lijesh

തലശ്ശേരി: സി.പി.എം പ്രവർത്തകൻ പുന്നോൽ താഴെ വയലിലെ കൊരമ്പിൽ താഴെക്കുനിയിൽ ഹരിദാസനെ കൊലപ്പെടുത്തിയ സംഭവത്തിൽ നാല് ആർ.എസ്.എസ് പ്രവർത്തകരെ പൊലീസ് അറസ്റ്റ് ചെയ്തു.

ബി.ജെ.പി മണ്ഡലം പ്രസിഡന്റും തലശേരി നഗരസഭാ കൗൺസിലറുമായ കൊമ്മൽ വയലിലെ ശങ്കരനെല്ലൂർ കെ. ലിജേഷ് (40), പുന്നോൽ കെ.വി. ഹൗസിൽ കെ.വി. വിമിൻ (26), പുന്നോൽ ദേവികൃപയിൽ അമൽ മനോഹരൻ (27), ഗോപാല പേട്ടയിലെ മണി എന്ന സുനേഷ് (28)എന്നിവരാണ് അറസ്റ്റിലായത്.
ഹരിദാസന്റെ കൊലപാതകം നടന്ന് മണിക്കൂറുകൾക്കുള്ളിൽ ഏഴു പേരെ പൊലീസ് കസ്റ്റഡിയിലെടുത്തിരുന്നു. ഇവരിൽ നാലു പേരുടെ അറസ്റ്റാണ് രേഖപ്പെടുത്തിയത്. ഗൂഢാലോചനക്കുറ്റമാണ് ലിജേഷിനും അറസ്റ്റിലായ മറ്റുള്ളവർക്കുമെതിരെ ചുമത്തിയിരിക്കുന്നത്. കൊലപാതകത്തിൽ നേരിട്ട് പങ്കെടുത്തവർ ഒളിവിലാണ്.

കൊലപാതകികൾ മാഹിയിൽ?

കൊലപാതകികൾ മാഹി മേഖലയിൽ പെട്ട ചെമ്പ്ര പ്രദേശത്ത് തങ്ങുന്നുണ്ടെന്ന സൂചന പൊലീസിന് ലഭിച്ചിട്ടുണ്ട്. ഇവർ സഞ്ചരിച്ച ബൈക്കിനെക്കുറിച്ചുള്ള വിവരവും ലഭിച്ചു. എല്ലായിടത്തും വാഹന പരിശോധനയും റെയ്ഡും ഊർജ്ജിതമാക്കി.
കണ്ണൂർ റേഞ്ച് ഡി.ഐ.ജി രാഹുൽ ആർ. നായർ, കണ്ണൂർ സിറ്റി പൊലീസ് കമ്മിഷണർ ആർ.ഇളങ്കോ, തലശ്ശേരി എ.സി.പി വിഷ്ണുപ്രദീപ്, എ.സി.പി പ്രിൻസ് എബ്രഹാം എന്നിവരുടെ നേതൃത്വത്തിൽ പൊലീസ് സംഘങ്ങൾ തലശേരിയിലും ന്യൂ മാഹിയിലുമായി ക്യാമ്പ് ചെയ്ത് നിരീക്ഷണം നടത്തുന്നുണ്ട്. സംഭവത്തിൽ പ്രകോപിതരാകരുതെന്ന് സി.പി.എം നേതൃത്വം കർശനമായി അണികൾക്ക് നിർദ്ദേശം നൽകിയിട്ടുണ്ട്.