കൂത്തുപറമ്പ്: നഗരത്തിലുണ്ടായ അഗ്നിബാധയിൽ വൻ നാശനഷ്ടം. നഗരസഭാ ഓഫീസിന് സമീപത്ത് നിരവധി വ്യാപാര സ്ഥാപനങ്ങൾ പ്രവർത്തിക്കുന്ന കെട്ടിടത്തിനാണ് തീപിടിച്ചത്. ഫയർഫോഴ്സ് എത്തി ഉടൻ തീ അണച്ചതിനാൽ വൻ ദുരന്തം വഴിമാറി. തിങ്കളാഴ്ച്ച രാവിലെ 10 മണിയോടെയാണ് തലശേരി റോഡിലുള്ള പഴയ കെട്ടിടത്തിൽ തീപ്പിടുത്തമുണ്ടായത്.

മൊബൈൽ ഷോപ്പ്, ഫ്രൂട്ട്സ് സ്റ്റാൾ എന്നിവ പ്രവർത്തിക്കുന്ന കടകൾക്കാണ് ആദ്യം തീപിടിച്ചത്. പെട്ടെന്നു തന്നെ സമീപത്തെ ട്രാവൽ ഓഫീസ്, മറ്റൊരു മൊബൈൽ ഷോപ്പ്, തുണിക്കട, ഹോട്ടൽ എന്നിവിടങ്ങളിലേക്കും തീ പടരുകയായിരുന്നു. ഓട് പാകിയ പഴയ മരത്തിന്റെ കെട്ടിടമായതിനാൽ തീ അതിവേഗം ആളിപ്പടരുകയായിരുന്നു. കൂത്തുപറമ്പ് ഫയർ ഫോഴ്സിൽ നിന്നും രണ്ട് യൂണിറ്റ് എത്തിയാണ് തീ നിയന്ത്രണവിധേയമാക്കിയത്. വിവരമറിയിച്ചതിനെ തുടർന്ന് പാനൂരിൽ നിന്നും ഒരു യൂണിറ്റും, തലശേരിയിൽ നിന്ന് രണ്ട് യൂണിറ്റും ഫയർ എഞ്ചിനുകൾ പെട്ടെന്ന് തന്നെ സംഭവസ്ഥലത്തെത്തിയിരുന്നു.

കൂത്തുപറമ്പ് പൊലീസിന്റെയും, ഫയർ ഫോഴ്സിന്റെയും സഹായത്തോടെയാണ് വ്യാപാരികൾ കടകളിലെ വസ്തുക്കൾ എടുത്തുമാറ്റിയത്. തീപ്പിടുത്തത്തെ തുടർന്ന് തലശേരി-കൂത്തുപറമ്പ് പാതയിൽ ഏറെ നേരം വാഹന ഗതാഗതം തടസപ്പെട്ടിരുന്നു. താലൂക്ക് ആശുപത്രി, വില്ലേജ് ഓഫീസ്, നഗരസഭാ ഓഫീസ്, ഷോപ്പിംഗ് കോംപ്ലക്സ് എന്നിവക്ക് സമീപമുള്ള കെട്ടിടത്തിലാണ് തീപിടുത്തമുണ്ടായത്. ഇത് ഏറേ നേരം നഗരത്തിൽ പരിഭ്രാന്തിക്കിടയാക്കിയിരുന്നു. ഷോർട്ട് സർക്യൂട്ട് ആണ് തീപിടുത്തത്തിന് കാരണമെന്നാണ് പ്രാഥമിക നിഗമനം. വൻ നഷ്ടമാണ് വ്യാപാരികൾക്ക് സംഭവിച്ചിട്ടുള്ളത്. തീപിടുത്തത്തിന്റെ കാരണങ്ങൾ കണ്ടെത്തുന്നതിന് വേണ്ടി അന്വേഷണം ആരംഭിച്ചിട്ടുണ്ട്.