
സ്ഥാപനങ്ങൾക്ക് കേന്ദ്രമലിനീകരണ നിയന്ത്രണ ബോർഡിന്റെ നോട്ടീസ്
കണ്ണൂർ: പരിസ്ഥിതിക്ക് ഹാനികരമായ പ്ലാസ്റ്റിക് പതാകകൾ മുതൽ ഇയർബഡുകൾ വരെ ഒറ്റത്തവണ ഉപയോഗിക്കുന്ന വിവിധ പ്ലാസ്റ്റിക് ഉത്പന്നങ്ങളുടെ വില്പന ജൂലായ് ഒന്ന് മുതൽ കർശനമായി നിരോധിക്കുന്നു. ഇതിന്റെ ഭാഗമായി പ്ളാസ്റ്റിക് ഉത്പാദനം, സംഭരണം, വിതരണം എന്നിവയിൽ ഏർപ്പെട്ടിരിക്കുന്ന എല്ലാ സ്ഥാപനങ്ങൾക്കും കേന്ദ്ര മലിനീകരണ നിയന്ത്രണ ബോർഡ് (സി.പി.സി.ബി) നോട്ടീസ് അയച്ചു തുടങ്ങി.
ഒറ്റത്തവണ ഉപയോഗിക്കാവുന്ന പ്ലാസ്റ്റിക് ഉത്പന്നങ്ങൾ ദീർഘകാലം പരിസ്ഥിതിയെ ബാധിക്കുമെന്നതിനാൽ ഇവ 2021 ആഗസ്റ്റിൽ കേന്ദ്രം നിരോധിച്ചിരുന്നു. ഇത് നടപ്പാവാത്തതിനെ തുടർന്നാണ് ജൂലായ് ഒന്നു മുതൽ അവയുടെ വില്പന തടയാൻ മലിനീകരണ നിയന്ത്രണ ബോർഡിന് നിർദ്ദേശം നൽകിയത്. ജൂലായ് ഒന്നു മുതൽ വിപണിയിൽ എത്തിച്ചാലോ ഉപയോഗിച്ചാലോ പിഴ ചുമത്തൽ, സ്ഥാപനങ്ങൾ അടച്ചുപൂട്ടൽ തുടങ്ങിയ കർശന നടപടികൾ സ്വീകരിക്കും.
നിരോധനം ജനത്തെ അറിയിക്കണം നൽകിയ സമയ പരിധിക്കുള്ളിൽ നിലവിലുള്ള സ്റ്റോക്ക് വിൽക്കാൻ നോട്ടീസിൽ നിർദ്ദേശമുണ്ട്. സ്‌റ്റോക്കിസ്റ്റുകൾ, കടയുടമകൾ, ഇ കൊമേഴ്‌സ് കമ്പനികൾ, തെരുവു കച്ചവടക്കാർ, മാളുകൾ, മാർക്കറ്റുകൾ, ഷോപ്പിംഗ് സെന്ററുകൾ, സിനിമാ ഹാളുകൾ, ടൂറിസ്റ്റ് ലൊക്കേഷനുകൾ, സ്‌കൂളുകൾ, കോളേജുകൾ, ഓഫീസ് കോംപ്ലക്‌സുകൾ, ആശുപത്രികൾ, പൊതുജനങ്ങൾ എന്നിവരെ ഉത്പാദകർ നിരോധന വിവവരം അറിയിക്കണം.
നിരോധിക്കുന്നവ
പ്ലാസ്റ്റിക് സ്റ്റിക് ഇയർബഡ്
ബലൂണിലെ പ്ലാസ്റ്റിക് സ്റ്റിക്ക്
പ്ലാസ്റ്റിക് കൊടി
മിഠായി വടി
ഐസ്‌ക്രീം സ്റ്റിക്ക്
അലങ്കാര തെർമ്മോകോൾ
പ്ലാസ്റ്റിക് കപ്പ്, പ്ലേറ്റ്, ഗ്ലാസ്, ഫോർക്ക്, തവി, സ്‌ട്രോ, ട്രേ
മധുരപലഹാരങ്ങൾ പൊതിയാനുള്ള പ്ലാസ്റ്റിക്
പ്ലാസ്റ്റിക് ഇൻവിറ്റേഷൻ കാർഡ്
100 മൈക്രോണിൽ താഴെയുള്ള പി.വി.സി ബാനർ