
തലശ്ശേരി: ഏറെ നാളുകൾക്ക് ശേഷം മീൻപിടിത്തത്തിന് പോയി പുലർച്ചയോടെ വീട്ടിലേക്കുള്ള മീനുമായി എത്തിയ ഭർത്താവിനെ സന്തോഷത്തോടെ പിൻവാതിൽ തുറന്ന് വരവേറ്റ ഭാര്യ മിനിക്ക് പക്ഷെ തൊട്ടടുത്ത നിമിഷം സാക്ഷിയാകേണ്ടി വന്നത് ഒരു സംഘം അക്രമികൾ അദ്ദേഹത്തെ വെട്ടിനുറുക്കുന്നതാണ്. മണിക്കൂറുകൾക്ക് ശേഷം ഇന്നലെ സന്ധ്യയോടെ ചെങ്കൊടിയിൽ പുതപ്പിച്ച് കിടത്തിയ പ്രിയപ്പെട്ടവന്റെ ചലനമറ്റ മുഖം ഒരു നോക്കുകാണാൻ പോലും അശക്തയായിരുന്നു ഈ യുവതി.
വൃദ്ധയായ അമ്മ ചിത്രാംഗിയും രണ്ട് പെൺമക്കളും അന്ത്യചുംബനമർപ്പിക്കാനെത്തിയ രംഗം ഹൃദയഭേദകമായിരുന്നു. കൊവിഡ് മൂലം പണിയില്ലാതെ മാസങ്ങളോളം വീട്ടിൽ കഴിയേണ്ടി വന്നതിനാൽ കടം കയറി നിൽക്കുകയായിരുന്നു ഈ കുടുംബം.
വീടിന്റെ മുൻവശത്ത് കുടെ അകത്ത് കയറാൻ തുടങ്ങുമ്പോഴാണ് ഹരിദാസനെ അക്രമികൾ വെട്ടിനുറുക്കിയത്. പുറത്ത് ആരോ ചിലർ നിൽക്കുന്നത് ജനാലയിലൂടെ ഭാര്യ മിനി കണ്ടിരുന്നു.അതാരാണെന്ന് വിളിച്ച് ചോദിക്കുമ്പോഴേക്കും അക്രമികൾ ഹരിദാസന്റെ മേൽ ചാടി വീണു. കസേര ഉപയോഗിച്ച് ചെറുത്ത് നിന്നെങ്കിലും വടിവാളുകൾ കൊണ്ട് തലങ്ങും വിലങ്ങും വെട്ടേറ്റ ഹരിദാസൻ വീണു. തുണ്ടം തുണ്ടമായി ചോരയിൽ കുതിർന്ന ശരീരം സഹോദരനും അയൽവാസികളും ഒരു വിധത്തിൽ ആശുപത്രിയിലെത്തിച്ചെങ്കിലും ഇതിനിടയിൽ തന്നെ മരണം സംഭവിച്ചു. പിന്നാലെയാണ് മുറ്റത്ത് അറ്റുവീണ ഹരിദാസന്റെ ഇടതുകാലെടുക്കാൻ പൊലീസുകാർ എത്തിയത്. ദാരുണരംഗം കണ്ട് നിലതെറ്റിപ്പോയ അവസ്ഥയിലായിരുന്നു അമ്മയും ഭാര്യയും പെൺമക്കളും.
വൻ ജനക്കൂട്ടമാണ് അന്ത്യോപചാര ചടങ്ങിൽ പങ്കെടുക്കാനെത്തിയത്.സി.പി.എം.കേന്ദ്ര കമ്മിറ്റി അംഗം ഇ.പി.ജയരാജൻ, ജില്ലാ സെക്രട്ടറി എം.വി.ജയരാജൻ, അഡ്വ: എ.എൻ.ഷംസീർ എം.എൽ.എ,, ജില്ലാ നേതാക്കളായ അഡ്വ:പി.ശശി, കാരായി രാജൻ, എൻ.ചന്ദൻ,സി.കെ.രമേശൻ , നഗരസഭാ ചെയർപേഴ്സൺ ജമുനാ റാണി, തുടങ്ങിയവർ അന്ത്യോപചാരമർപ്പിക്കാനെത്തി.തുടർന്ന് വീട്ടുപരിസരത്ത് അനുശോചനയോഗവും ചേർന്നു.