
പയ്യന്നൂർ: മാതമംഗലത്ത് കയറ്റിറക്ക് തർക്കത്തെ തുടർന്ന് സി.ഐ.ടി.യു ആരംഭിച്ച അനിശ്ചിതകാല സമരത്തിന് പിന്നാലെ അടച്ചു പൂട്ടിയ എസ്.ആർ അസോസിയേറ്റ്സ് ഹാർഡ്‌വെയർ കട ഇന്നു തുറക്കാൻ തീരുമാനമായി. ലേബർ കമ്മിഷണറും കടയുടമ റാബിയും സി.ഐ.ടി.യു നേതൃത്വവും തിരുവനന്തപുരത്ത് നടത്തിയ ചർച്ചയിലാണ് ഒത്തുതീർപ്പ്.
സി.ഐ.ടി.യു ഉപരോധസമരത്തെ തുടർന്ന് കടയടച്ചത് വൻ വിവാദമായതോടെയാണ് സർക്കാർ ചർച്ചയ്ക്ക് മുന്നിട്ടിറങ്ങിയത്. നിയമസഭാ സമ്മേളനത്തിൽ മാതമംഗലം സമരം ചർച്ചയായി മാറാൻ സാദ്ധ്യതയുണ്ടെന്നു മുൻകൂട്ടിക്കണ്ട് വിഷയം അടിയന്തരമായി ഒത്തുതീർക്കാൻ ലേബർ കമ്മിഷണറെ ചുമതലപ്പെടുത്തുകയായിരുന്നു.
ചർച്ചയുടെ അടിസ്ഥാനത്തിൽ കടയിൽ നിന്ന് സാധനങ്ങൾ കയറ്റാനുള്ള അവകാശം ഉടമ റബിയ്ക്ക് നൽകാൻ തീരുമാനമായി. വലിയ വാഹനത്തിൽ വരുന്ന സാധനങ്ങൾ സി.ഐ.ടി.യുക്കാർ ഇറക്കും. കടയുടെ മുന്നിലെ സമര പന്തൽ പൊളിക്കും. കടയുടമയ്ക്കും ഉപഭോക്താക്കൾക്കും സി.ഐ.ടി.യു ഏർപ്പെടുത്തിയ ഊരുവിലക്കും പിൻവലിക്കും.
കഴിഞ്ഞ ഡിസംബർ 23 മുതൽ എസ്.ആർ അസോസിയേറ്റ്സ് പൂട്ടിക്കിടക്കുകയാണ്.