിദാസന്റെ സഹോദരൻ സുരേന്ദ്രൻ, ഷിജിൻ എന്നീ സി.പി.എം.പ്രവർത്തകർക്കും ആർ.എസ്.എസുകാരായ വിമിൻ., ദീപക് ചാലിക്കണ്ടി എന്നിവർക്കും പരിക്കേറ്റിരുന്നു.
തുടർന്ന് ബി.ജെ.പി പ്രകോപനപരമായ മുദ്രാവാക്യം വിളിച്ചുള്ള പ്രകടനവും പൊതുയോഗവും നടത്തി. അതിൽ ചിലരുടെ പേരെടുത്ത് കൊലവിളിയും നടത്തിയിരുന്നു. ഹരിദാസന്റേയും അനുജൻ സുരേന്ദ്രന്റേയും പടങ്ങൾ വാട്‌സ്ആപ്പ് ഗ്രൂപ്പുകൾ വഴി പ്രചരിപ്പിച്ചതായി സി.പി.എം. ആരോപിക്കുന്നുണ്ട്. വീടുകൾ അക്രമിക്കപ്പെടുമെന്നും, തുടർ സംഘട്ടനങ്ങൾക്ക് സാദ്ധ്യതയുണ്ടെന്നും കാണിച്ച് രഹസ്യാന്വേഷണ വിഭാഗം മേലധികാരികൾക്ക് റിപ്പോർട്ട് ചെയ്തതായി അറിയുന്നു.എന്നാൽ ലോക്കൽ പോലീസ് ശക്തമായ പട്രോളിംഗ് ഏർപ്പെടുത്താനോ, ഇരു പാർട്ടികളുടേയും നേതാക്കളെ വിളിച്ച് സമാധാനം ഉറപ്പ് വരുത്താനോ തയ്യാറായിട്ടില്ലെന്ന ആക്ഷേപമുയർന്നിട്ടുണ്ട്.
സംഘർഷം പുകയുകയും ഇരു വിഭാഗത്തിലേയും പാർട്ടി പ്രവർത്തകർ ജോലിക്ക് പോകാതിരിക്കുകയും ചെയ്യുന്ന സാഹചര്യത്തിൽ പൊലീസ് ലാഘവത്തോടെ നോക്കിക്കണ്ടതാണ് പ്രശ്‌നം കൂടുതൽ വഷളാക്കാൻ ഇടയാക്കിയതെന്ന് ഇരു രാഷ്ട്രീയ നേതൃത്വങ്ങൾക്കും ആക്ഷേപമുണ്ട്.