പിടികൂടിയത് കൊച്ചിയിലേക്ക് കടത്തുന്നതിനിടെ
കണ്ണൂർ: നഗരപരിസരത്ത് രണ്ടിടങ്ങളിലായി ലോറികളിൽ നിന്ന് പൊലീസ് കണ്ടെടുത്തത് സംസ്ഥാനത്തെ ഏറ്റവും വലിയ നിരോധിതപുകയില ഉൽപ്പന്ന ശേഖരം. കണ്ണൂർ ടൗൺ ഇൻസ്‌പെക്ടർ ശ്രീജിത്ത് കോടേരിയുടെ നേതൃത്വത്തിലാണ് 30ലക്ഷത്തിന്റെ പുകയില ഉൽപ്പന്ന ശേഖരം രണ്ടുലോറികളിൽ നിന്നായി പിടികൂടിയത്.
ദേശീയപാതയിൽ മംഗളൂരിൽ നിന്നും കൊച്ചിയിലേക്കു രണ്ടു ലോറികളിൽ വൻ നിരോധിത പുകയില ശേഖരം കടത്തുന്നുണ്ടെന്ന് രഹസ്യവിവരം ലഭിച്ചതിന്റെ അടിസ്ഥാനത്തിലായിരുന്നു പൊലീസിന്റെ നീക്കം. കണ്ണൂർ -തലശേരി ദേശീയപാതയിലെ തോട്ടടയിൽ നിന്ന് ഇന്നലെ വൈകുന്നേരം നാലുമണിയോടെയാണ് ആദ്യലോറി പിടികൂടിയത്. കുട്ലു മധൂർ മീപ്പുഗിരിയിലെ എ. എം യൂസഫ്(67)കുട്ലൂ മീപ്പുഗിരിയിലെ എ.വി ജാബിർ(35) എന്നിവരെ പിടികൂടിയ പൊലീസ് ഇവർ സഞ്ചരിച്ച ലോറിയിൽ നിന്ന് പതിനഞ്ച് ചാക്ക് നിരോധിത പുകയില ഉൽപന്നങ്ങൾ പിടിച്ചെടുത്തു. ഹാൻസ്, പാൻപരാഗ്, കൂൾലിപ്പ് തുടങ്ങിയവയാണ് ഇതിലുണ്ടായിരുന്നത്. പ്രതികളെ കസ്റ്റഡിയിലെടുത്തു ചോദ്യം ചെയ്തപ്പോഴാണ് രണ്ടാമത്തെ ലോറി പുറകെ നിന്നും വരുന്ന വിവരം ലഭിച്ചത്. ഇതേ തുടർന്ന് താഴെചൊവ്വയിൽ നടത്തിയ റെയ്ഡിൽ പച്ചക്കറി കയറ്റി പോവുകയായിരുന്ന ലോറിയിൽ നിന്നും 20ചാക്ക് പുകയില ഉൽപന്നങ്ങൾ പിടികൂടി. ഈ ലോറിയിലുണ്ടായിരുന്ന കാസർകോട് ഉദയഗിരി കൃഷ്ണനഗർ കോളനിയിലെ ഗിരീഷ്(39) കാഞ്ഞങ്ങാട് കോട്ടച്ചേരിയിലെ നിഖിൽ(22) മംഗളൂരു തലപ്പാടി കെ.സി നഗറിലെ ദാവൂദ്(40) എന്നിവരും പിടിയിലായി. കെ. എൽ 14 ക്യൂ1814 നമ്പർ ലോറിയും കസ്റ്റഡിയിലെടുത്തിട്ടുണ്ട്. രണ്ടാമത്തെ ലോറിയിൽ നിന്നും പിടികൂടിയ പുകയില ഉൽപ്പന്നങ്ങൾക്ക് ഏകദേശം 20ലക്ഷം രൂപ വിലവരുമെന്ന് പൊലിസ് അറിയിച്ചു.
കണ്ണൂർ ടൗൺ എസ്. ഐ അരുൺനാരായണൻ, എസ്. ഐ ഉണ്ണികൃഷ്ണൻ, എ. എസ്. ഐമാരായ രഞ്ചിത്ത് , അജയൻ, എസ്.സി. പി.ഒ മാരായ ഷിജു, നിഷാന്ത്, നാസർ, രാജേഷ്, തുടങ്ങിയവരും പൊലീസ് സംഘത്തിലുണ്ടായിരുന്നു. പ്രതികൾക്കെതിരെ കോട്പ ചുമത്തി പൊലീസ് കേസെടുത്തിട്ടുണ്ട്. മംഗളൂരു കേന്ദ്രമായി പ്രവർത്തിക്കുന്ന ഒരു ഏജന്റുമുഖേനെയാണ് നിരോധിത പുകയില ഉത്പന്നങ്ങൾ കേരളത്തിലേക്ക് കൊണ്ടുവരുന്നതെന്ന് പ്രതികൾ മൊഴി നൽകിയിട്ടുണ്ട്.