പേരാവൂർ: പേരാവൂർ താലൂക്ക് ആശുപത്രിയുടെ സ്ഥലം കൈയേറി സ്വകാര്യ വ്യക്തി
അനധികൃതമായി നിർമ്മിച്ച കെട്ടിടം പൊളിച്ചു നീക്കി. കോടതി ഉത്തരവിനെ തുടർന്ന് ഇരിട്ടി തഹസീൽദാർ സി.വി. പ്രകാശന്റെ നേതൃത്വത്തിലുള്ള റവന്യൂ വകുപ്പ് അധികൃതരാണ് പൊളിച്ച് നീക്കിയത്.

അനധികൃത കൈയേറ്റം സംബന്ധിച്ചുള്ള ജില്ലാ കളക്ടർ നൽകിയ ഉത്തരവിന്റെ അടിസ്ഥാനത്തിലാണ് കൈയേറ്റം പൊളിക്കാൻ തീരുമാനമായത്. കളക്ടറുടെ ഉത്തരവിനെതിരെ കെട്ടിട ഉടമ കോടതിയിൽ അപ്പീൽ നൽകിയിരുന്നെങ്കിലും കോടതി തള്ളിയിരുന്നു. ശനിയാഴ്ച വൈകുന്നേരത്തോടെ അപ്പീൽ തള്ളിക്കൊണ്ടുള്ള കോടതി ഉത്തരവ് കെട്ടിട ഉടമക്ക് ലഭിച്ചിരുന്നു. ഇന്നലെ രാവിലെ റവന്യൂ സംഘം പൊലീസിന്റെയും, ഫയർഫോഴ്‌സിന്റെയും സാന്നിദ്ധ്യത്തിൽ ജെ.സി.ബി ഉപയോഗിച്ച് അധികൃതമായി നിർമ്മിച്ച കെട്ടിടങ്ങളുടെ മുൻഭാഗങ്ങൾ പൊളിച്ച് നീക്കി. ആദ്യം ഇവിടെ പ്രവർത്തിച്ചിരുന്ന ഹോട്ടലിന്റെ മുൻഭാഗവും, പിന്നീട് ഇവിടെ ഉണ്ടായിരുന്ന ലാബും അവസാനം വീടിന്റെ മുൻഭാഗവുമാണ് പൂർണ്ണമായും പൊളിച്ച് നീക്കിയത്.