bjp

കാസർകോട്: കാസർകോട് ബി.ജെ.പിയിലെ ആഭ്യന്തരപ്രശ്നം തെരുവിലേക്ക് നീങ്ങിയതിന് പിന്നാലെ കർണ്ണാടക നേതാക്കൾ ഇടപെടുന്നു. ജില്ലാകമ്മിറ്റി ഓഫീസ് ഒരുവിഭാഗം പ്രവർത്തകർ ഉപരോധിച്ചതും ഓഫീസ് താഴിട്ടുപൂട്ടിയതും പാർട്ടിയിൽ സ്ഥിതിഗതികൾ സങ്കീർണമാക്കിയിരുന്നു. ബി.ജെ.പി പ്രവർത്തകൻ അണങ്കൂരിലെ ജ്യോതിഷ് ആത്മഹത്യ ചെയ്ത സംഭവവും കുമ്പള ഗ്രാമപഞ്ചായത്ത് സ്റ്റാൻഡിംഗ് കമ്മിറ്റി തിരഞ്ഞെടുപ്പിൽ സി.പി.എമ്മുമായി കൂട്ടുകൂടിയെന്ന ആരോപണവും അടക്കമുള്ള പ്രശ്നങ്ങളാണ് കാസർകോട് ബി.ജെ.പിയിൽ അസ്വസ്ഥത പടർത്തുന്നത്.

ജോലിയില്ലാത്തതുമൂലമുള്ള സാമ്പത്തിക ബുദ്ധിമുട്ടുകൾ ജ്യോതിഷിനെ അലട്ടിയിരുന്നുവെന്നും ഈ യുവാവിനെ പാർട്ടി സംരക്ഷിച്ചില്ലെന്നും പ്രവർത്തകർ കുറ്റപ്പെടുത്തുന്നു.

 വിവാദങ്ങൾക്കിടെ സി.പി.എം രാജി

വിവാദങ്ങൾക്കിടെ കുമ്പള ഗ്രാമ പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാൻഡിംഗ് കമ്മറ്റി ചെയർമാൻ സ്ഥാനം സി. പി.എമ്മിലെ കൊഗ്ഗു രാജിവെച്ചു. യു..ഡി.എഫ് ഭരണത്തിലുള്ള കുമ്പള പഞ്ചായത്തിൽ അംഗങ്ങൾ തമ്മിലുള്ള പരസ്പര ധാരണയിൽ രണ്ട് സ്റ്റാൻഡിംഗ് കമ്മിറ്റി അദ്ധ്യക്ഷസ്ഥാനങ്ങൾ ബി.ജെ.പിയും ഒരെണ്ണം സി.പി.എമ്മും നേടുകയായിരുന്നു. ഇതിന്റെ പേരിൽ ബി.ജെ.പി ജില്ലാ കമ്മിറ്റി ഓഫീസ് പ്രവർത്തകർ പൂട്ടി കഴിഞ്ഞ ദിവസം പ്രതിഷേധിച്ചിരുന്നു. കുമ്പള കോയിപ്പാടിയിലെ വിനുവിനെ കൊലപ്പെടുത്തിയെന്ന കേസിൽ കഴിഞ്ഞ ഡിസംബറിൽ കൊഗ്ഗു അടക്കമുള്ളവരെ ജില്ലാ സെഷൻസ് കോടതി ഏഴു വർഷം കഠിന തടവിന് ശിക്ഷിച്ചിരുന്നു. ഈ കേസിലെ വിധി വന്നതോടെയാണ് ബി.ജെ.പി പ്രവർത്തകർ പ്രതിഷേധവുമായി ഇറങ്ങിയത്.