jayarajan

കണ്ണൂർ:പുന്നോലിൽ സി.പി. എം പ്രവർത്തകനായ ഹരിദാസനെ വെട്ടിക്കൊലപ്പെടുത്തിയതിൽ തങ്ങൾക്ക് പങ്കില്ലെന്ന ബി.ജെ.പി നേതാവിന്റെ പ്രതികരണം ജനങ്ങളെ വിഡ്ഢികളാക്കുന്നതാണെന്ന് ജില്ലാ സെക്രട്ടറി എംവി ജയരാജൻ. കണ്ണൂരിൽ മാദ്ധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു.

ബി.ജെ.പിയുടെ ബി ടീമായ കോൺഗ്രസ് സി.പി.എമ്മിനെ കുറ്റപ്പെടുത്തിയാണ് പ്രസ്താവന നടത്തിയത്.

സി. പി .എമ്മിനോടുള്ള കടുത്ത ശത്രുത കാരണമാണ് ബി.ജെ.പിയും കോൺഗ്രസ്സും സായമീസ് ഇരട്ടകളെ പോലെ പ്രതികരിക്കുന്നത്.ഹരിദാസനെ കൊലപ്പെടുത്തിയ സംഭവത്തിൽ തങ്ങൾക്ക് പങ്കില്ലെന്ന് പറയുന്ന ബി.ജെ.പി, മണ്ഡലം പ്രസിഡന്റും നഗരസഭാ കൗൺസിലറുമായ ലിജഷ് അറസ്റ്റിലായത് അറിയില്ലേ. ബി.ജെ.പി ജില്ലാ പ്രസിഡന്റ് എൻ. ഹരിദാസന് ലിജേഷിനെ അറിയില്ലെന്നാണോ.

ക്ഷേത്രോത്സവത്തിൽ നടന്ന സംഘർഷമാണ് കൊലപാതകത്തിന് പിന്നാലെന്ന് പറയുന്നത് അടിനെ പട്ടിയാക്കുന്നത് പോലെയാണ്.ഹരിദാസിന്റെ കൊലപാതകത്തിന് മുന്നേ ലിജേഷ് നടത്തിയ കൊലവിളി പ്രസംഗം ഇപ്പോൾ പുറത്ത് വന്നിരിക്കുകയാണ്.ആറു പേരെയാണ് പുന്നോൽ മേഖലയിൽ ആർ എസ് എസ് കൊലപ്പെടുത്തിയത്. അതിൽ മൂന്നു പേർ മൽസ്യതൊഴിലാളികളാണെന്നും ജയരാജൻ കുറ്റപ്പെടുത്തി. ആർ.എസ്.എസ് പഠനശിബിരത്തിന്റെ മറവിൽ ആയുധ പരിശീലനമാണ് നടക്കുന്നതെന്നും എം വി ജയരാജൻ ആരോപിച്ചു.