പാലക്കുന്ന്: സംസ്ഥാന സർക്കാർ ആസൂത്രണം ചെയ്യുന്ന കെ റെയിൽ പദ്ധതിക്കെതിരെ സി.പി.എം ഭരിക്കുന്ന ഉദുമ ഗ്രാമ പഞ്ചായത്ത് പ്രമേയം പാസാക്കി. യു.ഡി.എഫ് പ്രമേയത്തിന് അനുകൂലമായി ബി.ജെ.പി അംഗങ്ങൾ വോട്ട് ചെയ്യുകയായിരുന്നു.
മുസ്ലിം ലീഗിലെ ഹാരിസ് അങ്കക്കളരിയാണ് പ്രമേയം അവതരിപ്പിച്ചത്. കോൺഗ്രസിലെ ചന്ദ്രൻ നാലാം വാതുക്കൽ പിന്താങ്ങി. 21 അംഗ പഞ്ചായത്ത് ഭരണസമിതിയിൽ സി.പി.എം 10, യു.ഡി.എഫ് 9, ബി.ജെ.പി 2 എന്നിങ്ങനെയാണ് കക്ഷിനില.
കെ റെയിൽ കേരളത്തിൽ പ്രായോഗികമല്ല എന്നിരിക്കെ പദ്ധതിയുമായി മുന്നോട്ടുപോകാനുള്ള നീക്കത്തിൽ ജനങ്ങൾ ആശങ്കയിലാണെന്ന് പ്രമേയത്തിൽ പറയുന്നു. ഉദുമ ഗ്രാമപഞ്ചായത്തിനെ കീറി മുറിച്ച് ഏഴോളം വാർഡുകളിലൂടെ കടന്നുപോകുന്ന കെ റെയിൽ നൂറിലധികം കുടുംബങ്ങളെ കുടിയിറക്കുന്ന സാഹചര്യമാണ് നിലവിലുള്ളത്. ആധികാരികമായ പഠനങ്ങളില്ലാതെ നടത്തുന്ന പദ്ധതി കേരളത്തിന് വലിയനഷ്ടങ്ങൾ വരുത്തിവയ്ക്കാൻ സാധ്യതയുണ്ട്. മണ്ണിനും മനുഷ്യനും വിനാശകരമായി തീരാൻ സാധ്യതയുള്ള കെ റെയിൽ പദ്ധതിയിൽ നിന്ന് പിന്മാറണമെന്ന് സംസ്ഥാന സർക്കാറിനോട് അഭ്യർത്ഥിക്കുന്നതായിരുന്നു പ്രമേയം.
യു.ഡി.എഫ് അംഗങ്ങളെ അനുമോദിച്ചു
പ്രമേയം പാസായതിൽ യു.ഡി.എഫ് മെമ്പർമാരെ പഞ്ചായത്ത് ഓഫീസിനു പുറത്ത് പഞ്ചായത്ത് യു.ഡി.എഫ് കമ്മിറ്റി യോഗം ചേർന്ന് അഭിനന്ദിച്ചു. ചെയർമാൻ കെ.ബി.എം. ഷെരീഫ് അധ്യക്ഷനായി. കൺവീനർ കെ.വി ഭക്തവത്സലൻ സ്വാഗതം പറഞ്ഞു. ഉദുമ മണ്ഡലം കോൺഗ്രസ് പ്രസിഡന്റ് ബി. ബാലകൃഷ്ണൻ, കൊപ്പൽ പ്രഭാകരൻ, കെ.എം. അമ്പാടി, പ്രഭാകരൻ തെക്കേക്കര, പി.കെ.അബ്ദുല്ല, ചന്ദ്രൻ നാലാം വാതുക്കൽ, ബഷീർ പാക്യാര, സുനിൽ കുമാർ മൂലയിൽ, ഹാരിസ് അങ്കക്കളരി, അനീഷ് പണിക്കർ എന്നിവർ പ്രസംഗിച്ചു. സംസ്ഥാനത്ത് ആദ്യമായാണ് സി.പി.എം ഭരിക്കുന്ന പഞ്ചായത്ത് സർക്കാരിനെതിരെ പ്രമേയം പാസ്സാക്കിയതെന്ന് യു.ഡി.എഫ് നേതാക്കൾ അവകാശപ്പെട്ടു.
ഇടതുമുന്നണി പറയുന്നത്
വിഷയം രാഷ്ട്രീയ പ്രേരിതമാണെന്നും ബി.ജെ.പി. പിന്തുണയോടെ യു.ഡി.എഫ് പ്രമേയം കൊണ്ടുവന്നത് വികസന വിരുദ്ധമാണെന്നും പ്രസിഡന്റ് പി. ലക്ഷ്മി പറഞ്ഞു. സാമൂഹ്യാഘാത പഠനത്തിനു ശേഷമാണ് പരിസ്ഥിതി പ്രശ്നം അടക്കമുള്ള വിഷയങ്ങൾ വരുന്നത്. വികസനം വരുമ്പോൾ ഉണ്ടാകുന്ന സ്വാഭാവിക ഒഴിപ്പിക്കൽ മാത്രമാണ് നിലവിൽ ഉദുമയിൽ ഉണ്ടാവുകയെന്നും പ്രസിഡന്റ് പറഞ്ഞു. അതിവേഗ റെയിൽപാത കൊണ്ടുവരാൻ യു.ഡി.എഫ് 28 കോടി രൂപ തുലച്ചുവെന്നും ഇപ്പോൾ എൽ.ഡി.എഫ് അതു നടപ്പിലാക്കുമ്പോൾ അതിനെ എതിർക്കുകയാണെന്നും വൈസ് പ്രസിഡന്റ് കെ. വി. ബാലകൃഷ്ണൻ പറഞ്ഞു. വി.പി. സിംഗ് കൊണ്ടുവന്ന റെയിൽ അല്ലാതെ ഒരു സർക്കാരും പാത പണിതിട്ടില്ലെന്ന് സ്ഥിരം സമിതി അദ്ധ്യക്ഷൻ പി. സുധാകരനും പറഞ്ഞു.