പേരാവൂർ: വെള്ളർവള്ളി നരസിംഹ മൂർത്തി ക്ഷേത്രത്തിൽ മോഷണം. ശ്രീകോവിലിനുള്ളിൽ കടന്ന മോഷ്ടാവ് ദേവന് നിത്യവും ചാർത്തുന്ന മാലയും, താലിയും കവർന്നു. പുലർച്ചെ ക്ഷേത്രം തുറക്കാനെത്തിയ ശ്രീധരൻ നമ്പൂതിരി ക്ഷേത്രത്തിന് മുന്നിൽ സ്ഥാപിച്ചിരുന്ന ഭണ്ഡാരത്തിന്റെ പൂട്ട് തകർത്ത് കിടക്കുന്നത് കണ്ട് നടത്തിയ പരിശോധനയിലാണ് മോഷണം ശ്രദ്ധയിൽപെട്ടത്. ക്ഷേത്രത്തിന് മുന്നിലെ വലിയ വിളക്ക് കത്തിക്കാനായി കയറുന്ന ലാഡർ ഉപയോഗിച്ച് ചുറ്റമ്പലത്തിന്റെ ഓട് പൊളിച്ചാണ് മോഷ്ടാവ് അകത്ത് കടന്നത്.
മോഷണത്തിന് ശേഷം പടിഞ്ഞാറെ നടയിലെ വാതിൽ തുറന്നാണ് മോഷ്ടാവ് പുറത്തു കടന്നത്. ഭണ്ഡാരത്തിൽ നിന്നും മോഷ്ടിച്ചതെന്ന് കരുതുന്ന പണം അമ്പലത്തിന്റെ പല ഭാഗങ്ങളിലായി വീണ് കിടക്കുന്നുണ്ട്. ക്ഷേത്രം അധികൃതർ വിവരം അറിയിച്ചതിന്റെ അടിസ്ഥാനത്തിന്റെ പേരാവൂർ പൊലീസ് സ്ഥലത്തെത്തി പരിശോധന നടത്തി. വർഷങ്ങൾക്ക് മുമ്പ് ഇവിടെ മോഷണം നടക്കുകയും, മോഷ്ടിച്ച വസ്തുക്കൾ വെള്ളർവള്ളി എൽ.പി.സ്‌കൂളിന് സമീപത്ത് നിന്നും ഉപേക്ഷിച്ച നിലയിൽ കണ്ടെത്തുകയും ചെയ്തിരുന്നു. വിരലടയാള വിദഗ്ദ്ധരും, ഡോഗ് സ്‌ക്വാഡും പരിശോധന നടത്തി.