ആദ്യത്തെ വെറ്ററിനറി ടെലി യൂണിറ്റ് നാളെ മുതൽ
കണ്ണൂർ:വളർത്തുമൃഗങ്ങളെ ചികിത്സിക്കാൻ ഇനി മൃഗഡോക്ടർ ആധുനിക ഉപകരണങ്ങളുള്ള ആംബുലൻസിൽ വീട്ടിലെത്തും. ഇതിനായി ഒരു കോടിയിലേറെ രൂപ ചെലവിട്ട് തയ്യാറാക്കിയ മൊബൈൽ ടെലി വെറ്ററിനറി ആംബുലൻസ് നാളെ കണ്ണൂരിൽ പ്രവർത്തനം തുടങ്ങും.
പോർട്ടബിൾ എക്‌സറേ മെഷീൻ, ലബോറട്ടറി, ടെലി മെഡിസിൻ സോഫ്റ്റ് വെയർ, വീണുപോയ കന്നുകാലികളെ ഉയർത്തുന്ന കൗ ലിഫ്റ്റിംഗ് മെഷീൻ തുടങ്ങിയ സജ്ജീകരണങ്ങൾ ഇതിലുണ്ട്.
സ്ഥലത്തെ മൃഗഡോക്ടറുടെ നിർദ്ദേശ പ്രകാരമായിരിക്കും ആംബുലൻസിന്റെ സേവനം. ആവശ്യമുള്ളവർ ഫോണിൽ വിളിച്ചാൽ മതി. ഇതിനായി ഒരു നമ്പറും ഉണ്ട്.
രോഗം ബാധിച്ച മൃഗങ്ങളെ വെറ്ററിനറി ആശുപത്രികളിലേക്ക് കൊണ്ടുപോകാൻ വാഹനങ്ങൾ ഇല്ലാത്തതും വലിയ മൃഗങ്ങളെ കൊണ്ടുപോകുന്നതും പ്രതിസന്ധിയായിരുന്നു. കൃത്യമായ രോഗനിർണയത്തിനുള്ള ഉപകരണങ്ങളുടെ അഭാവം ശരിയായ ചികിത്സ നൽകാനും തടസമായിരുന്നു. ഇതിനെല്ലാം പരിഹാരമാണ് ടെലി വെറ്ററിനറി ആംബുലൻസ്.
വൈകിയത് ജീവനക്കാരില്ലാത്തതിനാൽ
ടെലി വെറ്ററിനറി യൂണിറ്റ് ആരംഭിക്കാൻ മൃഗസംരക്ഷണ വകുപ്പ് തീരുമാനിച്ചത് 2021ലാണ്. ജീവനക്കാരെ ലഭിക്കാത്തതാണ് തടസമായത്. കരാർ ജോലിക്ക് ആരെയും കിട്ടാതെ വന്നപ്പോൾ എംപ്ലോയ്‌മെന്റ് എക്‌സേഞ്ച് വഴി ഡോക്ടർ, റേഡിയോളജിസ്റ്റ്, അറ്റൻഡർ കം ഡ്രൈവർ, ടെക്‌നീഷ്യൻ തസ്തികകളിൽ നിയമനം നടത്തി.
വെറ്ററിനറി ഡോക്ടർമാർ വീടുകളിലെത്തി ചികിത്സിക്കുന്ന ടെലി യൂണിറ്റ് വിപ്ളവകരമായ മാറ്റമാണ്. മൃഗങ്ങളെ ആശുപത്രിയിലും മറ്റു കൊണ്ടുവരുന്നത് ബുദ്ധിമുട്ടായിരുന്നു. അത്തരം പ്രശ്നങ്ങൾക്ക് പരിഹാരമാകും.
ഡോ. കെ. മുരളീധരൻ
സീനിയർ വെറ്ററിനറി സർജൻ, കണ്ണൂർ