shelter-home
ഷെൽട്ടർ ഹോം രേഖാചിത്രം

കാഞ്ഞങ്ങാട്: തനിച്ച് താമസിക്കുന്ന നിരാലംബർക്ക് സുരക്ഷിത പാർപ്പിടമൊരുക്കുക എന്ന ലക്ഷ്യത്തോടെയാണ് ഷെൽട്ടർ ഹോം നിർമ്മിക്കാനുള്ള പദ്ധതിയുമായി കാഞ്ഞങ്ങാട് നഗരസഭ. മേലാംങ്കോട്ട് നഗരസഭ ഭൂമിയിൽ 3.11കോടി രൂപ ചെലവഴിച്ചാണ് ഫ്‌ളാറ്റ് സമുച്ചയം നിർമ്മിക്കുന്നത്.ചിലവിൽ 2.66 കോടി രൂപ കേന്ദ്ര സംസ്ഥാന ഫണ്ടും 45 ലക്ഷം രൂപ നഗരസഭ വിഹിതവുമാണ്. രണ്ട് നിലകളിലായി 10,213 സ്‌ക്വയർ ഫീറ്റിൽ നിർമ്മിക്കുന്ന ഫ്‌ളാറ്റ് ഒന്നര വർഷത്തിനകം യാഥാർത്ഥ്യമാക്കാനാണ് ലക്ഷ്യമിടുന്നത്. കേന്ദ്ര സംസ്ഥാന വിഹിതത്തിൽ 1.15 ലക്ഷം രൂപയുടെ ധനസഹായം നഗരസഭയ്ക്ക് ഇതിനകം ലഭിച്ചിട്ടുണ്ട്. മണ്ണ് പരിശോധന ഉൾപ്പെടെയുള്ള സാങ്കേതിക സഹായം എൽ.ബി.എസ് എൻജിനീയറിംഗ് കോളേജാണ് ചെയ്യുന്നത്. എൽ.ബി.എസ് കോളേജുമായി ഇതുമായി ബന്ധപ്പെട്ട കരാർ ഉടമ്പടി വെക്കാൻ ചർച്ചയിൽ തീരുമാനമായി.
ചെയർപേഴ്‌സൺ കെ.വി.സുജാത, സെക്രട്ടറി റോയി മാത്യു, മിഷൻ കോ ഓർഡിനേറ്റർ ബൈജു,​ എൻജിനീയറിംഗ് കോളേജ് പ്രിൻസിപ്പാൾ ഡോ:ടി.മുഹമ്മദ് ഷേകൂർ, അസി.പ്രൊഫസർ ജയകുമാർ, എൻ.ആർ.അരുൺ എന്നിവർ ചർച്ചകളിൽ പങ്കെടുത്തു.