bhaskaran
കുഞ്ഞിമംഗലം അണീക്കര ഭഗവതി ക്ഷേത്രം സ്ഥാനികർ എടാട്ടുമ്മലിലെ പി.ഭാസ്കരൻ പണിക്കരെ മറത്തുകളിയ്ക്കായി ഉപചാരപൂർവം കൂട്ടുക്കൊണ്ടുപോകുന്നു

തൃക്കരിപ്പൂർ: കൊവിഡ് മഹാമാരിയും ലോക്ഡൗണും മൂലം ചടങ്ങുകളിലൊതുങ്ങിയിരുന്ന പൂരോത്സവം ഇക്കുറി കൊഴുക്കുമെന്നുറപ്പായി. സാധാരണ മീനത്തിലെ കാർത്തിക തൊട്ട് പൂരം വരെയുള്ള നാളുകളിലാണ് പൂരോത്സവം . എന്നാൽ ഇത്തവണ കുംഭ മാസത്തിലെ കാർത്തിക തൊട്ട് പൂരം ആരംഭിക്കും. എന്നാൽ മീന മാസത്തിലെ പൂരം നാളിൽതന്നെ പൂരംകുളി നടക്കും. പുരോത്സവത്തിന്റെ ഭാഗമായുള്ള പൂരക്കളിയ്ക്കും മറത്തുകളിയ്ക്കും ഒരുക്കം തുടങ്ങുകഴിഞ്ഞു.

നിശ്ചയിച്ച പ്രകാരം പണിക്കർമാരെ കൂട്ടിക്കൊണ്ടുപോകുന്ന ചടങ്ങുകളാണ് ഇപ്പോൾ നടന്നു വരുന്നത് . കുഞ്ഞിമംഗലം അണീക്കര ഭഗവതി ക്ഷേത്രം പണിക്കരായ എടാട്ടുമ്മലിലെ പി.ഭാസ്കരൻ പണിക്കരെ ഇന്നലെ ഉപചാരപൂർവം കൂട്ടിക്കൊണ്ടുപോയി. ക്ഷേത്രംസ്ഥാനികരടങ്ങുന്ന സംഘം വീട്ടിലെത്തി നിലവിളക്കിന് മുന്നിൽ വച്ച് അരിയിട്ട് അനുഗ്രഹമേറ്റ് സൽക്കാരം സ്വീകരിച്ചാണ് പണിക്കരെയും കൂട്ടി സംഘം മടങ്ങിയത്. തുടർന്ന് നേരെ ക്ഷേത്രത്തിലെത്തുകയും പ്രത്യേകം തയ്യാറാക്കിയ പുറപന്തലിലെ കന്നിമൂലയിൽ ദൈവത്തറയിട്ട് നിലവിളക്ക് കൊളുത്തി കളി ആരംഭിക്കുകയും ചെയ്തു.പന്തൽ പൊന്നു വെക്കൽ, കളി കഴകം കയറൽ എന്നീ ചടങ്ങുകളും തുടർന്നുള്ള വ്യത്യസ്ത ദിവസങ്ങളിലായി നടക്കും.

