ബദിയടുക്ക: സൂപ്പർമാർക്കറ്റിലെ കവർച്ചയുമായി ബന്ധപ്പെട്ട് പൊലീസ് പിടികൂടാനെത്തിയപ്പോൾ പ്രതി മുങ്ങി. പൊലീസ് അന്വേഷണം ഊർജിതമാക്കിയതോടെ ഒളിവിൽ പോയ കവർച്ചാക്കേസിലെ പ്രതി അറന്തോട്ടെ നിസാർ ബെള്ളൂർ നാട്ടക്കല്ലിലുണ്ടെന്ന് രഹസ്യവിവരം ലഭിച്ചതിനെ തുടർന്ന് ബദിയടുക്ക എസ്.ഐ കെ.പി വിനോദ്കുമാറിന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘം ഇവിടെയത്തിയിരുന്നു. എന്നാൽ പൊലീസെത്തും മുമ്പെ നിസാർ ഇവിടെ നിന്നും കടന്നുകളഞ്ഞു. ഇയാളുടെ ഫോൺ സ്വിച്ച് ഓഫ് ആയതിനാൽ എവിടെയാണെന്ന് കണ്ടെത്തുന്നതിൽ ബുദ്ധിമുട്ട് നേരിടുകയാണ്.
കന്യപ്പാടിയിലെ മുഹമ്മദ് കുഞ്ഞിയുടെ ഉടമസ്ഥതയിലുള്ള സൂപ്പർമാർക്കറ്റിൽ നിന്ന് 30 കിലോ കുരുമുളകും 10,000 രൂപയുടെ സിഗരറ്റും രണ്ട് പായ്ക്കറ്റ് പാമോയിലും മധുരപലഹാരങ്ങളും മോഷ്ടിച്ച കേസിൽ പൊലീസ് തിരയുന്ന നിസാർ ഇതേ സൂപ്പർ മാർക്കറ്റിൽ മുമ്പ് ജീവനക്കാരനായിരുന്നുവെന്ന് അന്വേഷണത്തിൽ വ്യക്തമായിരുന്നു. സി.സി.ടി.വി ദൃശ്യങ്ങൾ പരിശോധിച്ചതോടെയാണ് കവർച്ചക്ക് പിന്നിൽ നിസാർ ആണെന്നതിന് കൂടുതൽ തെളിവുകൾ ലഭിച്ചത്. ഇതിന്റെ അടിസ്ഥാനത്തിൽ പൊലീസ് ഇയാളുടെ വീട്ടിലും ബന്ധുവീടുകളിലും അന്വേഷണം നടത്തിയെങ്കിലും പ്രതിയെ കണ്ടെത്താൻ കഴിഞ്ഞിരുന്നില്ല. പ്രതിയെ ഒളിവിൽ താമസിപ്പിക്കുന്നവർക്കെതിരെയും രക്ഷപ്പെടാൻ സഹായിക്കുന്നവർക്കെതിരെയും കേസെടുക്കുമെന്ന് പൊലീസ് പറഞ്ഞു.