ponnyam
ഏഴരക്കണ്ടത്തിൽ പൊന്ന്യത്തങ്കത്തിന്റെ ഭാഗമായി നടന്ന അഭ്യാസപ്രകടനം

തലശ്ശേരി: വടക്കൻപാട്ടിലെ നായകരായ വീരയോദ്ധാക്കളുടെ ചോര കൊണ്ടെഴുതിയ ചരിത്രം പൊന്ന്യം ഏഴരക്കണ്ടത്തിൽ പുനർജ്ജനിച്ചു. ഏഴുദിനം നീണ്ടുനിൽക്കുന്ന പരിപാടിയിലേക്ക് നാടുമുഴുവൻ ഒഴുകിയെത്തുന്ന കാഴ്ചയ്ക്കാണ് ചരിത്രമുറങ്ങുന്ന ഏഴരക്കണ്ടം സാക്ഷിയാകുന്നത്.

മൂന്നര നൂറ്റാണ്ട് മുൻപ് കടത്തനാടിന്റെ വീരനായകൻ തച്ചോളി ഒതേനനും പന്തീരായിരം ശിഷ്യരുള്ള കതിരൂർ കുഞ്ഞിക്കണ്ണൻ ഗുരിക്കളും പൊന്ന്യത്തെ ഏഴരക്കണ്ടത്തിലാണ് വീരമരണം വരിച്ചത്. അങ്കം ജയിച്ച ഒതേനൻ മറന്നു പോയ മെയ്യായുധം തിരിച്ചെടുക്കാൻ വന്നപ്പോൾ ഗുരിക്കളുടെ ശിഷ്യൻ മായൻ പക്കി, നെൽവയലുകൾക്കിടയിൽ മറഞ്ഞിരുന്ന് ഒതേനന്റെ നെറ്റിക്ക് നാടൻ തോക്ക് കൊണ്ട് വെടി വെച്ചുവെന്നാണ് പാട്ടുകളിലുള്ളത് . ആദ്യം കതിരൂർ ഗുരിക്കളുടെ പ്രിയ ശിഷ്യനായിരുന്ന ഒതേനൻ പിന്നീട് കടത്തനാടനും, തുളുനാടനും പയറ്റിത്തെളിഞ്ഞ അജയ്യനായ യോദ്ധാവായി മാറുകയായിരുന്നു.. 32ാം വയസിൽ ഒളിപ്രയോഗത്തിൽ വീഴുന്നതിന് മുമ്പ് അറുപതിലേറെ അങ്കം ജയിച്ചിരുന്നു ഒതേനൻ.
മൂന്നര നൂറ്റാണ്ടുകൾക്കപ്പുറം പൊടിപാറിയ പൊയ്ത്ത് നടന്ന അതേ സ്ഥലത്ത് കുംഭം 10, 11 എന്ന അതെ തീയതികൾ ഉൾപ്പെടുത്തി കഴിഞ്ഞ ഏഴു വർഷങ്ങളായി നാടിന്റെയാകെ സഹകരണത്തോടെ ഫോക് ലോർ അക്കാഡമി പൊന്ന്യത്തങ്കം കൊണ്ടാടിവരികയാണ്. കൂറ്റൻ കോട്ടയുടെ മാതൃകയിലുള്ള പ്രവേശന കവാടവും, വിശാലമായ വയലിൽ നിരന്നു കിടക്കുന്ന മുളകളിലുള്ള നെയ്്പന്തങ്ങളും വിവിധ തരം ചന്തകളുമെല്ലാം കൂടി മാമാങ്കത്തിന്റെ പ്രതീതിയാണ് ഏഴരക്കണ്ടത്തിൽ.

സ്ഥിരമായി നിർമ്മിച്ച വിശാലമായ അങ്കത്തട്ടിൽ നാട്ടിലും മറുനാട്ടിലും വിദേശത്തുമുള്ള എണ്ണം പറഞ്ഞ കളരിയഭ്യാസികൾ, ആൺ പെൺ വ്യത്യാസമില്ലാതെ വാൾത്തലപ്പിലും ഉറുമിത്തുമ്പിലും വിസ്മയം തീർക്കുകയാണ്. പല തരം ആയുധങ്ങളേന്തിയുള്ള ചടുലമായ ചുവട് വെപ്പുകളും ആകാശത്തിലുയർന്നു പൊങ്ങിയുള്ള അഭ്യാസ പ്രകടനങ്ങളും അഗ്നിഗോളങ്ങൾക്കിടയിലൂടെയുള്ള ആയുധ പ്രയോഗങ്ങളുമെല്ലാം ശ്വാസമടക്കിപ്പിടിച്ചാണ് ആളുകൾ കാണുന്നത്. മലയാളക്കരയിൽ നിന്ന് അന്യം നിന്നുപോകുന്ന ഗോത്ര നാടോടി കലകളുടെ അവതരണങ്ങളും നാടൻ കലകളെക്കുറിച്ചുള്ള പ്രഭാഷണങ്ങളുമെല്ലാം ഇതോടനുബന്ധിച്ച് നടക്കുന്നുണ്ട്.

കതിരൂർ കുഞ്ഞിക്കണ്ണൻ ഗുരിക്കൾ ,കുംഭാല സമുദായത്തിൽ പെട്ട ആളാണെന്നും അതല്ല കണിയാൻ സമുദായക്കാരനാണെന്നും, നീലേശ്വരം ഭാഗത്ത് നിന്ന് കതിരുരിലേക്ക് കുടിയേറിയതാണെന്നും പറയപ്പെടുന്നു. എന്തായാലും വടക്കൻപാട്ടിൽ പറയുന്ന കഥാപാത്രങ്ങെൾക്കും, പരാമർശിക്കപ്പെട്ട സ്ഥലങ്ങൾക്കും തമ്മിൽ ബന്ധമുണ്ടെന്ന് പിൻതലമുറക്കാർ സാക്ഷ്യമായുണ്ട്. ഒതേനൻ വീരചരമം പ്രാപിച്ച നാളിൽ തച്ചോളി മാണിക്കോത്ത് ഒതേനന്റെ തെയ്യം കെട്ടിയാടാറുണ്ട്. അന്നേ ദിവസം രഹസ്യ അറയിൽ സൂക്ഷിച്ച ഒതേനന്റെ ആയുധങ്ങൾ പ്രദർശിപ്പിക്കാറുമുണ്ട്.