മല്യോട്ട് പാലോട്ട് ഭഗവതി ക്ഷേത്രത്തെ പ്രതിനിധീകരിച്ചെത്തുന്ന അണ്ടോൾ നകുലൻ പണിക്കരുമായിട്ടാണ് ഭാസ്കരൻ പണിക്കരുടെ മറത്തുകളി . കിഴക്കുംകര പുള്ളിക്കരിങ്കാളി ക്ഷേത്രത്തെ പ്രതിനിധികരിച്ച് കാടങ്കോട് കുഞ്ഞികൃഷ്ണൻ പണിക്കരും ചാമുണ്ഡിക്കുന്ന് വിഷ്ണുചാമുണ്ഡേശ്വരി ക്ഷേത്രത്തെ പ്രതിനിധികരിച്ച് കാഞ്ഞങ്ങാട് ദാമോദരൻ പണിക്കരും തമ്മിലും ഇക്കുറി മറത്തുകളി നടക്കും. കുഞ്ഞികൃഷ്ണൻ പണിക്കരെ കൂട്ടിക്കൊണ്ടുപോകുന്ന ചടങ്ങ് ഇന്ന് നടക്കും. തലയനേരി പൂമാല ഭഗവതി ക്ഷേത്രത്തിൽ എം.രാജീവൻ പണിക്കരും കുറിഞ്ഞി ക്ഷേത്രത്തെ പ്രതിനിധീകരിച്ച് അരയി ബാബു പണിക്കരും തമ്മിലാണ് മറുത്തുകളി . എ.കെ.കുഞ്ഞിരാമൻ പണിക്കർ മടിക്കൈ ഭഗവതി ക്ഷേത്രത്തിനും തുരുത്തി രാഘവൻ പണിക്കർ നിലങ്കര ക്ഷേത്രത്തിനും വേണ്ടിയാണ് മാറ്റുരയ്ക്കുന്നത്. നെല്ലിക്കാ തുരുത്തി ഭഗവതി ക്ഷേത്രത്തിൽ കെ.വി.കൃഷ്ണൻ പണിക്കർ വടക്കരെയും മധു പണിക്കർ തെക്കരെയും പ്രതിനിധീകരിക്കും. രാമവില്യം കഴകത്തിൽ ഉപക്ഷേത്രമായ കുറുവാപ്പള്ളി അറയും ഒളവറ മുണ്ട്യയുമായാണ് മറത്തുകളി . പവിത്രൻ പണിക്കരും രത്നാകരൻ പണിക്കരും തമ്മിലാണ് കളി. കൊയോങ്കര പൂമാല ഭഗവതി ക്ഷേത്രത്തിലെ കാനായി ദാസൻ പണിക്കർ പയ്യന്നൂർ മാവിച്ചേരി ക്ഷേത്രം അണ്ടോൾ ഭാസ്കരൻ പണിക്കരുമായി മറത്തുകളിയിൽ ഏറ്റുമുട്ടും. കക്കുന്നം ഹരി പണിക്കർ എരമം രാമപുരത്ത് ക്ഷേത്രത്തിനു വേണ്ടി ചെക്കിപ്പാറ ക്ഷേത്രത്തിലെ അനീഷ് പണിക്കരുമായും കുന്നച്ചേരി ഭഗവതി ക്ഷേത്രത്തിലെ സജിത് പണിക്കർ കൊടക്കത്ത് ക്ഷേത്രത്തിലെ വിപിൻ പണിക്കരുമായി മത്സരിക്കും. , കുട്ടമത്ത് പൂമാല ഭഗവതി ക്ഷേത്രത്തിലെ ചാത്തമത്ത് കുഞ്ഞിരാമൻ പണിക്കർ നാഗേച്ചേരി ക്ഷേത്രത്തിലെ സന്തോഷ് പണിക്കരും തമ്മിലും മറത്തുകളിയുണ്ടാകും.

യുവ തലമുറയിൽ ശ്രദ്ധേയനായ പിലിക്കോട് അഭിനന്ദ് പണിക്കർ തവിടിശ്ശേരി പുലിയൂർ കാളി ക്ഷേത്രത്തിന് വേണ്ടി അരങ്ങിലെത്തും. കരക്കക്കാവ് ഭഗവതി ക്ഷേത്രത്തിലെ ചന്തേര നാരായണൻ പണിക്കരും വാണിയില്ലം സോമേശ്വരി ക്ഷേത്രത്തിലെ സാഗർ പണിക്കരും തമ്മിലാണ് കളി. കുണിയൻ പറമ്പത്തറ ഭഗവതി ക്ഷേത്രത്തിൽ ശശി പണിക്കരും ചെമ്പിലോട്ട് ഷേത്രത്തിലെ രജീഷ് പണിക്കരും തമ്മിലാണ് മറത്തുകളി. കൊയോങ്കര പയ്യക്കാൽ ഭഗവതി ക്ഷേത്രത്തിലെ പണിക്കർ തുളുവൻ ദാമോദരൻ പണിക്കരാണ്. മുകയ സമുദായക്കാരുടെ ഈ ദേവസ്ഥാനത്ത് മറത്തുകളിയില്ല. കാനക്കീൽ കമലാക്ഷൻ പണിക്കർ, പി.രാജൻ പണിക്കർ എന്നിവരും ഇക്കുറി മറത്തുകളി നടത്തും.