crime

തലശേരി : തലശേരി പുന്നോലിലെ സി.പി.എം പ്രവർത്തകൻ ഹരിദാസന്റെ കൊലയ്ക്കു

പിന്നിൽ രാഷ്ട്രീയ ഇടപെടലുണ്ടായെന്ന് അന്വേഷണസംഘത്തിന് സൂചന ലഭിച്ചു. കൊലയുടെ മുഖ്യസൂത്രധാരൻ നഗരസഭാ കൗൺസിലറും ബി.ജെ.പി തലശേരി മണ്ഡലം പ്രസിഡന്റുമായ കെ. ലിജേഷാണെന്നും അന്വേഷണസംഘം കരുതുന്നു.

ലിജേഷിനു പുറമെ കെ.വി. വിമിൻ, അമൽ മനോഹരൻ, സുനേഷ് എന്നിവരാണ് അറസ്റ്റിലായത്. ആത്മജ് എന്ന ബി.ജെ.പി പ്രവർത്തകനെ കണ്ടെത്താനുള്ള ശ്രമവും പൊലീസ് തുടങ്ങിയിട്ടുണ്ട്. സംഭവദിവസം രാത്രി ഒരുമണിക്ക് ലിജേഷ് നടത്തിയ വാട്‌സ് ആപ് കാളാണ് നിർണായക തെളിവായി പൊലീസിന് ലഭിച്ചത്. ലിജേഷ് വിളിച്ച കാൾ ആളുമാറി അദ്ദേഹത്തിന്റെ ബന്ധുവിലേക്കാണ് എത്തിയത്. തുടർന്ന് ബന്ധു തിരിച്ചു വിളിച്ചിരുന്നു. പിന്നീട് ലിജേഷ് വിളിച്ചത് സുനേഷിനെയാണ്. ഇയാളാണ് ഹരിദാസൻ ഹാർബറിൽ നിന്ന് വീട്ടിലേക്ക് പുറപ്പെട്ട കാര്യം ഇവരെ അറിയിച്ചത്. മണി എന്ന പേരിലാണ് സുനേഷ് അറിയപ്പെടുന്നത്. ഇയാളും ബി.ജെ.പി പ്രവർത്തകനാണ്.
ഹരിദാസന്റെ അതേ ഫൈബർ ബോട്ടിലെ ജീവനക്കാരനായിരുന്നു സുനേഷ്. ഹരിദാസൻ പണിക്ക് വരുന്നുണ്ടോ എന്ന് നിരീക്ഷിക്കാൻ ഏൽപ്പിച്ചത് സുനേഷിനെയാണ്. കൊലപാതകം നടന്ന ദിവസം രണ്ടു തവണ സുനേഷും ലിജേഷും തമ്മിൽ വാട്‌സാപ്പിൽ ആശയവിനിമയം നടന്നിട്ടുണ്ടെന്നും പൊലീസ് കണ്ടെത്തി. ഇതിനൊപ്പം ക്വട്ടേഷൻ ഏറ്റെടുത്തവരും വിമിനും അമലും തമ്മിലും വാട്‌സാപ്പിൽ ചർച്ച നടത്തി. ഇതെല്ലാം വാട്‌സാപ്പ് ഓഡിയോ സന്ദേശമായിരുന്നു. ഇതും ഗൂഢാലോചനയ്ക്ക് തെളിവാണെന്ന് പൊലീസ് വിലയിരുത്തുന്നു. കൊന്നവരെക്കുറിച്ചും വ്യക്തമായ സൂചനകൾ ലഭിച്ചിട്ടുണ്ട്. കൊലപാതകികൾ എവിടെയുണ്ടെന്ന് അറസ്റ്റിലായവർക്ക് അറിയാമെന്നാണ് പൊലീസ് നിഗമനം. പ്രതികളിൽ ചിലർക്ക് മാഹിയിൽ സി.പി.എം പ്രവർത്തകനായിരുന്ന കണ്ണിപ്പൊയിൽ ബാബു കൊലക്കേസിലും പങ്കുള്ളതായി വിവരം ലഭിച്ചിട്ടുണ്ട്.

നാലു പേർ കാത്തുനിന്നു
ഹരിദാസൻ ജോലിക്കെത്തിയെന്ന് മനസ്സിലായതോടെ നാലു പേർ ഹരിദാസന്റെ വീടിനുസമീപം കാത്തുനിന്നു. രണ്ടു ബൈക്കുകളിലാണ് ഇവർ എത്തിയത്. സുനേഷിൽ നിന്നുള്ള നിർദ്ദേശം അനുസരിച്ചാണ് ലിജേഷ് കൊലപാതകം ഏകോപിപ്പിച്ചത്.

ക്ഷേത്ര ഉത്സവത്തിൽ മർദ്ദനമേറ്റ പകയാണ് വിമിനെയും അമലിനെയും ഇതിനു പ്രേരിപ്പിച്ചതെന്നു പൊലീസ് പറയുന്നു. രണ്ടു പേർക്കും സി.പി.എം പ്രവർത്തകരിൽ നിന്ന് മർദ്ദനമേറ്റിരുന്നു.

ലിജേഷിനെ എല്ലാവരും ലിജേഷേട്ടൻ എന്നാണ് വിളിക്കാറ്. ലിജേഷേട്ടന്റെ മുന്നിൽ വിഷയം എത്തിയതോടെ തിരിച്ചു പണി കൊടുക്കാൻ തീരുമാനിക്കുകയായിരുന്നു. കൊലവിളി പ്രസംഗം നടത്തി അണികളെ യോജിപ്പിച്ച് നിറുത്താനും ലിജേഷ് ശ്രമിച്ചുവെന്ന് പൊലീസ് വിലയിരുത്തുന്നു.