പഴയങ്ങാടി: മാലിന്യം നിറഞ്ഞ് രോഗവാഹിയായി മാടായി മുട്ടം പ്രദേശത്തെ കാവിലെവളപ്പ് തോട്. പഴയ ചൈനക്ലേ കമ്പനിയിൽ നിന്നും ഒഴുക്കിവിട്ട മാലിന്യങ്ങൾ കെട്ടിനിന്നാണ് തോട് ജനജീവിതത്തിന് തന്നെ ഭീഷണിയായിരിക്കുന്നത്.
സമരത്തെ തുടർന്ന് 2016ൽ ക്ളേ കമ്പനി അടച്ച് പൂട്ടിയിരുന്നു. എന്നാൽ നേരത്തെ പുറംതള്ളിയ മാലിന്യം ഇപ്പോഴും തോട്ടിൽ തന്നെ കിടക്കുകയാണ്. മാലിന്യ നിർമ്മാർജനത്തിന് ഫലപ്രദമായ പദ്ധതി തയാറാക്കാത്തതാണ് ഇപ്പോഴത്തെ പ്രശ്നത്തിന് കാരണം. തോട്ടിലൂടെ ഒഴുക്കിവിട്ട മാലിന്യം സമീപവാസികളിൽ പലരെയും മാറാരോഗികളാക്കിക്കഴിഞ്ഞു. കാൻസർ,ത്വക്ക് സംബന്ധമായ രോഗങ്ങൾ, കുടിവെള്ള പ്രശ്നം എന്നീ ദുരിതങ്ങൾ അനുഭവിക്കുകയാണ് ഇവിടുത്തുകാർ. സൾഫർ,മഗ്നീഷ്യം,ലിഗ് നെറ്റ്,ഉയർന്ന തോതിലുള്ള ഇരുമ്പ് സത്ത് എന്നീ രാസപഥാർത്ഥങ്ങൾ അടങ്ങിയ മാലിന്യമാണ് ഇപ്പോൾ കാവിലെവളപ്പ് തോട്ടിൽ കുന്നുകൂടി കിടക്കുന്നത്.
വർഷകാലത്തെ പേടിയാണ്
വർഷക്കാലമാകുന്നതോടെ മാലിന്യവുമായി കലർന്ന് വെള്ളം ഒഴുകുമ്പോൾ പകർച്ചവ്യാധികൾ തുടങ്ങും. മാടായി പഞ്ചായത്ത് തോടിന്റെ മാലിന്യനിർമാർജനത്തിന് വർഷാവർഷം ബഡ്ജറ്റിൽ തുക വകയിരുത്തുന്നുണ്ട്.പക്ഷെ മാലിന്യം നീക്കം ചെയ്യാറില്ല. നീക്കുന്ന മാലിന്യം എവിടെ സംസ്കരിക്കുമെന്നതാണ് പഞ്ചായത്തിനെ അലട്ടുന്നത്. മുൻ പഞ്ചായത്ത് പ്രസിഡന്റ് എസ്. കെ.ആബിദയുടെ അഭ്യർത്ഥന പ്രകാരം സ്ഥലം സന്ദർശിച്ച സബ് കളക്ടർ മാലിന്യം കമ്പനി വളപ്പിൽ തന്നെ സംസ്കരിക്കാമെന്ന നിർദേശം വച്ചത്.എന്നാൽ നിർദേശം നടപ്പിലായില്ല.നിലവിൽ മാലിന്യം നീക്കം ചെയ്യുന്നതിന് പഞ്ചായത്തിന് വലിയ താൽപര്യമില്ലെന്നാണ് മുട്ടം നിവാസികളുടെ പരാതി.